ചൈനയെ വെട്ടാൻ ഓസ്ട്രേലിയയുമായി കരാർ; വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്
താരിഫ് യുദ്ധത്തിൽ രണ്ട് ദിവസം മുമ്പ് ഒന്ന് മയപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നെയും കടുപ്പിച്ചു. അമേരിക്കയുടെ ചില ആവശ്യങ്ങളൊക്കെ പരിഗണിച്ചാൽ ചൈനക്ക് മേൽ ചുമത്തിയ അധിക തീരുവ കുറക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാലിപ്പോൾ നേരെ തിരിഞ്ഞു. ന്യായമായ വ്യാപാര കരാർ ഒപ്പിട്ടില്ലെങ്കിൽ ചൈനക്ക് മേൽ ഇപ്പോഴുള്ള 55% തീരുവക്ക് പകരം 155% തീരുവ ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഭീഷണിപ്പെടുത്തൽ മാത്രമല്ല ട്രംപ് ചെയ്തിരിക്കുന്നത്. ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കാനായി ഓസ്ട്രേലിയയുമായി കരാർ ഒപ്പിടുക കൂടിയാണ്. 8.5 ശതകോടി അമേരിക്കൻ ഡോളറിന്റെ കരാറാണ് ട്രംപും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഒപ്പുവെച്ചിരിക്കുന്നത്.

അമേരിക്കയുടെ തീരുവ യുദ്ധത്തിന് പിന്നാലെ ധാതുക്കളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ചൈന നിയന്ത്രിച്ചത് അമേരിക്കക്ക് തിരിച്ചടിയായിരുന്നു. കാരണം അപൂർവ ധാതുക്കളുടെയും സൂക്ഷ്മ ധാതുക്കളുടെയും ഖനനത്തിലും സംസ്കരണത്തിലും ശേഖരത്തിലും ഒന്നാമതാണ് ചൈന. യുദ്ധവിമാനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങി ലാപ്‌ടോപ്പുകൾ, ഫോണുകൾ വരെ നിരവധി മേഖലകളിൽ അത്യാവശ്യമുള്ള മൂലകങ്ങളുടെ കാര്യത്തിലാണ് ചൈനക്ക് വലിയ മേൽക്കോയ്മ ഉള്ളത്. അമേരിക്കയാകട്ടെ ഇത്തരം മൂലകങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവും.
ഇതിന് പുറമെ ചൈനയുടെ നടപടി അമേരിക്കക്ക് തിരിച്ചടിയായത് സോയാബീന്റെ കാര്യത്തിലാണ്. ലോകത്തെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതി രാജ്യമാണ് ചൈന. തീരുവ ഉയർത്തിയുള്ള വ്യാപാര യുദ്ധം അമേരിക്ക തുടങ്ങിയതോടെ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പായതിന് പിന്നാലെ സോയാബീൻ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ചൈനയങ്ങ് നിർത്തി. കൃത്യമായി പറഞ്ഞാൽ സെപ്തംബർ മുതൽ. ഏഴ് വർഷത്തിനിടെ ആദ്യമായി, 2018 നവംബറിന് ശേഷം ആദ്യമായിട്ടായിരുന്നു യു എസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായി നിർത്തുന്നത്.
ചൈനീസ് വ്യാപാരികൾ അമേരിക്കൻ ചരക്കുകൾ ഒഴിവാക്കിയതും യു എസ് സോയാബീനിന് ഏർപ്പെടുത്തിയ ഉയർന്ന തീരുവകളുമാണ് ഇതിന് കാരണമെന്ന് ചൈനയുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വിശദീകരിക്കുകയും ചെയ്തു. ചൈന തീരുമാനിച്ചിരിക്കുന്നത് ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും തന്നെ ഡിസംബർ വരെ സോയാബീൻ വാങ്ങാമെന്നാണ്. അതിന് അർത്ഥം അമേരിക്കൻ കർഷകരുടെ കണക്കുകൂട്ടലുകൾ പിന്നെയും തെറ്റുമെന്നാണ്. കോടിക്കണക്കിന് ഡോളർ നഷ്ടമാകുമെന്നാണ്.
ഈ ഘടകങ്ങൾ മുൻനിർത്തിയാണ് അമേരിക്കയുടെ ആവശ്യങ്ങൾ പരിഗണിച്ചാൽ തീരുവ കുറക്കുന്ന കാര്യം നോക്കാമെന്ന് ട്രംപ് പറഞ്ഞത്. സോയാബീൻ വാങ്ങിക്കുക. ധാതു നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയവയായിരുന്നു ആ ആവശ്യങ്ങൾ. അതിനിടയിലാണ് ട്രംപ് മലക്കം മറിഞ്ഞത്. അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കി നിരവധി രാജ്യങ്ങൾ അമേരിക്കയെ മുതലെടുത്തെന്നാണ് ട്രംപ് പറയുന്നത്. ഇനിയതൊന്നും വേണ്ടെന്നും. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഓസ്ട്രേലിയയുമായി ധാതു കരാറിലെത്തുന്നതാണോ ട്രംപിന്റെ മത്സരവീര്യം കൂട്ടിയതെന്നും വ്യക്തമല്ല.
ധാതു ശേഖരത്തിൽ ഓസ്ട്രേിലയയും സമ്പന്നമാണ്. അവരുമായി ധാരണയിലെത്തുന്നതോടെ ധാതുക്കളുടെ കാര്യത്തിൽ ചൈനയോടുള്ള ആശ്രയത്വം കുറക്കാൻ കഴിയുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നത്. ധാതുസമ്പത്തുള്ള രാജ്യങ്ങൾ വ്യാവസായിക വിതരണ ശൃംഖലകളുടെ സംരക്ഷണവും സ്ഥിരതയും കാത്തുസൂക്ഷിക്കാനും സാധാരണ ഗതിയിലുള്ള സാമ്പത്തിക വ്യാപാര സഹകരണം ഉറപ്പാക്കുന്നതിലും പങ്കു വഹിക്കണമെന്നാണ് ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ആഗോള ധാതു നിർമാണ വിതരണമേഖലയിൽ ചൈനക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഊർജമേഖലയിൽ ക്ലീൻ എനർജി അഥവാ ശുദ്ധ ഊർജ പരിവർത്തനത്തിന് വേഗം കൂടുന്നതിന് അനുസരിച്ച് അപൂർവ ധാതുക്കളുടെ ആവശ്യം കൂടും. ഇത് മുന്നിൽ കണ്ടാണ് അമേരിക്ക ഓസ്ട്രേലിയയെ കൂട്ടുപിടിക്കുന്നതും നമുക്ക് നോക്കി കാണാം എന്ന മട്ട് ചൈന സ്വീകരിച്ചിരിക്കുന്നതും. കാരണം അത്ര മേൽ ചൈനക്ക് സ്വാധീനവും ആധിപത്യവും ഉള്ള മേഖലയാണിത്.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജീൻപിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. നല്ല സുഹൃത്താണെന്ന് പറയുകയും താരിഫ് കൂട്ടുകയും ചെയ്യുന്ന ട്രംപിന്റെ നടപടികളോട് ചൈന എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം. താരിഫ് യുദ്ധത്തിന് ചൈന കൃത്യമായി മറുപടി പറഞ്ഞതു കൊണ്ടാണ് സ്വന്തം നാട്ടിലെ കർഷകരുടെ കഞ്ഞികുടി മുട്ടിച്ചെന്ന ദുഷ്പേര് ട്രംപിന് കിട്ടുന്നത്. താരിഫ് വർധനയിലൂടെ കിട്ടുന്ന അധിക വരുമാനം അവർക്കായി ഉപയോഗിക്കുമെന്ന നിലപാടിലൂടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രംപിന് കഴിയില്ല. വ്യാവസായിക മേഖലക്ക് ഏത് രീതിയിലാണ് തിരിച്ചടി വരിക എന്ന് കാണാനിരിക്കുന്നതേ ഉള്ളു താനും. കൊണ്ടും കൊടുത്തുമുള്ള തീരുവ യുദ്ധത്തിന്റെ അടുത്ത ഘട്ടമാണ് ഇനി വരാനിരിക്കുന്നത്.












Click it and Unblock the Notifications