പാകിസ്താന് യുഎഇ വില പറയുമോ? ഫൗജി ഫൗണ്ടേഷന്‍ വില്‍ക്കും, പിഐഎ വില്‍പ്പനയ്ക്ക് പിന്നാലെ
ഇസ്ലാമാബാദ്: ഔദ്യോഗിക വിമാന കമ്പനി വില്‍പ്പന നടത്തിയ പിന്നാലെ സൈനിക നിയന്ത്രണത്തിലുള്ള പ്രധാന കമ്പനി ശൃംഖലയും പാകിസ്താന്‍ വില്‍ക്കുന്നു. ഫൗജി ഫൗണ്ടേഷന്‍ എന്ന കമ്പനിയുടെ ഓഹരിയാണ് യുഎഇക്ക് വില്‍ക്കാന്‍ ചര്‍ച്ച നടക്കുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ കമ്പനി പാകിസ്താനിലെ പ്രധാന പൊതുമേഖലാ സ്ഥാപനമാണ്.
യുഎഇയുമായി ചര്‍ച്ച നടക്കുകയാണെന്നും വൈകാതെ ധാരണയിലെത്തുമെന്നും ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. 100 കോടി ഡോളറിന്റെ ഓഹരിയാണ് യുഎഇക്ക് വില്‍ക്കുക. ഇതോടെ സര്‍ക്കാരിനുള്ള ബാധ്യതകള്‍ തീരുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് 31ന് മുമ്പ് എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ജൂണ്‍ വരെയുള്ള പാകിസ്താന്റെ വിദേശകടം 9180 കോടി ഡോളറാണ്. മൊത്തം പൊതുകടം 28680 കോടി ഡോളറും.

സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്താന്‍. സഹായിക്കാമെന്ന് ഐഎംഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത ചെലവ് ചുരുക്കലും ലാഭകരമല്ലാത്ത കമ്പനികള്‍ വിറ്റഴിക്കുകയും വേണമെന്നാണ് നിബന്ധന. ഇതുപ്രകാരമാണ് പണം കണ്ടെത്താന്‍ വേണ്ടി ഭേദപെട്ട കമ്പനികളും വില്‍ക്കുന്നത്. സൗദി അറേബ്യ 500 കോടി ഡോളറും ചൈന 400 കോടി ഡോളറും യുഎഇ 300 കോടി ഡോളറും പാകിസ്താനെ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുഎഇയുടെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍ണായക ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും നടത്തിയത്. ഇതിന് പിന്നാലെയാണ് ഫൗജി ഫൗണ്ടേഷന്റെ ഓഹരി യുഎഇക്ക് വില്‍ക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചത്. അടുത്തിടെ പാകിസ്താന്റെ ഔദ്യോഗിക വിമാന കമ്പനിയായ പിഐഎ ലേലത്തില്‍ വിറ്റിരുന്നു. വാങ്ങാന്‍ ആദ്യം തയ്യാറായി എത്തിയ ഫൗജി ഫൗണ്ടേ,ന്‍ പിന്നീട് പിന്മാറുകയായിരുന്നു.
പിഐഎ വാങ്ങിയത് ആരിഫ് ഹബീബ് ഗ്രൂപ്പ്
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഏകദേശം 13,500 കോടി രൂപയുടെ ലേലത്തുകയ്ക്കാണ് ആരിഫ് ഹബീബ് ഗ്രൂപ്പ് സ്വന്തമാക്കിയത്. ലക്കി സിമന്റ്, എയര്‍ബ്ലൂ, ആരിഫ് ഹബീബ് തുടങ്ങിയ മൂന്ന് കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഔദ്യോഗിക വിമാനക്കമ്പനി വാങ്ങാന്‍ വിദേശികള്‍ക്കോ വിദേശ കമ്പനികള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല.
75 ശതമാനം ഓഹരികളാണ് ലേലത്തില്‍ വച്ചത്. ആരിഫ് ഹബീബ് ഗ്രൂപ്പ് 90 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനിയുടെ ശേഷിക്കുന്ന 25% ഓഹരികള്‍ വാങ്ങേണ്ടതുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപ പുതിയ നിക്ഷേപം നടത്താനും കമ്പനി ബാധ്യസ്ഥരാണ്. ഈ നിക്ഷേപം വിമാനങ്ങളുടെ നിലവാരം മൊത്തത്തിലുള്ള സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും.












Click it and Unblock the Notifications