യുഎസിനും താരിഫ്; തിരിച്ചടിച്ച് യൂറോപ്യൻ യൂണിയനും, 'ചർച്ചയ്ക്ക് തയ്യാർ'
യുഎസിന് ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ. അടുത്ത മാസം മുതൽ 26 ബില്യൺ യൂറോ (28.33 ബില്യൺ ഡോളർ) മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് എതിർ തീരുവ ചുമത്തുമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസ്താവനയിൽ വ്യക്കമാക്കി. യൂറോപ്യൻ യൂണിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയ യുഎസ് തീരുമാനം ഇന്ന് പ്രാബല്യത്തിൽ വന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ മറുപടി.
ഏപ്രിൽ 1 മുതൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് പുനരാരംഭിക്കുമെന്നും ഏപ്രിൽ പകുതിയോടെ പുതിയ നടപടികൾ കൈക്കൊള്ളുമെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം യുഎസുമായി ചർച്ച ചെയ്യാനും ഇപ്പോഴത്തെ പ്രതിസന്ധിച്ച് പരിഹാരം കാണാനും യൂറോപ്യൻ യൂണിയൻ തയ്യാറാണെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

'രണ്ട് ഘട്ടങ്ങളിലായാണ് യുഎസ് നടപടിക്ക് മറുപടി നൽകുക. ഏപ്രിൽ 1 മുതൽ പകരം തീരുവ തുമത്തും. ഏപ്രിൽ 13 മുതൽ പൂർണമായ തീരുമാനം കൈക്കൊള്ളും. ആരോഗ്യകരമായൊരു ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. യുഎസുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രേഡ് കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്', യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
2018 ൽ ആദ്യമായി യുഎസ് പ്രസിന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ യൂറോപ്യന്‍ സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങൾക്ക് ട്രംപ് തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് നിര്‍മിത വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും താരിഫ് ഏര്‍പ്പെടുത്തി തിരിച്ചടിച്ചിരുന്നു.
നേരത്തേ കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് യുഎസ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം തീരുവയും ചൈനയ്ക്ക് മേൽ 20 ശതമാനം ഇറക്കുമതി തീരുവയുമാണ് യുഎസ് ചുമത്തിയത്. യുഎസ് നടപടിക്കെതിരെ ശക്തമായ മറുപടിയാണ് കാഡനയും ചൈനയും നൽകിയത്. യുഎസ് ഉത്പന്നങ്ങൾക്ക് തങ്ങളും തീരുവ ഏർപ്പെടുത്തുമെന്നും ഇത്തരം നടപടികൾക്ക് മറുപടി കൊടുക്കാതിരിക്കാൻ ആകില്ലെന്നുമാണ് കാനഡ പ്രതികരിച്ചത്.
അതേസമയം യുഎസിന് 15 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ചൈനയും വ്യക്തമാക്കി. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നീ യുഎസ് ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവയും സോയാബീൻ, പന്നിയിറച്ചി, ബീഫ്, സമുദ്രവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവയും ചുമത്തുമെന്നും മാർച്ച് 15 മുതൽ തീരുവ നിലവിൽ വരുമെന്നും ചൈന അറിയിച്ചിരുന്നു.












Click it and Unblock the Notifications