ഇന്ന് നിര്‍ണായകം; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്നാംവട്ട ചര്‍ച്ചകള്‍ സൗദിയില്‍ ആരംഭിച്ചു
സൗദി: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചര്‍ച്ചകള്‍ സൗദി അറേബ്യയില്‍ ആരംഭിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച്ചയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പങ്കെടുക്കുന്നത്. റഷ്യയും യുക്രൈനുമായി വെവ്വേറെ ചര്‍ച്ചകളാണ് സ്റ്റീവ് വിറ്റ്‌കോഫ് നടത്തുക.
മൂന്ന് വര്‍ഷമായി തുടരുന്ന രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം നിര്‍ണായക ഘട്ടത്തിലാണുള്ളത്. വൈകാതെ ശുഭവാര്‍ത്ത കേള്‍ക്കാമെന്ന പ്രതീക്ഷയിലാണ് ലോകം.
യുക്രൈനു മേലുള്ള ആക്രമണം വ്യാപിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റീവ് വിറ്റ്‌കോഫ് ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ച സൗദി അറേബ്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുക്രൈന്‍ വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ഫോണില്‍ സംസാരിച്ചു. യുക്രൈനിലെ ഊര്‍ജ, അടിസ്ഥാന കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം 30 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ റഷ്യയും സമ്മതിച്ചു.
ഞായറാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന തന്റെ പ്രതിനിധി സംഘം ക്രിയാത്മകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ഊര്‍ജ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുക്രൈന്‍, യുഎസ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. യുക്രൈനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
റഷ്യയിലേക്ക് കൊണ്ടുപോകുന്ന യുക്രൈന്‍ കുട്ടികളുടെ ഭാവി ഉള്‍പ്പെടെ, യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികളെക്കുറിച്ച് യുഎസ് സംസാരിക്കുമെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
അതേസമയം, സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കുട്ടികളുള്‍പ്പെടെ മൂന്ന് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാധാന ചര്‍ച്ചകള്‍ക്ക് മുമ്പ് രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സെലന്‍സ്‌കി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications