യുഎഇ, ഖത്തര്‍, ചൈന കട്ടയ്ക്ക് കൂടെ; ഈ അറബ് രാജ്യത്തിന് പുതിയ തലസ്ഥാനം, കോടികള്‍ ചെലവ്
അറബ് ലോകത്തെ പ്രധാന രാജ്യമാണ് ഈജിപ്ത്. കെയ്‌റോ തലസ്ഥാനമായ രാജ്യം സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും നൂറ്റാണ്ടുകള്‍ മുമ്പേ മികവ് തെളിയിച്ചതാണ്. എന്നാല്‍ പുതിയ ഒരു തലസ്ഥാന നഗരം സ്ഥാപിക്കാന്‍ ഈജിപ്ത് ശ്രമം തുടങ്ങി എന്നാണ് വാര്‍ത്ത. ചൈനയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ദക്ഷിണാഫ്രിക്ക, മലേഷ്യ ഉള്‍പ്പെടെ പല രാജ്യങ്ങള്‍ക്കും ഒന്നിലധികം തലസ്ഥാനങ്ങളുണ്ട്. ഭരണ സൗകര്യത്തിനും കാലാവസ്ഥ പരിഗണിച്ചുമാണ് പല രാജ്യങ്ങളും ഒന്നിലധികം തലസ്ഥാന നഗരികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കശ്മീരിന്റെ തലസ്ഥാനം ശ്രീനഗര്‍ ആണെങ്കിലും കാലാവസ്ഥ പരിഗണിച്ച് ഇടയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ജമ്മുവിലേക്ക് മാറ്റാറുണ്ട്. ആന്ധ്രയ്ക്ക് ഒന്നിലധികം തലസ്ഥാനം രൂപീകരിക്കാനുള്ള പദ്ധതി ചര്‍ച്ചയിലുണ്ടായിരുന്നു.

ചൈനയുടെ സര്‍ക്കാര്‍ കമ്പനിയായ ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനിയറിങ് കോര്‍പറേഷന്‍ (സിഎസ്‌സിഇസി) ആണ് ഈജിപ്തില്‍ പുതിയ തലസ്ഥാനം നിര്‍മിക്കുന്നത്. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയുമായി ഈജിപ്ത് കരാര്‍ ഒപ്പുവച്ചു. കെയ്‌റോയില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കാണ് പുതിയ നഗരം.
കെയ്‌റോയിലെ തിരക്ക് കുറയ്ക്കുക, മലിനീകരണം നിയന്ത്രിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ നഗരം സ്ഥാപിക്കുന്നത്. 60 ലക്ഷം പേര്‍ക്ക് താമസിക്കാവുന്ന സൗകര്യം പുതിയ നഗരത്തിലുണ്ടാകും. രാഷ്ട്രീയ-ഭരണ കേന്ദ്രങ്ങളും ഇങ്ങോട്ട് മാറ്റും. 10 ഓഫീസ് ടവറുകള്‍, അഞ്ച് അംബരചുംബികളായ കെട്ടിടങ്ങള്‍, ആഫ്രിക്കയിലെ ഏറ്റവും വലിയ ടവര്‍ എന്നിവയെല്ലാം പുതിയ നഗരത്തിലുണ്ടാകും.
ഈജിപ്തിന്റെ 14 മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം നിലവില്‍ പുതിയ നഗരത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ചൈനയുടെ സാമ്പത്തിക സഹായത്തിലാണ് പ്രധാനമായും ഈ നഗരം നിര്‍മിക്കുന്നത്. ചൈനീസ് എക്‌സിം ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ്, പരമോന്നത കോടതി എന്നിവയെല്ലാം കെയ്‌റോയില്‍ തുടരും. എന്നാല്‍ ഭരണപരമായ ഓഫീസുകള്‍ ഘട്ടങ്ങളായി പൂര്‍ണമായും പുതിയ നഗരത്തിലേക്ക് മാറ്റും.
ഖത്തറും യുഎഇയും നല്‍കുന്ന സഹായം
ഈജിപ്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ പ്രധാനമായും സഹായിക്കുന്ന ഗള്‍ഫ് രാജ്യങ്ങളാണ് ഖത്തറും യുഎഇയും. 750 കോടി ഡോളറിന്റെ നിക്ഷേപമാണ് അടുത്തിടെ ഖത്തര്‍ പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ 2017ല്‍ ഉപരോധം പ്രഖ്യാപിച്ച രാജ്യം കൂടിയാണ് ഈജിപ്ത്. നാല് വര്‍ഷം നീണ്ട ഉപരോധം പിന്‍വലിച്ച ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് വന്‍ നിക്ഷേപം ഖത്തര്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഈജിപ്തില്‍ പുതിയ തീര നഗരം സ്ഥാപിക്കുകയാണ് യുഎഇ. ടൂറിസം, നിക്ഷേപം, വിദേശ കറന്‍സി ശേഖരം വര്‍ധിപ്പിക്കല്‍ എന്നീ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. പടിഞ്ഞാറന്‍ അലക്‌സാണ്ട്രിയയില്‍ 170 കിലോമീറ്ററിലാണ് റാസല്‍ ഹിഖ്മ എന്ന പേരില്‍ പുതിയ നഗരം സ്ഥാപിക്കുന്നത്. പദ്ധതിയിലേക്ക് യുഎഇ 15000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications