റഷ്യ-യുക്രൈൻ യുദ്ധം; 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു
ദുബായ്: റഷ്യ - യുക്രൈൻ വെടിനിർത്തലിന് വഴിയൊരുങ്ങുന്നു. യു എസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. റഷ്യയുടെ അഗീകാരത്തിനായി സമർപ്പിക്കും. വ്ലാദിമർ സെലൻസ്കിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോൾ യുക്രൈനിന് നിർത്തിവെച്ച സാമ്പത്തിക സഹായം പുനസ്ഥാപിക്കും. ഇന്റവലിജൻസ് വിവരങ്ങൾ നിർത്തി വെച്ച അമേരിക്കൻ നടപടിയും പിൻവലിക്കും എന്ന് യു എസ് അറിയിച്ചു.
വെടി നിർത്തൽ സന്നദ്ധത അറിയിച്ചെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താത്ക്കാലികമായി വെടി നിർത്തൽ അംഗീകരിച്ച് നീട്ടാം. തടവുകാരുടെ കൈമറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈൻ കുട്ടികളുടെ മടങ്ങി വരവ് എന്നിവയിലെ ധാരണ ചർച്ചയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.

പാർട്ടികളുടെ പരസ്പര ഉടമ്പടിയിലൂടെ നീട്ടാവുന്ന ഉടനടി, ഇടക്കാല 30 ദിവസത്തെ വെടി നിർത്തൽ നടപ്പാക്കാനുള്ള യു എസ് നിർദ്ദേശം അംഗീകരിക്കാൻ യുക്രൈൻ സന്നദ്ധത പ്രകടിപ്പിച്ചു. ചാെവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. റഷ്യയുടെ പരസ്പര സഹകരണമാണ് സമാധാനം കൈവരിക്കുന്നതിനുള്ള താക്കോൽ എന്ന് അമേരിക്ക റഷ്യയെ അറിയിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് വ്ലാദിമിർ സെലൻസ്കി പറഞ്ഞിരുന്നു. ഇതിനായി ചർച്ച നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ വഴിയും നോക്കുമെന്നും സെലൻസ്കി പറഞ്ഞിരുന്നു. അടുത്തിടെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കിയും ട്രംപും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് യുക്രൈനുള്ള സൈനിക സാമ്പത്തിക സഹായം താത്ക്കാലികമായി നിർത്തി വെയ്ക്കുന്നതായി ട്രംപ് അറിയിച്ചത്. യുക്രൈൻ - റഷ്യ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് സഹായം നിർത്തുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
യു എസിന്റെ കയ്യിൽ നിന്നും സാമ്പത്തിക സഹായം അടക്കം ലഭിച്ചിട്ടും യുക്രൈൻ പ്രസിഡന്റ് വ്ളാദമി സെലൻസിക്ക് നന്ദിയില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ബൈഡൻ ഭരണകാലത്ത് കുട്ടികളുടെ പക്കൽ നിന്ന് മിഠായി വാങ്ങുന്നത് പോലെ യുക്രൈൻ സാമ്പത്തിക സഹായം അടക്കം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ അതിന്റെ നന്ദി കാണിച്ചില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications