യുഎഇ, സൗദി തിരിച്ചടി നേരിടുന്നു; ഇന്ത്യയുടെ മറുതന്ത്രത്തില്‍ നേട്ടം റഷ്യയ്ക്കും അമേരിക്കയ്ക്കും
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇടപാട് ലോക വിപണി ഉറ്റുനോക്കുന്നതാണ്. കാരണം, ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഓരോ മാസവും ദശലക്ഷക്കണക്കിന് കോടികളുടെ ഇടപാടാണ് ഇന്ത്യയും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും തമ്മില്‍. ഇന്ത്യയുമായുള്ള ഇടപാടില്‍ ഏത് രാജ്യമാണ് നേട്ടം കൊയ്യുന്നത് എന്നതാണ് നോട്ടം.
ജൂണ്‍ മാസത്തിലെ രണ്ടാം ആഴ്ചയാണ് ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം തുടങ്ങിയത്. ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തിയോടെ യുദ്ധം കൊടുമ്പിരി കൊണ്ടു. ഇറാനെ ആക്രമിച്ച് അമേരിക്ക കൂടി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നു. ഇതോടെ പ്രധാന ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ എത്തുന്ന പ്രധാന പാതയാണിത്.

ഹോര്‍മുസ് ഇറാന്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വ്യാപാര പ്രതിസന്ധി ഇന്ത്യ മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ജൂണ്‍ മാസത്തില്‍ പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ വന്‍തോതില്‍ വര്‍ധിപ്പിച്ചത്. അതായത്, റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടി. പശ്ചിമേഷ്യയില്‍ നിന്ന് മൊത്തം വാങ്ങുന്ന എണ്ണയേക്കാള്‍ റഷ്യയില്‍ നിന്ന് മാത്രം ഇന്ത്യ വാങ്ങുന്നുണ്ട് എന്ന് കെപ്ലര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
നേട്ടം കൊയ്ത് റഷ്യയും അമേരിക്കയും
നിലവിലുള്ള കണക്ക് അടിസ്ഥാനമാക്കിയാല്‍ ജൂണ്‍ മാസത്തിലെ ഓരോ ദിവസവും റഷ്യയില്‍ നിന്ന് ഇന്ത്യ 22 ലക്ഷം ബാരല്‍ എണ്ണ വാങ്ങും. രണ്ട് വര്‍ഷത്തിനിടെ ഇത്രയും അധികം റഷ്യയില്‍ നിന്ന് വാങ്ങുന്നത് ആദ്യമാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നതിന്റെ മൊത്തം അളവിനേക്കാള്‍ കൂടുതല്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നുണ്ട്.
ആഗോള കപ്പല്‍ ചരക്കുകളുടെ കണക്കുകള്‍ പരിശോധിച്ചാണ് കെപ്ലര്‍ ഡാറ്റ തയ്യാറാക്കുക. ഇത് അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മെയ് മാസത്തില്‍ ഓരോ ദിവസവും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത് 19.6 ലക്ഷം ബാരലായിരുന്നു. അതേസമയം, അമേരിക്കയില്‍ നിന്ന് കഴിഞ്ഞ മാസം 2.8 ലക്ഷം ബാരല്‍ വാങ്ങിയിടത്ത് ജൂണില്‍ 4.39 ലക്ഷം ബാരലായി ഉയര്‍ന്നു.
എണ്ണ വരുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്
അതായത്, ഇന്ത്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ ജൂണില്‍ നേട്ടമുണ്ടാക്കിയത് റഷ്യയും അമേരിക്കയുമാണ്. ഈ രണ്ട് രാജ്യങ്ങളുടെയും ചരക്കുകള്‍ ഹോര്‍മുസ് വഴിയല്ല വരുന്നത്. സൗദി, യുഎഇ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണയും ഖത്തറില്‍ നിന്ന് വാതകവും വരുന്നത് ഹോര്‍മുസ് വഴിയാണ്. ഇതുവഴിയുള്ള ചരക്കുകടത്ത് പ്രമുഖ കപ്പല്‍ കമ്പനികള്‍ താല്‍ക്കാലികമായി കുറച്ചിട്ടുണ്ട്.
ഇറാന്‍ ഹോര്‍മുസ് അടയ്ക്കുക കൂടി ചെയ്താല്‍ ഒരു കപ്പല്‍ സര്‍വീസും സാധ്യമാകില്ല. മൊത്തം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജൂണിലെ ഓരോ ദിവസവും ഇന്ത്യ 20 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനാണ് സാധ്യത എന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ വാങ്ങിയതിനേക്കാള്‍ വളരെ കുറവാണിത്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങൡ നിന്നാണ്.












Click it and Unblock the Notifications