യാത്രക്കാരിയുടെ തലയില്‍ പേന്‍; വിമാനം അടിയന്തരമായി നിലത്തിറക്കി, വൈകിയത് 12 മണിക്കൂര്‍!
ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ മുടിയില്‍ പേന്‍ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ചലസ്-ന്യൂയോര്‍ക്ക് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഫീനിക്‌സില്‍ അടിയന്തരമായി ഇറക്കിയത്. ജൂണ്‍ 15 നായിരുന്നു സംഭവം. യാത്രക്കാര്‍ക്കിടയിലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും വിവരിച്ചുകൊണ്ട് വിമാനത്തിലെ യാത്രക്കാരനായ ഏഥാന്‍ ജൂഡല്‍സണ്‍ ടിക് ടോക്കില്‍ തന്റെ അനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യണം എന്നത് സംബന്ധിച്ച് ജീവനക്കാര്‍ മതിയായ വിവരങ്ങള്‍ നല്‍കാതിരുന്നത് യാത്രക്കാരെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഒരു സ്ത്രീ മുന്‍ഭാഗത്തേക്ക് കുതിക്കുന്നത് ഞാന്‍ കണ്ടു. ഈ സ്ത്രീയുടെ അസ്വാഭാവികമായ പെരുമാറ്റം എല്ലാവരിലും ആശങ്ക ജനിപ്പിച്ചു. സീറ്റ്‌ബെല്‍റ്റ് മാറ്റിയ ഉടന്‍ ഈ സ്ത്രീ മുന്നോട്ട് കുതിച്ചു.

ഇത് മറ്റ് യാത്രക്കാരില്‍ സംശയം ഉളവാക്കി', ജൂഡല്‍സണ്‍ പറയുന്നു. രണ്ട് യാത്രക്കാര്‍ ഒരു സ്ത്രീയുടെ മുടിയില്‍ പേന്‍ ഇഴയുന്നത് കണ്ടതാണ് സംഭവത്തിന്റെ തുടക്കം എന്ന് ദൃക്‌സാക്ഷികളുടെ സംസാരത്തില്‍ നിന്ന് വ്യക്തമാണ്. ഇത് അവര്‍ വിമാന ജീവനക്കാരെ അറിയിച്ചു. എന്നാല്‍ എല്ലാ യാത്രക്കാര്‍ക്കും ഇത് സംബന്ധിച്ച വ്യക്തതയുണ്ടായിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എയര്‍ലൈന്‍ യാത്രക്കാരോട് പറഞ്ഞത്.
ന്യൂയോര്‍ക്കിലേക്കുള്ള അവരുടെ ഫ്‌ലൈറ്റ് 12 മണിക്കൂറിനുള്ളില്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഹോട്ടല്‍ വൗച്ചറുകള്‍ നല്‍കുകയും ചെയ്തു. 'ഞങ്ങള്‍ ഫീനിക്‌സില്‍ ഇറങ്ങുമ്പോള്‍ തന്നെ ഹോട്ടലിനുള്ള നിങ്ങളുടെ വൗച്ചര്‍ ഇതാ' എന്ന ഇമെയില്‍ ഞങ്ങള്‍ക്ക് ലഭിച്ചു,' ജൂഡല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഭക്ഷണച്ചെലവിനായി 12 ഡോളര്‍ നല്‍കിയതായി ജൂഡല്‍സണ്‍ പറയുന്നു.
പിന്നീട് മെഡിക്കല്‍ എമര്‍ജന്‍സി കാരണമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവന ഇറക്കി. ജൂണ്‍ 15 ന്, ലോസ് ഏഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് സര്‍വീസ് നടത്തുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 2201 ഒരു ഉപഭോക്താവിന്റെ മെഡിക്കല്‍ ആവശ്യങ്ങള്‍ കാരണം ഫീനിക്‌സിലേക്ക് വഴിതിരിച്ചുവിട്ടു എന്ന് മാത്രമായിരുന്നു പ്രസ്താവനയില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications