ഷോപ്പിങ് മാളില്‍ മുലയൂട്ടിക്കൊണ്ടിരുന്ന യുവതിയെ പുറത്താക്കി
ലണ്ടന്‍: പേരുകേട്ട ഷോപ്പിങ് മാളില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയെ മുലയൂട്ടിക്കൊണ്ടിരിക്കെ പുറത്താക്കിയതായി പരാതി. ബ്രിട്ടനിലെ ലീസ്റ്റര്‍ പ്രിമാര്‍ക്ക് മാളില്‍വെച്ച് കഴിഞ്ഞദിവസമായിരുന്നു സംഭവം. കുഞ്ഞിനെ അമ്മയുടെ മാറില്‍ നിന്നും ബലമായി വേര്‍പെടുത്തിയ ഒരു ഗാര്‍ഡ് ഇരുവരെയും മാളില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ഫ്രീ ടു ഫീഡ് എന്ന ഫേസ്ബുക്ക് സപ്പോര്‍ട്ട് ഗ്രൂപ്പില്‍ കരോലിന്‍ സ്റ്റാര്‍മര്‍ എന്ന യുവതിയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം കുറിച്ചട്ടത്. ഒമ്പതുമാസം പ്രായമുള്ള തന്റെ കുട്ടിക്ക് മുലയൂട്ടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവമെന്ന് കരോലിന്‍ പറയുന്നു. മാളിലെ ഒരു മൂലയിലിരുന്ന മുലയൂട്ടുകയായിരുന്ന കരോലിനെ അവിടെനിന്നും മാറ്റാനായി കുട്ടിയെ ഗാര്‍ഡ് ബലമായി എടുത്തുകൊണ്ടു പോയി. കുട്ടിയെ വേണമെങ്കില്‍ തനിക്ക് പിന്നാലെ വരണമെന്നായിരുന്നു ഗാര്‍ഡിന്റെ നിര്‍ദ്ദേശമെന്ന് കരോലിന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു അമ്മയുടെ അവകാശത്തെയാണ് ഗാര്‍ഡ് ഇല്ലാതാക്കിയതെന്ന് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ ബലമായി എടുത്തുകൊണ്ടുപോയതാണ് കരോലിനെ വിഷമിപ്പിക്കുന്നത്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മാള്‍ മാനേജര്‍ അറിയിച്ചു. തങ്ങളുടെ മാളില്‍ കുട്ടികള്‍ക്ക് മുലയൂട്ടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഗാര്‍ഡ് കുറ്റക്കാരനാണെങ്കില്‍ നടപടി ഉറപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വഴി പ്രിമാര്‍ക്ക് മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications