പുതുവല്‍സരാഘോഷങ്ങള്‍ വര്‍ണാഭമാക്കി യുഎഇ; ശ്രദ്ധാ കേന്ദ്രമായി ബുര്‍ജ് ഖലീഫ
ദുബായ്: കൊവിഡ് ആശങ്കകള്‍ക്കിടയിലും പുതുവര്‍ഷ ആഘോഷങ്ങള്‍ കെങ്കേമമാക്കി യുഎഇ. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചായിരുന്നു യുഎഇ നഗരങ്ങള്‍ പുതുവത്സര ആഘോഷങ്ങളില്‍ മുഴുകിയത്. വെടിക്കെട്ടുകളും ലേസര്‍ ഷോകളുമൊരുക്കിയ വിസ്മയക്കാഴ്ച്ചകളില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയവര്‍ ആടിയും പാടിയും പരസ്പരം ഉച്ചത്തില്‍ ആശംസകള്‍ പങ്കിട്ടും പുതുവര്‍ഷത്തെ പുണര്‍ന്നു.
കണ്ണുകള്‍ക്ക് വര്‍ണവിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗത്തിലൂടെയായിരുന്നു യുഎഇ പുതുവത്സരത്തെ വരവേറ്റത്. അബുദാബിയില്‍ 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗങ്ങളടക്കം 33 സ്ഥലങ്ങളിലാണ് ആകാശത്ത് വര്‍ണ്ണപ്പൂക്കള്‍ വിടര്‍ന്നത്.
എല്ലാ വര്‍ഷവും പോലെ കൊവിഡ് കാലത്തെ പുതുവല്സരത്തിലും യുഎഇയിലെ പ്രാധാന ആകര്‍ഷണ കേന്ദ്രമായി ബുര്‍ജ് ഖലീഫ മാറി. ഏറെ നിണ്ടു നിന്ന വെടിക്കെട്ട് വിസ്മയങ്ങള്‍ ആളുകളെ അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തു. കൃത്യം 12മണിക്ക് ഹാപ്പി ന്യൂ ഇയര്‍ ഫ്രം ദുബായ് എന്ന സന്ദേശം ബുര്‍ജില്‍ തെളിഞ്ഞു. വിവിധ ലോക രാജ്യങ്ങളിലെ പുതുവല്സരപ്പിറവിക്കൊപ്പം അവയുടെ പതാകകള്‍ കൊണ്ട്് ബുര്‍ജ് ഖലീഫ ആവരണം ചെയ്യപ്പെട്ടു . യുഎഇ സമയം 7ന് ലോകത്താദ്യമായി പുതുവല്‍സരത്തെ വരവേറ്റ ജപ്പാന്റേയും തെക്കന്‍ കൊറിയയുടേയും പതാകകള്‍ കാണിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രാദേശിക സമയം 10. 30ന് ഇന്ത്യയുടെ ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ ജ്വലിച്ച് നിന്നു. ഒപ്പം ശ്രീലങ്കയുടേയും പാക്കിസ്താന്റേയും പതാകകളും. യുഎഇയില്‍ പ്രവാസി പ്രാതിനിധ്യമുള്ള ഏതാണ്ടെല്ലാ രാജ്യങ്ങളുടേയും പതാകകള്‍ ബുര്‍ജ് ഖലീഫയുടെ ഉയരങ്ങളില്‍ തെളിഞ്ഞു. 15 രാജ്യങ്ങളിലെ 120 പേര് ചേര്‍ന്ന് നേതൃത്വം നല്കിയ ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് 7 മിനിറ്റോളം നീണ്ടു നിന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെടിക്കെട്ട് കാണാന്‍ ആളുകള്‍ കുറവായിരുന്നെങ്കിലും ആവേശത്തിന് ഒട്ടും കുറവ് വന്നില്ല. സ്വദേശികളും വിദേശികളും അടക്കം നൂറുകണക്കിന് ആളുകള്‍ ദുബായിലും അബുദാബിയിലും മറ്റ എമിറേറ്റ്സുകളിലും നടന്ന ആഘോഷങ്ങളില്‍ പങ്കുകൊണ്ടു.
ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ 23 ഇടങ്ങളിലാണ് ദുബായില്‍ വെടിക്കെട്ടുകളും ലേസര്‍ ഷോകളും മറ്റ് ആഘോഷ പരിപാടികളും നടന്നത്. പുതുവല്‍സര രാവില്‍ ലോകത്തെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ വെടിക്കെട്ടിനാണ് അബുദാബി നഗരം സാക്ഷിയായത്. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ ഗിന്നസ് റെക്കോഡില്‍ വെടിക്കെട്ട് ഇടം നേടി. അല്‍ വത്ബയിലെ ആകാശത്തായിരുന്നു പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് വെടിക്കെട്ട് നടന്നത്