'റഷ്യ ഭൂമുഖത്ത് നിന്ന് ഞങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നു'; കടുപ്പിച്ച് സെലെന്‍സ്‌കി
കീവ്: റഷ്യ തന്റെ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റാൻ ശ്രമിക്കുക ആണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സാപൊറീഷ്യയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ആളുകളെ റഷ്യ നശിപ്പിച്ചെന്നും ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. കീവിലെ ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം.
'അവർ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുകയാണ്... (നഗരം) സാപൊറീഷ്യയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ഞങ്ങളുടെ ആളുകളെ നശിപ്പിച്ചു. ഡിനിപ്രോയിലും കൈവിലും ജോലിക്ക് പോകുന്നവരെ കൊന്നു,യുക്രൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ ശമിക്കുന്നില്ല. മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ, മരിച്ചവരും പരിക്കേറ്റവരും ഉണ്ട്. സെലെൻസ്‌കി പറഞ്ഞു.

ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിൽ ഉഗ്ര സ്‌ഫോടനം നടത്തിയതായി റഷ്യ യുക്രൈനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുക്രൈന്റെ തലസ്ഥാനമായ കീവിൽ സ്‌ഫോടന പരമ്പര നടന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ സർക്കാർ സ്ഥാപനങ്ങളുള്ള ഷെവ്ചെങ്കോ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആൾക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ-ക്രൈമിയ പ്രധാന പാതയിലെ പാലം തകർത്തത് ഭീകരാക്രമണ എന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാട്.
ഉക്രൈൻ നഗരമായ സാപൊറീഷ്യയിൽ റഷ്യ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 10 കുട്ടികൾ ഉൾപ്പെടെ 89 പേർക്കു പരുക്കേറ്റു. 20 വീടുകളും 50 അപ്പാർട്മെന്റുകളും തകർന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ നടന്ന റഷ്യൻ ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിരുന്നു.
കീവിലെ റോഡുകളും കെട്ടിടങ്ങളും എല്ലാം സ്‌ഫോടനത്തിൽ തകർന്നതായാണ് റിപ്പോർട്ട്. കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി കീവ് മേയറായ വിറ്റാലി ക്ലിച്ച്‌കോ പറഞ്ഞു. ഒരുപാട് പേർക്ക് പരിക്കേറ്റതായാണ് നിലവിൽ ലഭിക്കുന്ന സൂചന. റഷ്യക്കെതിരെ പോരാടും എന്നാണ് വോൾഡിമിർ സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
എത്ര പേർ മരിച്ചുവെന്ന് കൃത്യമായി അറിയില്ല. ജനവാസ മേഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണമെന്നാണ് വിമർശനം. കീവിലെ പാലത്തിൽ റഷ്യ മിസൈൽ വർഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications