ഒടുവില്‍ യുഎഇ മൗനം വെടിഞ്ഞു; 'ബന്ദിയാക്കിയത് നടുക്കുന്ന സംഭവം', ഹമാസിന് വിമര്‍ശനം
ദുബായ്: ഹമാസ് ഇസ്രായേല്‍ യുദ്ധത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി യുഎഇ. ഹമാസിന്റെ നീക്കത്തെ വിമര്‍ശിക്കുകയാണ് യുഎഇ ചെയ്തിരിക്കുന്നത്. ഏറെ കാലമായി തുടരുന്ന നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയുടെ പ്രതികരണം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ ആക്രമണം വളരെ ഗുരുതരമായ കാര്യമാണെന്ന് യുഎഇ പ്രതികരിച്ചതായി എഎഫ്പിയും റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം തുടങ്ങിയത്. ഇസ്രായേല്‍ പ്രത്യാക്രമണവും നടത്തുന്നുണ്ട്. ഇരുഭാഗത്തുമായി 1100ലധികം പേര്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ സേനാ വിന്യാസം തുടങ്ങിയിട്ടുണ്ട്. പിന്തുണച്ച് അമേരിക്കയുടെ പടക്കപ്പലും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് യുഎഇയുടെ പ്രതികരണം.

ഇസ്രായേല്‍ നഗരങ്ങള്‍ ആക്രമിക്കുകയും ഗ്രാമങ്ങള്‍ കീഴടക്കുകയും ചെയ്ത ഹമാസ് നടപടി വളരെ ഗുരുതരമായ കാര്യമാണ്. ഇസ്രായേലി സിവിലിയന്മാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതും നടുക്കമുണ്ടാക്കുന്നതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇരുഭാഗത്തെയും സിവിലിയന്‍മാര്‍ സംരക്ഷിക്കപ്പെടണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഇസ്രായേലുമായി നയതന്ത്ര ബന്ധം ആദ്യമായി സ്ഥാപിച്ച ഗള്‍ഫ് രാജ്യമാണ് യുഎഇ. 2020ലാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും അബ്രഹാം കരാര്‍ ഒപ്പുവച്ചത്. തൊട്ടുപിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായുള്ള കരാര്‍ ഒപ്പുവച്ചിരുന്നു. ഇസ്രായേലും യുഎഇയും സഹകരണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ചര്‍ച്ചകള്‍ നടക്കുന്ന കാര്യം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം തുടങ്ങിയത്. കഴിഞ്ഞ കുറേ കാലമായി തുടരുന്ന പോരിന്റെ തുടര്‍ച്ച കൂടിയാണ് ഹമാസ് ആക്രമണം.
അതിനിടെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധമായിരുന്നു പ്രധാന വിഷയം. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകാതിരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കയും യുഎഇയും ധാരണയിലെത്തുകയും ചെയ്തു.
അതേസമയം, സൗദി റേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്തു. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് സൗദി അറേബ്യ അഭിപ്രായപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രിയും യുഎസ് വിദേശകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തി. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ വേണ്ട നടപടിയുണ്ടാകണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications