ഇന്ത്യക്കാര്‍ക്ക് യുഎഇ വിസ നിര്‍ത്തിയോ? ഇതാണ് യാഥാര്‍ഥ്യം... പക്ഷേ, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
ദുബായ്: ഇന്ത്യയുള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിയെന്ന പ്രചാരണത്തിന്റെ വസ്തുത എന്താണ്? കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമായ യുഎഇ ഇനി വിസ നല്‍കില്ല എന്ന പ്രചാരണം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
ഈ പ്രചാരണം പൂര്‍ണമായും ശരിയല്ല എന്നാണ് വിസ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ യുഎഇയിലെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്ന് ജോലി തേടുന്നവരെ ബാധിക്കും. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും തിരിച്ചടിയാണ്. നിയമനത്തില്‍ വൈവിധ്യവല്‍ക്കരണം വേണമെന്നാണ് യുഎഇയുടെ നിര്‍ദേശം.

തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചില രാജ്യക്കാരെ മാത്രമായി ഇനി ഒരു കമ്പനിക്കും റിക്രൂട്ട് ചെയ്യാന്‍ പറ്റില്ല എന്നതാണ് യുഎഇയിലെ പ്രധാന മാറ്റം. പകരം വ്യത്യസ്ത രാജ്യങ്ങൡ നിന്നുള്ളവര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കണം. ഒരേ രാജ്യക്കാര്‍ക്ക് വേണ്ടിയുള്ള വിസ അപേക്ഷ വന്നാല്‍ നിരസിക്കപ്പെട്ടേക്കാം. തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തണം എന്നാണ് നിര്‍ദേശം.
ഒരു കമ്പനി ജോലിക്കാരെ തേടുമ്പോള്‍ ആദ്യ 20 ശതമാനം വ്യത്യസ്ത രാജ്യക്കാരെ തിരഞ്ഞെടുക്കണം. ഒരേ രാജ്യത്ത് നിന്നുള്ളവരെ മാത്രം ജോലിക്കെടുക്കാന്‍ അനുവദിക്കില്ല. ആദ്യ 20 ശതമാനം തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ നിര്‍ദേശം പാലിച്ചാല്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക സന്ദേശം ലഭിക്കും. തുടര്‍ന്ന് ഇഷ്ടമുള്ള രാജ്യക്കാരെ തൊഴിലാളിയായി സ്വീകരിക്കാന്‍ സാധിക്കും.
ഒരേ രാജ്യക്കാരെയാണ് നിയമിക്കുന്നത് എന്ന് ബോധ്യമായാല്‍ വിസ അനുവദിക്കില്ല. വ്യത്യസ്തമായ രാജ്യക്കാര്‍ക്ക് വിസയ്ക്ക് വേണ്ടി അപേക്ഷ വന്നാല്‍ അനുവദിക്കുകയും ചെയ്യും. നിശ്ചിത ശതമാനം വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്ന കമ്പനിക്ക് പ്രയാസങ്ങളുണ്ടാകില്ല. അതേസമയം, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് യുഎഇ നിര്‍ത്തിവച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് ദുബായ് കേന്ദ്രമായുള്ള പ്രൊഫൗണ്ട് ബിസിനസ് സര്‍വീസ് എംഡി ഫിറോസ് ഖാന്‍ പറഞ്ഞു.
യുഎഇയിലെ പല കമ്പനികളിലും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. വീണ്ടും ഇതേ കമ്പനികള്‍ ഈ രാജ്യക്കാര്‍ക്ക് വിസ ആവശ്യപ്പെട്ടാല്‍ തടസം നേരിടും. പകരം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെയും നിയമിക്കേണ്ടി വരും. അതേസമയം, ഫ്രീസോണിലെ കമ്പനികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications