കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദുകള്‍ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു; ഹിതപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് യുഎന്നും

കുര്‍ദുകള്‍ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു; ഹിതപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് യുഎന്നും

  • By Desk
Google Oneindia Malayalam News

ജനീവ: ഈ മാസം 25ന് നടത്താന്‍ നിശ്ചയിച്ച സ്വാതന്ത്ര്യ ഹിതപ്പരിശോധന നിര്‍ത്തിവയ്ക്കാന്‍ ഇറാഖിന്റെ ഭാഗമായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദ്ദമേറുന്നു. നീക്കം ഉപേക്ഷിക്കാന്‍ അമേരിക്കയ്ക്കു പിന്നാലെ യുഎന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇറാഖും തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും കുര്‍ദ് തീരുമാനത്തിനെതിരേ നേരത്തേ രംഗത്ത് വന്നിരുന്നു.

ഹിതപ്പരിശോധന നടത്തുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു.

ചര്‍ച്ചയിലൂടെ പരിഹാരം കാണണം

ചര്‍ച്ചയിലൂടെ പരിഹാരം കാണണം

ഇറാഖും കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഗുട്ടെറെസ് പറഞ്ഞു. പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇരുവിഭാഗവും ശ്രമിക്കേണ്ടത്. അല്ലാതെ ഏകപക്ഷീയമായി എടുക്കുന്ന ഏത് നടപടിയും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഐ.എസിനെതിരേ ഇറാഖീ സേനയും കുര്‍ദ് സേനയും നടത്തുന്ന പോരാട്ടത്തെ അത് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അഭയാര്‍ഥികളെ തിരികെയെത്തിക്കുന്നതിനും അത് തടസ്സമാവുമെന്നും യു.എന്‍ തലവന്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിലേക്കുള്ള വഴി

സ്വാതന്ത്ര്യത്തിലേക്കുള്ള വഴി

കാലങ്ങളായി സ്വതന്ത്ര രാജ്യത്തിനായി ശ്രമങ്ങള്‍ നടത്തുന്ന കുര്‍ദുകളെ സംബന്ധിച്ചിടത്തോളം സ്വാന്ത്ര്യമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ഏക വഴിയായാണ് ഹിതപ്പരിശോധനയെ കാണുന്നത്. സ്വാതന്ത്ര്യത്തിന് അനുകൂലമായ തീരുമാനമാവും ഹിതപ്പരിശോധനയിലൂടെ ഉണ്ടാവുകയെന്നത് തീര്‍ച്ചയാണെന്നിരിക്കെ, അതുവഴി ഇറാഖിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ചര്‍ച്ചകളിലൂടെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടിയെടുക്കാമെന്നുമാണ് കുര്‍ദ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

മധ്യസ്ഥം വഹിക്കാമെന്ന് യുഎന്‍

മധ്യസ്ഥം വഹിക്കാമെന്ന് യുഎന്‍

ഇറാഖുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് മധ്യസ്ഥം വഹിക്കാന്‍ യു.എന്‍ തയ്യാറാണെന്നും ഗുട്ടെറെസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇറാഖിലെ യു.എന്‍ പ്രതിനിധി ജാന്‍ കുബിസ് കുര്‍ദ് നേതാവ് മസൂദ് ബര്‍സാനിയെ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ബര്‍സാനിയെ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ശാശ്വത പരിഹാരതീരുമാനം കണ്ടെത്താമെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വാഗ്ദാനം. അതിനു പകരം ചര്‍ച്ച കഴിയുന്നതു വരെ ഹിതപ്പരിശോധന നീട്ടിവയ്ക്കാന്‍ ബര്‍സാനി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് സംയമനം പാലിക്കണം

ഇറാഖ് സംയമനം പാലിക്കണം

പ്രശ്‌നത്തെ ക്ഷമയോടും സംയമനത്തോടും കൂടി സമീപിക്കണമെന്ന് ഇറാഖിനോട് യു.എന്‍ ആവശ്യപ്പെട്ടു. ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ വേണ്ടിവന്നാല്‍ കുര്‍ദ് മേഖലയില്‍ ഇറാഖി സൈന്യം ഇടപെടുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിതപ്പരിശോധനയെ തുടര്‍ന്ന് മേഖലയില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ ഇടപെടാന്‍ ഇറാഖ് സൈന്യം സജ്ജമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

 രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇറാന്‍

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇറാന്‍

തങ്ങളുടെ അയല്‍ പ്രദേശത്ത് കുര്‍ദുകള്‍ നടത്തുന്ന ഹിതപ്പരിശോധന രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഹിതപ്പരിശോധന നടക്കുന്ന സാഹചര്യമുണ്ടായാല്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇറാന്‍ നിര്‍ബന്ധിതമാവുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ സെക്രട്ടറി അലി ഷംകാനി പറഞ്ഞു. ഇറാഖിലെ കുര്‍ദുകള്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും എന്നാല്‍ ഹിതപരിശോധനാ തീരുമാനം നിയമവിരുദ്ധവും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം അറിയിച്ചു. ഇറാഖില്‍ ഹിതപ്പരിശോധന നടന്നാല്‍ ഇറാനിലെ കുര്‍ദുകളും സ്വാതന്ത്ര്യം ആവശ്യപ്പെടുമെന്ന പേടിയിലാണ് ഇറാന്‍ അധികൃതര്‍.

English summary
UN Secretary-General Antonio Guterres has urged Kurds in Iraq to scrap plans to hold a referendum on independence later this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X