യുക്രൈൻ റഷ്യ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക്; റഷ്യൻ ജനറലിനെ വധിച്ചതായി യുക്രൈൻ സൈന്യം
മോസ്കോ; റഷ്യ യുക്രൈൻ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക്. റഷ്യയുടെ ആക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ യുക്രൈന് സാധിക്കുന്നുണ്ട്. തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാൻ ഇതുവരെയും റഷ്യക്ക് സാധിച്ചിട്ടില്ല. അതേസമയം തിങ്കളാഴ്ച ബെലാറസ്-പോളണ്ട് അതിർത്തിക്കടുത്തുള്ള ഒരു വേദിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ മൂന്നാം റൗണ്ട് ചർച്ചകൾ നടത്തി. എന്നാൽ ചർച്ച പരാജയം ആയിരുന്നെന്നാണ് ഇരുരാജ്യങ്ങളും പറഞ്ഞത്.
റഷ്യ യുക്രൈൻ മൂന്നാം വട്ട ചർച്ചയിൽ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത് അക്രമത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്ന സാധാരണക്കാർക്ക് സുരക്ഷിതമായ ഒരു വഴി തുറക്കുന്നുകൊടുക്കാനാണ്. എന്നാൽ റിപ്പോർട്ട് ചെയ്യാൻ പാകത്തിന് നല്ല സംഭവവികാസങ്ങൾ ചർച്ചയിൽ നടന്നില്ല എന്നായിരുന്നു ചർച്ചകൾക്ക് ശേഷം റഷ്യൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സിവിലിയൻമാരെ ഒഴിപ്പിക്കാനുള്ള പദ്ധതികളിൽ ചെറിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് യുക്രെയ്‌നിന്റെ നെഗോഷ്യേറ്റർ മൈഖൈലോ പോഡോലിയാക് പറഞ്ഞു. എന്നിരുന്നാലും, പ്രതീക്ഷിച്ച തലത്തിലേക്ക് ചർച്ച ഉയർന്നില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം യുക്രൈനിൽ പ്രതിസന്ധി മൂർച്ഛിച്ചതോടെ ലോകബാങ്കിൽ നിന്ന് 723 മില്യൺ ഡോളർ ലോണുകളും ഗ്രാന്റുകളും അനുവദിച്ചു. ഏറ്റവും അടുത്ത ദിവസം തന്നെ തുക കൈമാറും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇതിന് പുറമെ യുക്രൈന് ബില്യൺ കണക്കിന് ഡോളർ അടിയന്തര സഹായമായി നൽകാനുള്ള കരാറിന് യുഎസ് കോൺഗ്രസ് ചർച്ചാ പ്രതിനിധികളും അടുത്തുവരികയാണ്. ഇതിനായി 10 ബില്യൺ ഡോളറാണ് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം യുദ്ധത്തിന്റെ പ്രതിഫലനം ആ ഗോളതലത്തിൽ അനുഭപ്പെടാൻ തുടങ്ങിയിട്ടുണ്ട്. എണ്ണവില 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വരും ദിവസങ്ങളിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് കാര്യമായി വില വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച തുർക്കിയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയായിരിക്കും കൂടുതൽ ഫലം ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു. "റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ചർച്ചകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് അദ്ദേഹമാണ്," കുലേബ ചൊവ്വാഴ്ച രാവിലെ യുക്രൈനിയൻ ടെലിവിഷനിൽ പറഞ്ഞു.
അതേസമയം തിങ്കളാഴ്ച റഷ്യയുടെ ആക്രമണത്തിൽ വടക്കൻ യുക്രൈനിലെ ഒരു ബ്രെഡ് ഫാക്ടറിയിൽ 13 സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നു. ഖാർകിവ് നഗരത്തിന് ചുറ്റുമുള്ള ഏറ്റുമുട്ടലിൽ ഒരു റഷ്യൻ ജനറൽ കൊല്ലപ്പെട്ടതായി യുക്രൈൻ സൈന്യം പറഞ്ഞു. എന്നാൽ റഷ്യൻ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. യുക്രൈനിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലും റഷ്യൻ, യുക്രൈനിയൻ അംബാസഡർമാർ പരസ്പരം ഏറ്റുമുട്ടി.
തിങ്കളാഴ്ചത്തെ തന്റെ ദൈനംദിന വീഡിയോ പ്രസംഗത്തിൽ യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി, പലായനം തടസ്സപ്പെടുത്തിയതിന് റഷ്യക്കെതിരെ ആഞ്ഞടിച്ചു. മാനുഷിക ഇടനാഴികളെക്കുറിച്ചുള്ള ഒരു കരാറിനുപകരം, തിങ്കളാഴ്ച യുക്രൈ ലഭിച്ചത് "റഷ്യൻ ടാങ്കുകളും റഷ്യൻ ഗ്രാഡ് റോക്കറ്റുകളും ആയിരുന്നെന്ന്" സെലെൻസ്‌കി പറഞ്ഞു. ആഴ്ചകളോളം നീണ്ട യുക്രൈൻ യുദ്ധം ചർച്ചകളിലൂടെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യുക്രൈനും റഷ്യയും തമ്മിൽ മധ്യസ്ഥത വഹിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു.












Click it and Unblock the Notifications