ഇസ്രായേലിന് യുഎന്‍ വക എട്ടിന്റെ പണി; കുടിയേറ്റ കേന്ദ്രങ്ങളിലെ കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നു
ഇസ്രായേലിന് യുഎന്‍ വക എട്ടിന്റെ പണി; കുടിയേറ്റ കേന്ദ്രങ്ങളിലെ കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നു
ന്യുയോര്‍ക്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിച്ച നിയമവിരുദ്ധ ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ ബിസിനസിലേര്‍പ്പെട്ടിരിക്കുന്ന 150 വ്യാപാര സ്ഥാപനങ്ങള്‍ക്ക് യു.എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണര്‍ കത്തയച്ചു. ഈ വര്‍ഷാവസാനം ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇസ്രായേലി സ്ഥാപനങ്ങള്‍ക്കും മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ക്കും കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ കത്തയച്ചത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ നടപടി. നിയമവിരുദ്ധ ജൂതകുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ മുന്നോടിയായി ഡിസംബറില്‍ തയ്യാറാക്കുന്ന പട്ടികയില്‍ കമ്പനിയുടെ പേര് ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. ഇവിടെയുള്ള പ്രവര്‍ത്തനം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു.എന്‍ തീരുമാനങ്ങള്‍ക്കും എതിരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയില്‍ 30ലേറെ അമേരിക്കന്‍ കമ്പനികളും പകുതിയോളം ഇസ്രായേലി കമ്പനികളുമാണ്. സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ക്കും ഹൈക്കമ്മീഷണര്‍ കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് 150 വ്യാപാര സ്ഥാപനങ്ങള്‍ക്ക് കത്തയച്ചതെന്ന് ഇസ്രായേലി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവയില്‍പ്പെട്ട നിരവധി കമ്പനികള്‍,അടുത്ത തവണ കുടിയേറ്റ കേന്ദ്രത്തിലെ കരാര്‍ പുതുക്കില്ലെന്ന് യു.എന്‍ ഹൈക്കമ്മീഷണറെ അറിയിച്ചതായി ഇസ്രായേലി പത്രം റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ യു.എന്‍ രക്ഷാസമിതി പാസാക്കിയ 2334 നമ്പര്‍ പ്രമേയം അനുസരിച്ച് ഫലസ്തീന്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് നിയമപരമായ സാധുതയില്ലാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. യു.എന്നിന്റെ പട്ടികയിലുള്‍പ്പെടുന്നത് ഭാവിയില്‍ നിയമപരമായ നടപടികള്‍ ക്ഷണിച്ചുവരുത്തിയേക്കുമെന്നും ഓഹരിയുടമകളുടെയും ഉപഭോക്താക്കളുടെയും ഭാഗത്തുനിന്നുള്ള പ്രതിഷേധത്തിന് ഇടവരുത്തുമെന്നുമുള്ള ഭയം കമ്പനികള്‍ക്കുണ്ട്.
ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള യു.എന്‍ നീക്കവുമായി ട്രംപ് ഭരണകൂടം യാതൊരു വിധത്തിലും സഹകരിക്കില്ലെന്ന് യു.എസ് വിദേശകാര്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ അനുകൂലിയായ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി നാണക്കേടെന്നാണ് പട്ടികയെ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ അംബാസഡറാവട്ടെ ആധുനിക കാലത്തെ സെമിറ്റിക് വിരേധമെന്നാണ് ഇതേക്കുറിച്ച് പറഞ്ഞത്.












Click it and Unblock the Notifications