'യുക്രൈന്‍ കുട്ടികളെ നാടുകടത്തി', പുടിന് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ഹേഗ്: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രൈന്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനാണ് റഷ്യന്‍ പ്രസിഡണ്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. റഷ്യയിലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള പ്രസിഡന്‍ഷ്യല്‍ കമ്മീഷണര്‍ മരിയ ലവോവ ബെലോവയ്ക്ക് എതിരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പുടിന്റെ മേല്‍ ചുമത്തിയ സമാന കുറ്റത്തിനാണ് ബെലോവയ്ക്ക് എതിരെയും അറസ്റ്റ് വാറണ്ട്.
യുക്രൈനിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രീ ട്രയല്‍ ചേമ്പര്‍ 2 വ്‌ളാദമിര്‍ വ്‌ളാദിമിറോവിച്ച് പുടിനും മരിയ ലവോവ ബെലോവയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് എന്ന് ഐസിസിയുടെ പ്രസ്താവനയില്‍ പറയുന്നു. യുദ്ധക്കുറ്റമാണ് ഇരുവര്‍ക്കും എതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും ഐസിസി വ്യക്തമാക്കുന്നു.

യുക്രൈനിലെ പിടിച്ചെടുക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും റഷ്യന്‍ ഫെഡറേഷനിലേക്ക് നിയമവിരുദ്ധമായി കുട്ടികളെ കൊണ്ട് പോവുകയും നാട് നടത്തുകയും ചെയ്തു എന്നുളളതാണ് പുടിനും ബെലോവയ്ക്കും മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. റഷ്യ യുക്രൈന് മേല്‍ കടന്നുകയറ്റം നടത്തിയ 2022 ഫെബ്രുവരി 24നാണ് യുദ്ധക്കുറ്റകൃത്യം നടന്നതായി കോടതി പറയുന്നത്. അതേസമയം റഷ്യ അന്താരാഷ്ട്ര ക്രിമനല്‍ കോടതിയുടെ പരിധിയില്‍ വരുന്ന രാജ്യമല്ല. അതുകൊണ്ട് തന്നെ പുടിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുളള അധികാരം ഐസിസിക്ക് ഉണ്ടോ എന്നുളള ചോദ്യവും ഉയരുന്നുണ്ട്.
ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ പുടിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഐസിസി പറയുന്നു. മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സൈനികരും സാധാരണക്കാരും അടങ്ങുന്ന പൗരന്മാരെ നിയന്ത്രിക്കുന്നതില്‍ പുടിന്‍ പരാജയപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ കടന്നാക്രമണത്തിന് തൊട്ട് പിന്നാലെ തന്നെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടറായ കരിം ഖാന്‍ യുക്രൈനിലെ യുദ്ധകുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള അന്വേഷണം ആരംഭിച്ചിരുന്നു.കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത് എന്ന് ഈ മാസം ആദ്യം യുക്രൈന്‍ സന്ദര്‍ശിച്ചതിന് ശേഷം കരിം ഖാന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications