ഗള്‍ഫില്‍ ആകാശത്ത് ചോരക്കളി; യുഎഇ വിമാനം തടഞ്ഞ് ഖത്തര്‍ യുദ്ധവിമാനങ്ങള്‍, പൊട്ടിത്തെറിയുടെ വക്കില്‍
ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. യുഎഇയുടെ യാത്രാ വിമാനം ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞുവെന്നാണ് പുതിയ വിവരം. യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇയില്‍ അറസ്റ്റ് ചെയ്തുവെന്ന വെളിപ്പെടുത്തല്‍ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. എന്നാല്‍ യുഎഇയുടെ വാദം ശരിയല്ലെന്ന് ഖത്തര്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളും നല്‍കുന്ന വിശദീകരണം ഗള്‍ഫ് മേഖല കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൂപ്പു കുത്തുന്നുവെന്ന സൂചനകളാണ്...

ബഹ്‌റൈനിലേക്ക്
യുഎഇയുടെ വിമാനം ബഹ്‌റൈനിലേക്ക് പോകുകയായിരുന്നു. ഈ വേളയിലാണ് ഖത്തറിന്റെ യുദ്ധ വിമാനങ്ങള്‍ തടസം സൃഷ്ടിച്ചത്. ഇതോടെ മാസങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ തുടരുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.

ഏതറ്റം വരെയും പോകും
യുഎഇ വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് യുഎഇ അറിയിച്ചു. മേഖലയിലൂടെയുള്ള യാത്ര ഇനിയും തുടരുമെന്നും യുഎഇ വ്യോമയാന അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഖത്തര്‍ പറയുന്നത് മറിച്ചാണ്.

വ്യാജ വാര്‍ത്തയെന്ന് ഖത്തര്‍
യുഎഇയുടെ വാദം ഖത്തര്‍ തള്ളുകയായിരുന്നു. യുഎഇയുടെ യാത്രാ വിമാനം തങ്ങളുടെ സൈനികര്‍ തടഞ്ഞിട്ടില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. പുറത്തുവന്നിട്ടുള്ളത് വ്യാജ വാര്‍ത്തയാണെന്നും ഖത്തര്‍ പറഞ്ഞു.

യുഎഇ പറയുന്നത്
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് യുഎഇ വിമാനം പറന്നിരുന്നത്. വ്യോമ പാതയില്‍ മാറ്റം വരുത്തിയിട്ടുമില്ല. പതിവായി ഇതേ റൂട്ടിലാണ് യുഎഇ വിമാനങ്ങള്‍ ബഹ്‌റൈനിലേക്ക് പോകാറ്. പക്ഷേ, ഇന്ന് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ യാത്രയ്ക്ക് തടസം സൃഷ്ടിച്ചുവെന്നാണ് യുഎഇയുടെ ആരോപണം.

വിമാനം എന്തു ചെയ്തു
എന്നാല്‍ ഖത്തര്‍ സൈന്യം തടസം സൃഷ്ടിച്ചതു മൂലം യുഎഇ വിമാനം എന്തു ചെയ്തുവെന്ന് യുഎഇ വിശദീകരിച്ചില്ല. ഒന്നുകില്‍ യുഎഇ വിമാനം വഴിതിരിച്ചുവിടണം. അല്ലെങ്കില്‍ തിരിച്ച് യുഎഇയില്‍ തന്നെ ഇറക്കണം. ഇതുമായി ബന്ധപ്പെട്ട യാതൊരു സൂചനയും യുഎഇ പുറത്തുവിട്ടിട്ടില്ല.

ഏത് വിമാനമാണ്
ഏത് വിമാനമാണ് ഖത്തര്‍ സൈന്യം തടഞ്ഞത് എന്നും യുഎഇ പുറത്തുവിട്ട വിവരത്തില്‍ ഇല്ല. ഖത്തറിനെതിരേ നിയമപരമായി നീങ്ങുമെന്ന സൂചനയും യുഎഇ നല്‍കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഖത്തര്‍ നടത്തിയ ചില നീക്കങ്ങളാണോ യുഎഇയെ പുതിയ ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ഖത്തര്‍ പരാതി നല്‍കി
യുഎഇയുടെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ഖത്തര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. രണ്ടു തവണ യുഎഇ യുദ്ധവിമാനങ്ങള്‍ പരിധി ലംഘിച്ചു കടന്നുവെന്നാണ് ഖത്തറിന്റെ പരാതി.

ശക്തമായ നടപടി
ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎന്നിലെ ഖത്തര്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും ശത്രുക്കളെ പ്രതിരോധിക്കാനും ഖത്തറിന് അറിയാമെന്നും ഖത്തര്‍ പ്രതിനിധി യുഎന്‍ യോഗത്തില്‍ പറഞ്ഞു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് യുഎഇയുടെ പുതിയ ആരോപണം.

യുഎഇയില്‍ അറസ്റ്റ്
അതിനിടെ ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇയില്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയും പുറത്തുവന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഖത്തര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയെ യുഎഇയില്‍ അറസ്റ്റ് ചെയ്തു തടവിലാക്കിയെന്ന് ആരോപണം. ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ പുറത്ത്
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കവെയാണ് രാജകുടുംബത്തിലെ വ്യക്തിയെ അറസ്റ്റ് ചെയ്തെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. താന്‍ അറസ്റ്റിലായെന്ന വിവരം ശൈഖ് അബ്ദുല്ല തന്നെയാണ് പുറത്തുവിട്ടത്. ഇക്കാര്യം വിവരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. താന്‍ യുഎഇയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് വീഡിയോ.

ഉത്തരവാദി ശൈഖ് മുഹമ്മദ്
ഞായറാഴ്ചയാണ് ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയുടെ വീഡിയോ പുറത്തുവന്നത്. യുഎഇ തലസ്ഥാനത്ത് താന്‍ തടവിലാക്കപ്പെട്ടുവെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ശൈഖ് മുഹമ്മദ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തടവിലാക്കാന്‍ കാരണം
ശൈഖ് മുഹമ്മദ് ആരാണെന്ന് അദ്ദേഹം വിവരിക്കുന്നില്ല. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശൈഖ് അബ്ദുല്ല ഉത്തരവാദി എന്ന് സൂചിപ്പിക്കുന്നത് എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. എന്താണ് തടവിലാക്കാനുള്ള കാരണമെന്നും വ്യക്തതയില്ല. ഞാനിപ്പോള്‍ അബൂദാബിയിലാണ്. ശൈഖ് മുഹമ്മദിന്റെ അതിഥിയായിട്ടാണ് യുഎഇയില്‍ എത്തിയത്. ഇപ്പോള്‍ എന്റെ അവസ്ഥ മാറിയിട്ടുണ്ട്. എന്നെ തടവിലാക്കിയിരിക്കുകയാണ്- ഇതാണ് വീഡിയോയില്‍ ശൈഖ് അബ്ദുല്ല പറയുന്നത്.

ഖത്തര്‍ വിമര്‍ശകന്‍
ഖത്തര്‍ അമീര്‍ ആയിരുന്ന ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ മകനാണ് ശൈഖ് അബ്ദുല്ല. ഇദ്ദേഹം രാജകുടുംബവുമായി അത്ര രസത്തിലല്ല. പലപ്പോഴും ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായം പറയുന്ന വ്യക്തിയുമാണ്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ശൈഖ് അബ്ദുല്ല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൗദിയും യുഎഇയും ബഹ്റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണിലാണ്. തര്‍ക്കം രൂക്ഷമായ വേളയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞതോടെയാണ് അദ്ദേഹം മാധ്യമങ്ങളില്‍ ദിവസങ്ങള്‍ നിറഞ്ഞുനിന്നത്.

സൗദിയെ പിന്തുണച്ചു
മാത്രമല്ല, ഖത്തറിനെതിരേ സൗദിയും യുഎഇയും സ്വീകരിച്ച നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ശൈഖ് അബ്ദുല്ലയുടെ അഭിമുഖങ്ങള്‍ സൗദിയിലേയും യുഎഇയിലേയും മാധ്യമങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയുമുണ്ടായി. ശൈഖ് അബ്ദുല്ലയെ ഖത്തര്‍ ഭരണാധികാരിയാക്കാന്‍ സൗദിയും യുഎഇയും ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു.

അബ്ദുല്ലയെ വച്ച് കളിക്കുമോ?
കഴിഞ്ഞ സപ്തംബറില്‍ അറബ് ലീഗ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ പുറത്താക്കി ശൈഖ് അബ്ദുല്ലയെ ഭരണാധികാരിയാക്കാനാണ് സൗദിയും യുഎഇയും ശ്രമിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് പറഞ്ഞത്.

അഹ്മദ് ഷെഫീഖിന്റെ വീഡിയോ
മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹ്മദ് ഷെഫീഖ് സമാനമായ ഒരു വീഡിയോ കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ടിരുന്നു. യുഎഇയില്‍ തന്നെ തടവിലാക്കിയെന്നായിരുന്നു ഷെഫീഖിന്റെ ആരോപണം. 2012 മുതല്‍ യുഎഇയില്‍ താമസിച്ചുവരികയാണ് അഹ്മദ് ഷെഫീഖ്. നവംബറില്‍ തന്നെയാണ് ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരിയെ സൗദിയില്‍ തടവിലാക്കിയെന്ന വാര്‍ത്ത വന്നതും. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി സഅദ് സൗദിയിലെത്തിയ ശേഷം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ലബ്നാനിലേക്ക് തിരിച്ചുവരാന്‍ വൈകി. ഈ വേളയിലാണ് സഅദിനെ സൗദിയില്‍ തടവിലാക്കിയെന്ന വാര്‍ത്തകള്‍ വന്നത്.












Click it and Unblock the Notifications