മരുഭൂമിയില്‍ പടുത്തുയര്‍ത്തിയ യുഎസ് സൈനിക താവളങ്ങള്‍; മിഡില്‍ ഈസ്റ്റില്‍ എവിടെയൊക്കെ?
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്റെ ആക്രമണ ഭീഷണിയുടെ നിഴലിലാണ്. ഇസ്രായേലും അമേരിക്കയും ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യുഎസ് താവളങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ യുദ്ധഭീതി വര്‍ധിച്ചിരിക്കുകയാണ്.
ഇതിനകം ഖത്തറിലെയും യുഎഇയിലെയും കുവൈറ്റിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഇറാന്‍ ആരംഭിച്ചുകഴിഞ്ഞു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈനിക കേന്ദ്രങ്ങള്‍ ഇറാനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ്. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, യുഎഇ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ അതീവ ജാഗ്രതയിലാണ്.

ഖത്തര്‍
യുഎസിന് 51 രാജ്യങ്ങളിലായി കുറഞ്ഞത് 128 സൈനിക താവളങ്ങള്‍ എങ്കിലുമുണ്ട്. 2024ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്ക് എട്ടോളം സ്ഥിരം താവളങ്ങളും നിരവധി സൈനിക കേന്ദ്രങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ് ആണ്. ദോഹയ്ക്ക് സമീപം മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ വ്യോമതാവളത്തില്‍ മാത്രം പതിനായിരത്തോളം അമേരിക്കന്‍ സൈനികരുണ്ട്. 24 ഹെക്ടര്‍ വിസ്തൃതിയിലാണ് ഈ എയര്‍ബേസ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമതാവളമാണിത്. ഇവിടെ അത്യാധുനിക നിരീക്ഷണ വിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ബഹ്റൈന്‍
മറ്റൊരു പ്രധാന കേന്ദ്രം ബഹ്റൈനിലെ യുഎസ് നാവികസേനയുടെ കപ്പല്‍പ്പടയുടെ ആസ്ഥാനമാണ്. പേര്‍ഷ്യന്‍ ഗള്‍ഫ്, ചെങ്കടല്‍, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ നാവിക നീക്കങ്ങള്‍ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. ഏകദേശം ഒന്‍പതിനായിരത്തോളം സൈനികരും ഉദ്യോഗസ്ഥരും ബഹ്റൈനില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വലിയ യുദ്ധക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും അടുക്കാന്‍ കഴിയുന്ന ആഴക്കടല്‍ തുറമുഖ സൗകര്യം ഇവിടെയുണ്ട്.
കുവൈറ്റ്
കുവൈറ്റിലും അമേരിക്കയ്ക്ക് വലിയ സൈനിക സാന്നിധ്യമുണ്ട്. ക്യാമ്പ് അരിഫ്ജാന്‍, അലി അല്‍-സലേം എയര്‍ ബേസ് എന്നിവ പശ്ചിമേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്. ഇറാഖിലേക്കും സിറിയയിലേക്കും സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്നതിനുള്ള പ്രധാന ലോജിസ്റ്റിക് കേന്ദ്രമായി കുവൈറ്റ് പ്രവര്‍ത്തിക്കുന്നു. നിലവിലെ യുദ്ധസാഹചര്യത്തില്‍ ഈ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങള്‍ മേഖലയിലെ സമാധാനം കൂടുതല്‍ അപകടത്തിലാക്കും.
യുഎഇ
യുഎഇയുടെ തലസ്ഥാനമായ അബുദാബിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന അല്‍ ദഫ്ര വ്യോമതാവളവും അമേരിക്കയ്ക്ക് പ്രധാനപ്പെട്ടതാണ്. ഇവിടെ പത്തോളം വിമാന സ്‌ക്വാഡ്രണുകളും എംക്യു-9 റീപ്പര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഡ്രോണുകളും സജ്ജമാണ്. ഇതിനു പുറമെ ദുബായിലെ ജബല്‍ അലി തുറമുഖം അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ആവശ്യമായ ലോജിസ്റ്റിക് സഹായങ്ങള്‍ നല്‍കുന്നുമുണ്ട്. ഇവിടെ വിവിധ രാജ്യങ്ങള്‍ക്ക് സൈനിക പരിശീലനവും നല്‍കുന്നുണ്ട്.
സൗദി അറേബ്യ
സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലും അമേരിക്കന്‍ സൈനികര്‍ വലിയ തോതില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ രണ്ടായിരത്തിലധികം സൈനിക ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. ഇറാന്റെ മിസൈല്‍ ഭീഷണിയെ നേരിടാന്‍ പാട്രിയറ്റ്, താഡ് എന്നീ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സൗദി സര്‍ക്കാരുമായി സഹകരിച്ചാണ് ഈ താവളത്തിന്റെ പ്രവര്‍ത്തനം. ഈ താവളങ്ങളെല്ലാം ഇറാന്റെ മിസൈല്‍ പരിധിയിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. യുദ്ധവിമാനങ്ങള്‍ക്ക് ഇവിടെ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.
ഇറാഖ്
ഇറാഖിലെ അല്‍-അസദ്, ഇര്‍ബില്‍ വ്യോമതാവളങ്ങളിലും അമേരിക്കന്‍ സാന്നിധ്യം ശക്തമാണ്. ഏകദേശം 2,500-ഓളം സൈനികരും കരാര്‍ ജീവനക്കാരും ഇറാഖിലെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന ഒരു അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായും അമേരിക്കന്‍ സൈനികര്‍ ഇവിടെ നിലയുറപ്പിച്ചുണ്ട്.
2020-ല്‍ ഇറാനിയന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ താവളമാണ് അല്‍-അസദ്. അപ്പാച്ചെ, ചിനൂക്, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും നിരീക്ഷണ ഡ്രോണുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വടക്കന്‍ ഇറാഖിലെ ഇര്‍ബില്‍ താവളം സൈനിക പരിശീലനത്തിനും രഹസ്യാന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications