പഹല്‍ഗാം ആക്രമണം; അടച്ചിട്ട മുറിയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുരോഗമിക്കുന്നു: സംയമനം പാലിക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരേയുള്ള വികാരം ഇന്ത്യയില്‍ തീവ്രമായിരിക്കുകയാണ്. ഏതു നിമിഷവും പരസ്പരം ആക്രമണം ഉണ്ടാകാമെന്ന ഘട്ടത്തിലാണ് ഇരു രാജ്യങ്ങളും. നയതന്ത്ര തലത്തില്‍ ഇന്ത്യ സ്വീകരിച്ച പ്രതികാര നടപടികള്‍ക്കെതിരേ അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിച്ചാണ് പാകിസ്ഥാന്‍ തിരിച്ചടി നല്‍കുന്നത്.
ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമ്പോഴും ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം എന്നാണ് അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭയും ഇടപെട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്ന യുഎന്‍ രക്ഷാസമിതി യോഗം ആരംഭിച്ചു. തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം അര്‍ധരാത്രിയിലാണ് യോഗം ആരംഭിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും രൂക്ഷമായ നിലയിലാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് യോഗം ആരംഭിച്ചത്.
15 അംഗ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗമാണ് പാകിസ്ഥാന്‍. ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിന് ഭീഷണിയാണെന്ന് പാകിസ്ഥാന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച അന്റോണിയോ ഗുട്ടറസ് സൈനിക നടപടി ഒരിക്കലും പരിഹാരമാകില്ലെന്ന് പറഞ്ഞു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുഎന്നിന്റെ സമാധാന ശ്രമങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളോടും ജനങ്ങളോടും ബഹുമാനവും നന്ദിയുമുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നത് വേദനാജനകമാണ്' - യുഎന്‍ മേധാവി പറഞ്ഞു.
ആക്രമണത്തെ ഒരിക്കല്‍ കൂടി ശക്തമായി അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് തന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാധാരണക്കാരെ ലക്ഷ്യമിടുന്ന ആക്രമണങ്ങളെ അംഗീകരിക്കാനാവില്ല. ഉത്തരവാദികളായവരെ നിയമപരമായ മാര്‍ഗങ്ങളിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
നിയന്ത്രണങ്ങള്‍ക്കപ്പുറം പോകാനിടയുള്ള സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്നത് ഈ നിര്‍ണായക ഘട്ടത്തില്‍ അനിവാര്യമാണ്. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം - അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമാധാനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഇടിയില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications