അമേരിക്കയിലുള്ള യുക്രൈന്‍കാര്‍ തിരിച്ചുപോകണം; ഇ-മെയിലുമായി ട്രംപ് ഭരണകൂടം: ഒടുവില്‍ ട്വിസ്റ്റ്
വാഷിങ്ടണ്‍: മാതൃരാജ്യത്ത് നടക്കുന്ന യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന യുക്രൈന്‍ പൗരന്മാരോട് തിരിച്ചുപോകാന്‍ ഉത്തരവുമായി ഇ-മെയില്‍. ഏകദേശം 2,40,000 യുക്രൈന്‍കാര്‍ക്കാണ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇ-മെയില്‍ ലഭിച്ചത്. ഇത്തരത്തില്‍ വ്യാപകമായി ഇ-മെയിലുകള്‍ ലഭിക്കുന്നതില്‍ യുക്രൈന്‍കാര്‍ കടുത്ത ആശങ്കയിലാണ്.
ജോ ബൈഡന്റെ ഭരണകാലത്ത് നടപ്പാക്കിയ മാനുഷിക പരോള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നിരവധി യുക്രൈന്‍കാര്‍ അമേരിക്കയില്‍ താമസിക്കുന്നത്. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക വിട്ടൊഴിഞ്ഞു പോകണമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍ നിന്നാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ-മെയില്‍ ലഭിച്ചത്.

അറിയിപ്പ് ലഭിച്ച തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ നിങ്ങളുടെ പരോള്‍ അവസാനിക്കുമെന്നും അമേരിക്കയില്‍ നിന്ന് പുറത്തുപോയില്ലെങ്കില്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിങ്ങളെ പിടികൂടുകയും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊത്തം എത്ര യുക്രൈന്‍കാര്‍ക്ക് ഇ-മെയില്‍ ലഭിച്ചു എന്നത് വ്യക്തമല്ല.
വെനിസ്വേല, ക്യൂബ, ഹെയ്തി പൗരന്മാരുടെ പരോള്‍ പദവി ട്രംപ് ഇതിനകം തന്നെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രൈന്‍ പൗരന്മാര്‍ക്കെതിരെയും ഈ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇ-മെയില്‍ അബദ്ധത്തില്‍ അയച്ചതാണെന്നാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് സ്ഥിരീകരണം വന്നിരിക്കുന്നത്. ഭരണകൂടം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും ഡിഎച്ച്എസ് വക്താവ് പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുക്രൈന്‍കാര്‍ക്ക് ലഭിച്ച സ്വീകാര്യതയുടെ നേര്‍വിപരീതമാണ് ട്രംപിന്റെ സമീപനം. വൈറ്റ് ഹൗസില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ട്രംപും സെലന്‍സ്‌കിയും തമ്മില്‍ ഇടയുകയും കൂടി ചെയ്തതോടെ അമേരിക്കയിലുള്ള യുക്രൈന്‍കാര്‍ കൂടുതല്‍ ആശങ്കയിലായി. ഇതിനു പിന്നാലെയാണ് രാജ്യം വിടാനുള്ള ഇ-മെയില്‍ കൂടി വന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഡഅമേരിക്കയില്‍ പഠനം തുടരുന്ന നിരവധി വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകള്‍ ഇ-മെയില്‍ വഴി ലഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയെന്നും രാജ്യവിട്ട് പോകണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടികളിലും മറ്റും പങ്കെടുത്തവര്‍ക്കെതിരെയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി. അനധികൃതമായി രാജ്യത്ത് തുടര്‍ന്നാല്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് കാരണമാവുമെന്നും അറിയിപ്പിലുണ്ട്.
പാലസ്തീനെ പിന്തുണയ്ക്കുന്നവരെ കണ്ടത്താനും വിസ റദ്ദാക്കാനും ലക്ഷ്യമിട്ട് എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാച്ച് ആന്‍ഡ് റിവോക് എന്ന ആപ് യുഎസ് അധികൃതര്‍ രംഗത്തിറക്കിയിരുന്നു. പുതിയ വിസകള്‍ക്കായുള്ള അപേക്ഷകളിന്മേലും ഇത്തരത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ട്. വിസ അപേക്ഷകരുടെ സമൂഹ മാധ്യമങ്ങളിലെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും ഇടപെടല്‍ പരിശോധിച്ചാണ് ആപ് വിലയിരുത്തല്‍ നടത്തുന്നത്. ഇതിനു പിന്നാലെയാണ് ഇ-മെയില്‍ അയയ്ക്കുന്നത്.












Click it and Unblock the Notifications