നാടുകടത്താന്‍ യുകെയും; ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ വ്യാപക റെയ്ഡ്, 600 ലേറെ അറസ്റ്റ്
ലണ്ടന്‍: യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍ അനധികൃത കുടിയേറ്റത്തിനെതിരേ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിലാകെ വലിയ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. അനധികൃതമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന നൂറിലേറെ ഇന്ത്യക്കാരെയാണ് കൈകളില്‍ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കു തിരിച്ചയച്ചത്. യു.എസിന്റെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു.
ട്രംപിന്റെ നയങ്ങള്‍ യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലും വലിയ സ്വാധീനം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ അമേരിക്കയുടെ പാത പിന്തുടര്‍ന്ന് യു.കെയിലെ ലേബര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരും തങ്ങളുടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ വ്യാപകമായ റെയ്ഡാണ് നടക്കുന്നത്. ഇവിടങ്ങളില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ പിടികൂടുകയാണ് ലക്ഷ്യം. റസ്റ്റോറന്റുകള്‍ കൂടാതെ കഫേകള്‍, നെയില്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. നിരവധി പേരാണ് അറസ്റ്റിലായത്.

ലേബര്‍ പാര്‍ട്ടി അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റക്കാരും കുറ്റവാളികളും ഉള്‍പ്പെടെ ഏകദേശം 19,000 വിദേശികളെയാണ് നാടുകടത്തിയത്. ബ്രിട്ടീഷ് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് റെയ്ഡുകള്‍ നടക്കുന്നത്.
കഴിഞ്ഞ മാസം ജനുവരിയില്‍ യു.കെയില്‍ നടന്ന റെയ്ഡില്‍ 609 പേരാണ് അറസ്റ്റിലായത്. മുന്‍ വര്‍ഷം ജനുവരിയില്‍ നടത്തിയ അറസ്റ്റിനേക്കാള്‍ 73 ശതമാനം വര്‍ധനയാണ് ഈ ജനുവരിയിലുണ്ടായത്.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഹംബര്‍സൈഡിലുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നടത്തിയ റെടയ്ഡില്‍ മാത്രം ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ തടങ്കലിലാക്കുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് വയ്ക്കുന്ന തൊഴിലുടമകള്‍ക്ക് 60,000 പൗണ്ട് വരെ പിഴയും ചുമത്തും.
'കുടിയേറ്റ നിയമങ്ങള്‍ പാലിക്കപ്പെടണം. വര്‍ഷങ്ങളായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ അവരുടെ കീഴില്‍ ജോലിയെടുപ്പിച്ച് ചൂഷണം ചെയ്യുന്നു. നിരവധി വിദേശികള്‍ക്ക് നിയമവിരുദ്ധമായി യു.കെയില്‍ എത്താനും കഴിഞ്ഞു. ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല - യെവെറ്റ് കൂപ്പര്‍ പറഞ്ഞു.
'നിരവധി പേരാണ് ജീവന്‍ പണയപ്പെടുത്തി ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കുന്ന അപകടകരമായ പ്രവണത പിന്തുടരുന്നത്. പാവപ്പെട്ട ആളുകളെ ചൂഷണത്തിനിരയാക്കുക മാത്രമല്ല ഇമിഗ്രേഷന്‍ സംവിധാനങ്ങളും നമ്മുടെ സമ്പദ്വ്യവസ്ഥയും തകിടം മറിയാന്‍ അനധികൃത കുടിയേറ്റം കാരണമാകുന്നു - യെവെറ്റ് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.
'നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ചോടാന്‍ നിങ്ങള്‍ക്കാവില്ല. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പലരും വളരെ മോശം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത് ഞങ്ങള്‍ക്ക് അറിയാം. അതിനാല്‍ നിസഹായരായ മനുഷ്യരെ സംരക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും - എന്‍ഫോഴ്സ്മെന്റ്, കംപ്ലയന്‍സ് ആന്‍ഡ് ക്രൈം ഡയറക്ടര്‍ എഡ്ഡി മോണ്ട്‌ഗോമറി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ വീഡിയോയും യുകെ സര്‍ക്കാര്‍ ആദ്യമായി പുറത്തിറക്കി. ബസിലെത്തിക്കുന്ന കുറേ പുരുഷന്മാരെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിമാനത്തിലേക്ക് കയറ്റുന്ന വീഡിയോയാണ് പുറത്തുവിട്ടത്. തുടര്‍ന്ന് വിമാനം പറന്നുയരുന്നതും കാണാം. ഇതില്‍ മയക്കുമരുന്ന് കടത്ത്, മോഷണം, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications