ഏറ്റവും കൂടുതല്‍ രാജ്യത്തുള്ളവര്‍ പങ്കെടുത്ത യോഗദിനാചരണം; യുഎന്‍ ആസ്ഥാനത്തെ സെഷന് ഗിന്നസ് റെക്കോഡ്
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടന്ന യോഗ സെഷന് ഗിന്നസ് റെക്കോര്‍ഡ്. ഒരു സെഷനില്‍ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ പങ്കെടുത്ത യോഗ എന്ന ലോക റെക്കോഡാണ് യു എന്‍ ആസ്ഥാനത്തെ യോഗ സെഷന് ലഭിച്ചത്. ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണമാണ് മോദിയുടെ നേതൃത്വത്തില്‍ നടന്നത്.
പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണത്തെ തുടര്‍ന്നാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മോദിയുടെ അമേരിക്കയിലെത്തിയത്. യു എന്‍ ഉദ്യോഗസ്ഥരുടെയും നയതന്ത്രജ്ഞരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തില്‍ ആണ് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചത്. 180 ലധികം രാജ്യത്ത് നിന്നുള്ളവര്‍ ഈ സെഷനില്‍ പങ്കാളികളായി.

യോഗ ദേശത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. യോഗ പകര്‍പ്പവകാശത്തില്‍ നിന്നും പേറ്റന്റുകളില്‍ നിന്നും മുക്തമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു രാജ്യത്തിന്റേയോ മതത്തിന്റേയോ അല്ല യോഗ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പല സ്ഥലങ്ങളില്‍ നിന്നും യോഗ ദിനാചരണത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്നവര്‍ക്ക് നന്ദി പറയുന്നതായും മോദി പറഞ്ഞു.
അതേസമയം സൂറത്തില്‍ നടന്ന യോഗ ദിന പരിപാടി ഒരു സ്ഥലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത യോഗ സെഷന്‍ എന്ന പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു. സൂറത്തില്‍ ഒരുലക്ഷത്തിലധിരകം പേരാണ് യോഗ സെഷനില്‍ പങ്കെടുത്തത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്താകെ 72000 വേദികളിലായി 1.25 കോടി ആളുകള്‍ യോഗ ദിനാചരണത്തില്‍ പങ്കെടുത്തതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
സൂറത്തിലെ ഡുമാസ് ഏരിയയില്‍ നടന്ന സംസ്ഥാനതല 'അന്താരാഷ്ട്ര യോഗ ദിന' ആഘോഷം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയെ ലോകമെമ്പാടും ജനകീയമാക്കിയെന്ന് പട്ടേല്‍ പറഞ്ഞു. കൊവിഡ് വ്യാപന സമയത്ത് യോഗയും പ്രാണായാമവും ആളുകളെ എങ്ങനെ സഹായിച്ചുവെന്നതിന് തങ്ങള്‍ സാക്ഷികളാണ് എന്നും പട്ടേല്‍ വ്യക്തമാക്കി.
യോഗയെ ജനകീയമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമീപഭാവിയില്‍ 21 യോഗ സ്റ്റുഡിയോകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന യോഗ ബോര്‍ഡ് ഇതുവരെ 5000 ഇന്‍സ്ട്രക്ടര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.












Click it and Unblock the Notifications