'യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാത്തത് തെറ്റ്'; വിമര്‍ശന സ്വരമുയര്‍ത്തി സെലന്‍സ്‌കി
കീവ്: നാറ്റോയെക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. ഞങ്ങള്‍ നാറ്റോയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നാറ്റോയിലെ ഒരു അംഗമാകാന്‍ ഞങ്ങളെ അനുവദിച്ചില്ല. എന്റെ അഭിപ്രായത്തില്‍ ഇത് ഒരു തെറ്റായ നടപടിയാണെന്നും യുക്രൈനും നാറ്റോയുടെ അംഗമായാല്‍ നാറ്റോ കുറച്ചുകൂടി ശക്തിപ്പെടുമെന്നും സെലന്‍സ്‌കി പറഞ്ഞു. ഇക്കാര്യം ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ ഒരു ശക്തി കുറഞ്ഞ രാജ്യമല്ല. നാറ്റോയുടെ ശക്തിയില്‍ യുക്രൈനിനെ ശക്തിപ്പെടുത്താനല്ല ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പ്രധാന ഭാഗം തന്നെയാണ് യുക്രൈന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം സമാധാന ചര്‍ച്ചയെ തുടര്‍ന്ന് യുക്രൈനിലെ പ്രധാന നഗരമായ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങുകയല്ല, വീണ്ടും സംഘടിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രതികരിച്ചു. കീവിനു ചുറ്റും റഷ്യന്‍ സേനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് മോസ്‌കോയുടെ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു നാറ്റോ സെക്രട്ടറി.

യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതുവരെ മോസ്‌കോയുടെ സൈനിക ലക്ഷ്യം മാറിയിട്ടില്ല. അതിനാല്‍ തന്നെ ഇസ്താംബൂളിലെ സമാധാന ചര്‍ച്ചകളില്‍ റഷ്യയെ വിശ്വസിക്കാമെന്ന തീരുമാനത്തിലേക്ക് ഇതുവരെയും സഖ്യം എത്തിയിട്ടില്ലെന്നും നാറ്റോ സെക്രട്ടറി വ്യക്തമാക്കി.
അതേ സമയം റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. എന്നാല്‍ ഈ അധികനടപടികള്‍ ഊര്‍ജ മേഖലയെ ബാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക കമ്മിഷണര്‍ പൗലോ ജെന്റിലോണി പറഞ്ഞിട്ടുണ്ട്. യുദ്ധം മൂലമുണ്ടായ വളര്‍ച്ച മാന്ദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ നേരിടുമെന്നും നാല് ശതമാനം വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് യൂറോപ്യന്‍ യൂണിയന്‍ കൈവരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ ദിവസം യുക്രൈന്‍ റഷ്യയിലെ എണ്ണ ഡിപ്പോ ആക്രമിച്ചെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരുന്നു. യുക്രൈന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ തങ്ങളുടെ പ്രദേശത്ത് അക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. എണ്ണ ഡിപ്പോക്ക് തീ പിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. റഷ്യയുടെ ആരോപണം യുക്രൈന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications