ഇസ്രായേലിനെ ഞെട്ടിച്ച് യുഎന്‍ തലവന്‍; ഗാസ ഉപരോധം നീക്കണം
ഇസ്രായേലിനെ ഞെട്ടിച്ച് യു.എന്‍ തലവന്‍; ഗാസ ഉപരോധം നീക്കണം
ഗാസ: ഗാസയ്‌ക്കെതിരേ ഇസ്രായേല്‍ വര്‍ഷങ്ങളായി തുടരുന്ന ഉപരോധം നീക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മാനവിക പ്രതിസന്ധികളിലൊന്നാണ് ഗാസയെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ഗാസയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി നടത്തുന്ന സ്‌കൂള്‍ സന്ദര്‍ശിച്ച് ശേഷമായിരുന്നു യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന.

ഗാസ എന്നെ പിടിച്ചുലച്ചു- ഗുട്ടെറെസ്
ജീവിതത്തില്‍ ഞാന്‍ കണ്ട എറ്റവും വലിയ മാനവിക പ്രതിസന്ധിയാണ് ഗാസയിലേതെന്ന് ഗുട്ടെറെസ് പറഞ്ഞു. ആവശ്യത്തിന് വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ഗാസയിലെ കാഴ്ചകള്‍ എന്നെ വല്ലാതെ പിടിച്ചുലച്ചു. കഴിഞ്ഞ ജനുവരിയില്‍ സെക്രട്ടറി ജനറലായി ചാര്‍ജ്ജെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം മധ്യപൗരസ്ത്യ ദേശത്ത് സന്ദര്‍ശനം നടത്തുന്നത്. മൂന്ന് ദിവസമാണ് മേഖലയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

റഫാ അതിര്‍ത്തി തുറക്കണം
ഗാസയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായി അടച്ചിട്ട അതിര്‍ത്തി തുറക്കണമെന്നും സെക്രട്ടറി ജനറല്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഗാസയ്ക്കുള്ള ഏക വഴിയായ ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് ഇസ്രായേല്‍ അടച്ചിരുന്നു. ഭക്ഷണവും മരുന്നുമുള്‍പ്പെടെ അവശ്യ സാധനങ്ങള്‍ക്കു പോലും ക്ഷാമം അനുഭവിക്കുന്ന ഗാസ നാം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ വാസയോഗ്യമല്ലാതായി മാറുന്നുവെന്ന് യു.എന്‍ ജീവകാരുണ്യവിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് പൈപ്പര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 2007 മുതല്‍ ഉപരോധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഗാസയില്‍ ദാരിദ്ര്യവും തൊഴിലില്ലായമയും വ്യാപകമാണ്.

ഹമാസ് സ്വാഗതം ചെയ്തു
ഗാസയിലേക്കുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തെയും ഉപരോധം നീക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെയും ഗസയുടെ ഭരണം നിയന്ത്രിക്കുന്ന ഹമാസ് സ്വാഗതം ചെയ്തു. ഇസ്രായേല്‍ ഉപരോധത്താല്‍ വീര്‍പ്പുമുട്ടുന്ന ഗസയിലെ നിവാസികളുടെ ദുരിതാവസ്ഥ നേരില്‍കാണാന്‍ ഹമാസ് അദ്ദേഹത്തെ ക്ഷണിച്ചു. അന്താരാഷ്ട്ര സമൂഹത്തെ മുഴുവന്‍ നോക്കുകുത്തിയാക്കി ഇസ്രായേല്‍ തുടരുന്ന ഈ മനുഷ്യത്വരാഹിത്യത്തെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഉപരോധം നീക്കിക്കിട്ടാന്‍ ഇസ്രായേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ തുറന്ന ജയിലിലേക്ക് സ്വാഗതം
ഗാസയുടെ പരിതാപകരമായ സ്ഥിതി യു.എന്‍ സെക്രട്ടറി ജനറലിനെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി 25ഓളം പേര്‍ ഗസയില്‍ പ്രതീകാത്മക ശവപ്പെട്ടിയുമായി പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലിലേക്ക് സ്വാഗതം എന്നെഴുതിയ ബാനറുമായായിരുന്നു പ്രതിഷേധം. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ലോകം ആരെയാണ് കാത്തിരിക്കുന്നതെന്ന് മറ്റൊരു ബാനറില്‍ എഴുതിയിരുന്നു. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ നടപടി വേണമെന്ന് തടവുകാരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു.












Click it and Unblock the Notifications