ഇറാനെ ആക്രമിക്കുന്നത് ഞങ്ങളുടെ മണ്ണിലൂടെ വേണ്ട, വ്യോമപാത തുറന്ന് നൽകില്ലെന്ന് യുഎഇ
ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ അതിർത്തി, വ്യോമമേഖല, സമുദ്രാതിർത്തി എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. സ്വന്തം മണ്ണിലോ വ്യോമമേഖലയിലോ സമുദ്രാതിർത്തിയിലോ ഒരു ശത്രുതാപരമായ നീക്കങ്ങൾക്കും പിന്തുണ നൽകില്ലെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചു.
ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന അമേരിക്കൻ സൈനിക സാന്നിധ്യം ഇറാനുമായുള്ള സംഘർഷ ഭീതി വർദ്ധിപ്പിക്കുകയാണ്. ഇത് മേഖലയെ ആകെ തന്നെ ആശങ്കയിലുമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
ഈ നിലപാടിന് പിന്നിൽ സംഘർഷങ്ങൾ വർധിക്കുമ്പോൾ നിഷ്പക്ഷത പാലിക്കുകയും നയതന്ത്രത്തിനും സംയമനത്തിനും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന യുഎഇയുടെ നയമുണ്ട്. സമാധാന ചർച്ച, സംഘർഷം ഒഴിവാക്കൽ, രാജ്യത്തിന്റെ പരമാധികാരം എന്നിവക്ക് വലിയ മൂല്യം യുഎഇ കൽപ്പിക്കുന്നുവെന്ന് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ചുമതല വഹിക്കുന്ന അഫ്ര അൽ ഹമേലി അബുദാബി വ്യക്തമാക്കി.

ഇറാനെതിരായ ഏതൊരു സൈനിക നീക്കത്തിനും ലോജിസ്റ്റിക് പിന്തുണ നൽകുന്നത് നിരോധിച്ചിട്ടുണ്ടെന്നും യുഎഇ വക്താവ് കൂട്ടിച്ചേർത്തു. യുഎസ് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾ നിറഞ്ഞ മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിൽ യുഎഇ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
അമേരിക്കയുടെ സൈനിക സാന്നിധ്യം മേഖലയിൽ വർധിക്കുന്നതിനിടെ, ഇറാനിലെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനി ടെഹ്‌റാനിലെ ഒരു ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ . ഈ ബങ്കറിൽ പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുമുണ്ടെന്നാണ് സൂചന.
യുദ്ധമുണ്ടായാൽ ഇറാനിലെ ഭരണവർഗത്തെ സംരക്ഷിക്കുക എന്നതാണ് ഈ സംവിധാനങ്ങളുടെ ലക്ഷ്യം. ഇറാൻ ആഭ്യന്തര സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം വ്യക്തമാണ്. ഇതിനിടെ ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ രൂക്ഷമാണെന്നും ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടുവെന്നും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി ഘടകങ്ങൾ ചേർത്തുകൊണ്ട് യുഎഇയും ഇറാനും തമ്മിൽ സങ്കീർണ്ണമായ ഒരു ബന്ധമാണുള്ളത്. നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും വ്യാപാരം വർധിക്കുകയും ചെയ്തെങ്കിലും, ഇറാനെതിരായ സൈനിക നീക്കങ്ങൾക്കുള്ള ലോഞ്ചിംഗ് പാഡായി സ്വന്തം പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications