'കലിപ്പ് തീരണില്ലല്ലോ'; ജീവിച്ചിരിക്കുന്ന 6000 കുടിയേറ്റക്കാരെ മരിച്ചവരായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ സമീപനത്തില്‍ ലോകവ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കൊടും കുറ്റവാളികളെപ്പോലെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചും കൈവിലങ്ങണിയിച്ച് നാട്ടിലേക്കു തിരിച്ചയച്ചതും ഉള്‍പ്പെടെ കടുത്ത നടപടികളാണ് ട്രംപിന്റെ നിര്‍ദേശപ്രകാരം ഉേദ്യാഗസ്ഥര്‍ കൈക്കൊള്ളുന്നത്. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാരെയാണ് അമേരിക്ക സൈനിക വിമാനത്തില്‍ കയറ്റി തിരിച്ചയച്ചത്.
ഒരു വശത്ത് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം കൊടുമ്പരി കൊള്ളുമ്പോഴാണ് വിവാദം ക്ഷണിച്ചുവരുത്തുന്ന അടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ജോ ബൈഡന്റെ ഭരണകാലത്ത് വിവിധ പ്രോഗ്രാമുകള്‍ പ്രകാരം അമേരിക്കയില്‍ പ്രവേശിക്കാനും രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി താമസിക്കാനും അനുമതി ലഭിച്ച നിരവധി പേരെയാണ് അടുത്തതായി ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

ഇപ്പോഴിതാ, ജീവിച്ചിരിക്കുന്ന ഇവരെ മരിച്ചവരായി പ്രഖ്യാപിച്ച് നാടുകടത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇത്തരത്തില്‍ 6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെയാണ് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
മരിച്ചവരായി പ്രഖ്യാപിച്ചവരുടെ നിയമപരമായുള്ള സാമൂഹിക സുരക്ഷാ നമ്പറുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ ഒരു വിധത്തിലും ജീവിക്കാന്‍ അനുവദിക്കാതെ സ്വയം നാടുകടത്തലിന് വിധേയമാകാനും അവരുടെ മാതൃരാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി മടങ്ങാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
യുഎസ് പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും താല്‍ക്കാലികമായി ജോലി ചെയ്യുന്ന താമസക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഒമ്പത് അക്ക നമ്പറുകളാണ് സാമൂഹിക സുരക്ഷാ നമ്പറുകള്‍. വിവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഈ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഈ നമ്പറുകള്‍ റദ്ദാക്കിയതോടെ ഇവര്‍ക്ക് ഇനി അമേരിക്കയില്‍ ജോലി ചെയ്യാനോ ആനുകൂല്യങ്ങള്‍ നേടാനോ സാധിക്കില്ല. ഇവര്‍ക്ക് മറ്റ് സഹായങ്ങള്‍ ലഭിക്കാന്‍ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
സാമൂഹിക സുരക്ഷാ നമ്പറുകള്‍ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം വിവിധ സാമ്പത്തിക സേവനങ്ങളില്‍നിന്ന് ഇവരെ ഒഴിവാക്കി. ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. ഇതോടെ ഇവരുടെ ജീവിതം തന്നെ അവതാളത്തിലായിരിക്കുകയാണ്.
താല്‍ക്കാലികമായി അമേരിക്കയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഫെഡറല്‍ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്. പുതിയ തീരുമാനം വൈകാതെ കോടതി കയറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയില്‍ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിബിപി വണ്‍ ആപ്പ് ഉപയോഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി റദ്ദാക്കിയിരുന്നു. ഏതാണ്ട് ഒന്‍പത് ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വണ്‍ ആപ്പ് ഉപയോഗിച്ച് അമേരിക്കയിലേക്ക് എത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ആറായിരത്തോളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ വിവാദ നടപടി ട്രംപ് കൈക്കൊണ്ടത്.












Click it and Unblock the Notifications