റഷ്യക്കെതിരെ യുക്രൈന്‍ അന്താരാഷ്ട്ര കോടതിയില്‍; 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍
മോസ്‌കോ: റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുക്രൈന്‍. റഷ്യ സൈനിക അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐസിജെയില്‍ പരാതി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. കൂട്ടക്കൊലയാണ് യുക്രൈനില്‍ നടക്കുന്നതെന്നും ഇതിന് ഉത്തരവാദി റഷ്യയാണെന്നും ആക്രമണം ന്യായീകരിക്കാന്‍ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കണം. അടുത്താഴ്ച തന്നെ പരാതിയില്‍ വിചാരണ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈനില്‍ നിന്ന് ഇതുവരെ രണ്ടു ലക്ഷം പേര്‍ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. റഷ്യന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് യുക്രൈന്‍ പ്രതിരോധ സഹമന്ത്രി ഹന്ന മല്‍യാര്‍ അവകാശപ്പെട്ടു. ആക്രമണം തുടങ്ങിയ ശേഷം റഷ്യയ്ക്ക് 4300 സൈനികരെ നഷ്ടമായി. 146 ടാങ്കുകള്‍ തകര്‍ത്തു. 27 യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും അവര്‍ക്ക് നഷ്ടമായി എന്നും യുക്രൈന്‍ മന്ത്രി പറഞ്ഞു.
അതേസമയം, യുക്രൈനിലെ രണ്ടാം നഗരമായ ഖര്‍കീവില്‍ ശക്തമായ ആക്രമണം നടക്കുകയാണ്. റഷ്യന്‍ സൈന്യം നഗരത്തില്‍ ഇന്നാണ് പ്രവേശിച്ചത്. തന്ത്രപരമായ തുറമുഖങ്ങള്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. റഷ്യന്‍ വാഹനങ്ങള്‍ ഖര്‍കീവിലെ തെരുവിലൂടെ നീങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിനിടെ തകര്‍ന്ന റഷ്യന്‍ വാഹനങ്ങള്‍ യുക്രൈന്‍ സൈനികര്‍ പരിശോധിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നഗരഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തെക്കന്‍ യുക്രൈന്‍ നഗരമായ ഖെര്‍സണ്‍, ബെര്‍ട്യാന്‍സ്‌ക് എന്നിവ റഷ്യന്‍ സൈന്യം പൂര്‍ണമായും വളഞ്ഞിരിക്കുകയാണ്. ഹെനിചെക്‌സ് നഗരം സൈന്യം നിയന്ത്രണത്തിലാക്കി. ഖെര്‍സണിലെ വിമാനത്താവളവും പിടിച്ചു.
അതേസമയം, ബലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ പ്രതിനിധികള്‍ ബലാറസില്‍ എത്തി. എന്നാല്‍ ബലാറസിലുള്ള ചര്‍ച്ച വേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. ബലാറസിലെ സാഹചര്യം ഉചിതമല്ലെന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. യുക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരണമെന്ന് ബലാറസ് ഭരണകുടവും ആവശ്യപ്പെട്ടു. അതേസമയം, റഷ്യയ്ക്ക് കൂടുതല്‍ നിയന്ത്രണം വരികയാണ്. റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് ഫിന്‍ലാന്റും ബെല്‍ജിയവും തടഞ്ഞു. ആസ്‌ത്രേലിയയുടെ വിമാന കമ്പനികള്‍ റഷ്യയുടെ വ്യോമ പാത വഴിയുള്ള യാത്ര വേണ്ടെന്ന് വച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെയും വിദേശകാര്യ മന്ത്രി സെല്‍ജീ ലാവ്‌റോവിന്റെയും ഉള്‍പ്പെടെ ആസ്തികള്‍ മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. റഷ്യയുടെ കേന്ദ്ര ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും യൂറോപ്പും തീരുമാനിച്ചു. റഷ്യയുടെ ചരക്കുകപ്പല്‍ ഫ്രഞ്ച് നാവിക സേന പിടിച്ചെടുത്തു. റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് അമേരിക്ക സഹായം പ്രഖ്യാപിച്ചു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും.












Click it and Unblock the Notifications