ജന്മാവകാശ പൗരത്വം; ട്രംപിന് വഴങ്ങാതെ അപ്പീല്‍ കോടതിയും: ഇനി സുപ്രീംകോടതിയിലേക്കോ?
വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ വീണ്ടും കോടതിയുടെ തിരിച്ചടി. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനാവില്ലെന്ന് യു.എസിലെ അപ്പീല്‍ കോടതി വ്യക്തമാക്കി. ട്രംപിന്റെ ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. രണ്ടാം വട്ടം അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതികള്‍ ട്രംപിന്റെ ഉത്തരവിന് വഴങ്ങാതിരിക്കുന്നതോടെ വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.
നിലവിലുള്ള നിയമം അനുസരിച്ച് അമേരിക്കന്‍ മണ്ണിലോ ആകാശത്തോ ജനിക്കുന്ന ഏതൊരു കുഞ്ഞിനും ജന്മാവകാശ പൗരത്വം ലഭിക്കും. മാതാപിതാക്കളുടെ കുടിയേറ്റ സ്ഥിതി മക്കള്‍ക്കു പൗരത്വം ലഭിക്കുന്നതിനു തടസമാകില്ല. അതിനാല്‍ താല്‍ക്കാലിക വിസയിലും നിയവിരുദ്ധമായും കഴിയുന്ന നിരവധി വിദേശി ദമ്പതികള്‍ അമേരിക്കയില്‍ പ്രസവം നടത്താറുണ്ട്. ഈ പതിവ് അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് ആദ്യം സിയാറ്റില്‍ ജഡ്ജി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ കോടതിയിലെത്തിയത്. ട്രംപ് നിയമിച്ച ജഡ്ജി അടങ്ങുന്ന യു.എസ് ഒമ്പതാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് അപ്പീല്‍ തള്ളിയത്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുഎസിലെ വലിയൊരു വിഭാഗം താല്‍ക്കാലിക കുടിയേറ്റക്കാരെ ബാധിക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഉത്തരവ് നടപ്പാക്കിയാല്‍ അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം രാജ്യത്ത് സ്ഥിര താമസത്തിന് അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇതിനിടെ 22 സംസ്ഥാനങ്ങള്‍ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് ട്രംപിനെതിരേ രംഗത്തുവന്നത്.
അമേരിക്കയിലെ കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്താനും അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഉത്തരവെന്ന് യു.എസ് നീതിന്യായ വകുപ്പ് വാദിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഇതു പരിഗണിച്ചില്ല. കേസില്‍ കോടതിയുടെ അടിയന്തരമായി ഇടപെടല്‍ ആവശ്യമുണ്ടെന്ന് തെളിയിക്കാന്‍ യു.എസ് ഭരണകൂടത്തിന് കഴിയാത്ത സാഹചര്യത്തിലാണ് അപ്പീല്‍ കോടതിയുടെ മൂന്നംഗ ബെഞ്ച് ട്രംപിനെ കൈവിട്ടത്.












Click it and Unblock the Notifications