'യുദ്ധം കൊണ്ടുവന്ന നിശബ്ദതയെ സംഗീതം കൊണ്ടു നിറക്കൂ' : ഗ്രാമിയില്‍ സെലന്‍സ്‌കി
ലാസ് വേഗസ്: ഗ്രാമി അവാര്‍ഡ് നൈറ്റില്‍ യുക്രൈന്‍ പ്രസിഡന്റിന്റെ വീഡിയോ സന്ദേശം. യുദ്ധം കൊണ്ടുവന്ന നിശബ്ദതയെ നിങ്ങളുടെ സംഗീതം കൊണ്ടു നിറക്കൂ എന്നായിരുന്നു കാലരംഗത്തെ ലോകോത്തര താരങ്ങളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടത്. റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനിനെ പിന്തുണ നല്‍കുവാനും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ ഗായിക മിക ന്യൂട്ടണ്‍, സംഗീതജ്ഞന്‍ സിയുസന്ന ഇഗ്ലിഡാന്‍, കവി ല്യൂബ യാക്കിംചുക് എന്നിവര്‍ ചേര്‍ന്ന് 'ഫ്രീ' എന്ന ഗാനത്തിന്റെ പ്രകടനത്തിന് മുന്നോടിയായാണ് സെലെന്‍സ്‌കിയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചത്.
സംഗീതത്തിന് എതിരായിട്ടുള്ളത് എന്താണ്? ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളും നശിപ്പിക്കപ്പെട്ട നഗരങ്ങളിലുമുള്ള നിശബ്ദതയാണതെന്നും സെലന്‍സ്‌കി പറഞ്ഞു. തങ്ങളുടെ സംഗീതജ്ഞര്‍ ഇപ്പോള്‍ ശരീര കവചങ്ങളാണ് ധരിക്കുന്നതെന്നും അവര്‍ ആശുപത്രികളില്‍ മുറിവേറ്റവര്‍ക്കായാണ് പാടുന്നത്, അവര്‍ക്ക് കേള്‍ക്കാനായെങ്കില്‍ കൂടി. ജീവിക്കാനും സ്‌നേഹിക്കാനും ശബ്ദമുണ്ടാക്കാനുമുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യക്ക് സമാനമാണെന്ന് യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്‌കി അഭിപ്രായപ്പെട്ടിരുന്നു. ഒരു യുഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുക്രൈനില്‍ നൂറിലധികം ദേശീയതകളാണ് ഉള്ളതെന്നും ഈ ദേശീയതകളെയെല്ലാം നശിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയുമാണ് റഷ്യന്‍ അധിനിവേശത്തിലൂടെ നടക്കുന്നതെന്നും സെലന്‍സ്‌കി അഭിമുഖത്തില്‍ പറയുന്നു.
അതേ സമയം യുക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണസ്‌ക് മേഖലയില്‍ ഞായറാഴ്ച രാത്രിയും പകലും ഷെല്ലാക്രമണം നടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ പ്രക്ഷുബ്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ഈ അധികനടപടികള്‍ ഊര്‍ജ മേഖലയെ ബാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക കമ്മിഷണര്‍ പൗലോ ജെന്റിലോണി പറഞ്ഞിട്ടുണ്ട്. യുദ്ധം മൂലമുണ്ടായ വളര്‍ച്ച മാന്ദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ നേരിടുമെന്നും നാല് ശതമാനം വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് യൂറോപ്യന്‍ യൂണിയന്‍ കൈവരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ ദിവസം യുക്രൈന്‍ റഷ്യയിലെ എണ്ണ ഡിപ്പോ ആക്രമിച്ചെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരുന്നു. യുക്രൈന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ തങ്ങളുടെ പ്രദേശത്ത് അക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. എണ്ണ ഡിപ്പോക്ക് തീ പിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. റഷ്യയുടെ ആരോപണം യുക്രൈന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications