ടൂറിസ്സ് വിസയില്‍ വമ്പന്‍ മാറ്റവുമായി യുഎഇ: 1050 ദിർഹത്തിന് മുപ്പത് ദിവസം എവിടേയും കറങ്ങാം
ദുബായി: ടൂറിസ്സ് വിസയില്‍ പുതിയ ഭേദഗതികളുമായി യു എ ഇ. മുപ്പത് ദിവസത്തേക്കോ അറുപത് ദിവസത്തേക്കോ സന്ദർശക വിസയില്‍ രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി രാജ്യത്തിന് അകത്ത് വെച്ച് തന്നെ അവരുടെ സന്ദർശന കാലാവധി നീട്ടാന്‍ സാധിക്കും. പരമാവധി 30 ദിവസത്തേക്ക് കൂടിയാവും കാലാവധി വർധിപ്പിക്കാനാവുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ഐസിപിയുടെ (ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാം) ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ ഒന്നായിട്ടാണ് പുതിയ ഇളവിനെ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ യുഎഇ വിസ നടപടിക്രമങ്ങളിൽ കാതലായ നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതിനുശേഷം, രാജ്യത്തിന്റെ സന്ദർശന വിസ സംവിധാനത്തിലും വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു.

ഐസിപി വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച്, 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസ കൈവശമുള്ള വ്യക്തികൾക്ക് ഇപ്പോൾ 30 ദിവസം കൂടി രാജ്യത്ത് കഴിയാനുള്ള അനുമതി ലഭിക്കും. കൂടാതെ ഒരു സന്ദർശന വിസ ഉടമയുടെ പരമാവധി കാലാവധി വിപുലീകരണ കാലയളവ് 120 ദിവസമാണെന്നും സർക്കാർ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
രാജ്യത്തിനുള്ളിൽ വിസിറ്റ് വിസ വിപുലീകരണം സാധ്യമാണെന്നും ഇതിനായി "വിസ നൽകുന്ന ഏജന്റുമായി വിപുലീകരണത്തിനായി ബന്ധപ്പെടണം" എന്നും അമേർ സെന്ററിന്റെ കോൾ സെന്റർ പ്രതിനിധി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. "ഒരു വിനോദസഞ്ചാരിയോ സന്ദർശകനോ രാജ്യത്തെ അവരുടെ താമസം നീട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് വിസ ഇഷ്യൂ ചെയ്യുന്ന ട്രാവൽ ഏജന്റിനെയോ സ്പോൺസറെയോ ബന്ധപ്പെടണം," അറേബ്യൻ ബിസിനസ് സെന്ററിലെ ഓപ്പറേഷൻ മാനേജർ ഫിറോസ് ഖാനും പറയുന്നു.
വിസ ഇഷ്യൂ ചെയ്ത നിങ്ങളുടെ സ്പോൺസർ അല്ലെങ്കിൽ ട്രാവൽ ഏജന്റിന് കാലാവധി നീട്ടല്‍, ആവശ്യമായ ഡോക്യുമെന്റേഷൻ, ഫീസ്, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വിസ ഉടമകള്‍ക്ക് നൽകാൻ കഴിയണം. നിലവിലെ വിസയുടെ കാലാവധി കാലഹരണപ്പെടുന്നതിന് മുമ്പ് ഈ പ്രക്രിയ ആരംഭിക്കേണ്ടത് പ്രധാനമാണെന്നും ഫിറോസ് ഖാന്‍ കൂട്ടിച്ചേർക്കുന്നു.
ആവശ്യമായ രേഖകള്‍ സമർപ്പിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വിസ കാലാവധി ദീർഘിച്ചതായുള്ള അറിയിപ്പ് ലഭിക്കും. 1050 ദിർഹമാണ് ഒരു മാസത്തേക്ക് വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ്. "സ്‌പോൺസർ ചെയ്‌ത വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെ ആശ്രയിച്ച് അല്ലെങ്കിൽ അത് ആവശ്യമായി വന്നേക്കാവുന്ന മറ്റേതെങ്കിലും കാരണങ്ങളാൽ വിസയുടെ ആകെ ഫീസ് വ്യത്യാസപ്പെടാം," എന്നും സർക്കാർ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications