ഇസ്രായേലിൽ അനിശ്ചിതത്വം, സർക്കാർ രൂപീകരണം പാളി, തുർക്കിയും ഖത്തറും പണമിറക്കി കളിച്ചെന്ന് നെതന്യാഹു

ജെറുസലേം: റെക്കോര്‍ഡ് പോളിംഗ് നടന്നുവെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഇസ്രായേല്‍ തിരഞ്ഞെടുപ്പ്. പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ 120 അംഗ ഇസ്രായേല്‍ പാര്‍ലമെന്റില്‍ വേണ്ട കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു ക്യാമ്പിനോ പ്രധാന എതിരാളികളായ ഗാദി ഐസന്‍കോട്ട് ക്യാമ്പിനോ സാധിച്ചിട്ടില്ല. അറബ് പാര്‍ട്ടികളാണ് ഇത്തവണ നിര്‍ണായക ശക്തികളായി ഇരുകൂട്ടര്‍ക്കും ഇടയില്‍ നില്‍ക്കുന്നത്.

ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വലിയ തോതിലാണ് അറബ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത്. 92 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 26 സീറ്റുകളുമായി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ലികുഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള സഖ്യത്തിന് ആകെ 53 സീറ്റുകളില്‍ ഇതുവരെ വിജയിക്കാനായിട്ടുണ്ട്.

ഗാദി ഐസന്‍കോട്ട് നയിക്കുന്ന നെതന്യാഹു വിരുദ്ധ സയണിസ്റ്റ് സഖ്യത്തിന് 48 സീറ്റുകളിലാണ് വിജയിക്കാനായിട്ടുളളത്. അതേസമയം അറബ് പാര്‍ട്ടികളായ റാം പാര്‍ട്ടിക്കും ജോയിന്റ് ലിസ്റ്റിനും കൂടി 19 സീറ്റുകളില്‍ വിജയം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. റാം പാര്‍ട്ടി 8 സീറ്റുകളിലും ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളിലും വിജയിച്ചു. അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Netanyahu

ഇതോടെ ഇസ്രായേല്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാജ്യത്തെ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് തള്ളി വിടാതെ സര്‍ക്കാര്‍ രൂപീകരണത്തിനുളള സാധ്യമായ വഴികള്‍ നോക്കാനാണ് പ്രസിഡണ്ട് ഐസക് ഹോര്‍സോഗ് പ്രധാന പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രക്തത്തില്‍ മുങ്ങിയ നെതന്യാഹു സര്‍ക്കാരിന് ഒരു മികച്ച ബദല്‍ മുന്നോട്ട് വെക്കുന്ന ആര്‍ക്കും ചര്‍ച്ചയ്ക്ക് വരാമെന്ന് ജോയിന്റ് ലിസ്റ്റ് തലവന്‍ യൂസഫ് ജബറീന്‍ വ്യക്തമാക്കുന്നു. സര്‍ക്കാരില്‍ നേരിട്ട് ഭാഗമാകാതെ ഐസന്‍കോട്ടിന് പുറത്ത് നിന്ന് പിന്തുണ നല്‍കാന്‍ അറബ് പാര്‍ട്ടികള്‍ തയ്യാറായേക്കും.

പുതിയ സര്‍ക്കാര്‍ രൂപീകരണം വൈകിയാല്‍ അത് വരെ നെതന്യാഹു ഇസ്രായേലിന്റെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ പ്രസിഡണ്ട് ഐസക് ഹെര്‍സോഗ് ആണ് ആരെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണം എന്ന് തീരുമാനിക്കുക. ഏറ്റവും വലിയ ഒറ്റക്കക്ഷി ലികുഡ് പാര്‍ട്ടി ആണെന്നിരിക്കേ നെതന്യാഹുവിനെ പ്രസിഡണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാനും സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പ്രസിഡണ്ട് ക്ഷണിക്കുന്ന നേതാവിന് 28 ദിവസത്തെ സമയം സര്‍ക്കാര്‍ രൂപീകരണത്തിന് ലഭിക്കും. അതിനുളളില്‍ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാനായില്ലെങ്കില്‍ 14 ദിവസം കൂടി പ്രസിഡണ്ടിന് അനുവദിക്കാം. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ പ്രസിഡണ്ടിന് അടുത്ത നേതാവിന് 28 ദിവസത്തെ സമയം അനുവദിക്കാം. ഇതും പരാജയപ്പെട്ടാല്‍ ഇസ്രായേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകാം. അഴിമതി ആരോപണങ്ങള്‍ അടക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരണം വ്യക്തിപരമായും രാഷ്ട്രീയപരമായും നെതന്യാഹുവിന് നിര്‍ണായകമാണ്.

ഇറാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി വൈകിപ്പിക്കാനോ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകാനോ ഇസ്രായേല്‍ താല്‍പര്യപ്പെടുന്നില്ല. അതിനിടെ വിദേശക്തികള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന ആരോപണം ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിക്കഴിഞ്ഞു. അറബ് വോട്ടുകള്‍ ഉയര്‍ത്താന്‍ ഖത്തറും തുര്‍ക്കിയും രാജ്യത്ത് പണമിറക്കിയെന്നാണ് ലികുഡ് പാര്‍ട്ടി ആരോപിക്കുന്നത്.

വിദേശശക്തികള്‍ ഇസ്രായേലിനെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് നെതന്യാഹു ആരോപിച്ചു. അറബ് പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും നെതന്യാഹു കുറ്റപ്പെടുത്തി. സംഭവത്തില്‍ ഷിന്‍ ബെത് സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma