മൊറോക്കോയില്‍ മരണം 2000 കടന്നു: 'എയർ ബ്രിഡ്ജ്' തുറക്കാന്‍ യുഎഇ, വന്‍ നിർദേശങ്ങള്‍
റബറ്റ്: മൊറോക്കയിലെ അതിദാരുണമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. 2200 ല്‍ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 1500 ലേറെ പേരുടെ നില ഗുരുതരമാണ്. അൽ ഹാവുസ് പ്രവിശ്യയിലാണ് കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും രക്ഷാ പ്രവർത്തകർക്ക് ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് മൊറോക്കോയില്‍ ഉണ്ടായതെന്നാണ് റിപ്പോർട്ട്.
മൊറോക്ക നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ രംഗത്ത് വന്നു. ഇന്ത്യ, ഫ്രാൻസ്, യു എ ഇ, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങൾ സഹായങ്ങൾ വാഗ്ദാനം ചെയ്തു. മൊറോക്കോയ്ക്കുള്ള സഹായം ഏകോപിപ്പിക്കാന്‍ യു എ ഇ സജീവമായി തന്നെ രംഗത്തുണ്ട്. മൊറോക്കോയ്ക്ക് സഹായം എത്തിക്കാന്‍ ഒരു എയർ ബ്രിഡ്ജ് തുറക്കാൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തിന് വേണ്ട പോലീസ് റെസ്ക്യൂ, ആംബുലൻസ് ടീമുകളെ മൊറോക്കയിലേക്ക് അയക്കാന്‍ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നിർദേശിച്ചതായി ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. "വിനാശകരമായ ഭൂകമ്പത്തിൽ എന്റെ സഹോദരൻ മുഹമ്മദ് ആറാമൻ രാജാവിനോടും മൊറോക്കോയിലെ ജനങ്ങളോടും ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഷ്‌കരമായ സമയത്ത് യുഎഇയിലുള്ള ഞങ്ങൾ മൊറോക്കോ രാജ്യത്തോടൊപ്പം നിൽക്കുകയും ദുരിതബാധിതരായ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, "മുഹമ്മദ് ബിൻ സായിദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോലീസ്, റെസ്ക്യൂ, ആംബുലൻസ് ടീമുകളെ അയക്കുന്നതിനോടൊപ്പം മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷനോടും അതിന്റെ ചാരിറ്റബിൾ അഫിലിയേറ്റുകളോടും ആവശ്യമായ ആശ്വാസം നൽകാൻ ആവശ്യപ്പെട്ടു. ഇതിൽ ഭക്ഷണവും പാർപ്പിട ഉപകരണങ്ങളും ഉൾപ്പെടാം. അതേസമയം, മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ തുടർന്നുണ്ടായ ജീവഹാനിയിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുഖത്തിന്റെ ഈ വേളയിൽ മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു.
"മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഖത്തിന്റെ ഈ വേളയിൽ, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. " മോദി എക്സില്‍ കുറിച്ചു.












Click it and Unblock the Notifications