പാലസ്തീനെ പിന്തുണച്ച ഇന്ത്യന്‍ ഗവേഷകന്റെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ കോടതി; താല്‍ക്കാലിക ആശ്വാസം
വാഷിങ്ടണ്‍: പാലസ്തീന്‍ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ അമേരിക്കയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ഗവേഷകന് താല്‍ക്കാലിക ആശ്വാസം. യുഎസില്‍ അറസ്റ്റിലായ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷകന്‍ ഡോ. ബദര്‍ ഖാന്‍ സൂരിയുടെ നാടുകടത്തല്‍ കോടതി തടഞ്ഞു. ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വിര്‍ജീനിയ കോടതിയിലെ ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് ആണ് വിദ്യാര്‍ത്ഥിക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.
പാലസ്തീന്‍ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ബദര്‍ ഖാന്‍ സൂരിയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അറസ്‌റ്റെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. കോടതി മറ്റൊരു ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഗവേഷകനെ അമേരിക്കയില്‍ നിന്ന് പുറത്താക്കരുതെന്ന് ജഡ്ജി ഉത്തരവിട്ടു. ബദര്‍ ഖാന്‍ സൂരിയെ നിശബ്ദമാക്കാനും പ്രതികാര നടപടിയായാണ് പോലീസ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.

ഹമാസ് ബന്ധം ആരോപിച്ചാണ് ബദര്‍ ഖാന്‍ സൂരി അമേരിക്കയില്‍ നടപടി നേരിടുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം പാലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. സര്‍വകലാശാലകളില്‍ ഹമാസ് അനുകൂല പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ നാടുകടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്നതിനെതിരേ മുസ്ലീം അഭിഭാഷക സംഘടനകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബദര്‍ ഖാന്‍ സൂരിയുടെ നാടുകടത്തല്‍ തടയണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) രംഗത്തുവന്നിരുന്നു. അടിയന്തര ഹര്‍ജിയും സംഘടന ഫയല്‍ ചെയ്തിരുന്നു. സൂരിയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും നാടുകടത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും എസിഎല്‍യു അഭിഭാഷക സോഫിയ ഗ്രെഗ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രിയിലാണ് ബദര്‍ ഖാന്‍ സൂരിയെ വെര്‍ജീനിയയിലെ വീടിനു സമീപത്തുനിന്നു തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യ മെഫീസ് സാലഹ് യുഎസ് പൗരത്വമുള്ള പലസ്തീന്‍ വംശജയാണ്. സൂരി ഹമാസ് അനുകൂല പ്രചാരണം നടത്തുകയും സമൂഹ മാധ്യമങ്ങളില്‍ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അധികൃതര്‍ ആരോപിക്കുന്നത്.
ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയശേഷമാണ് സൂരി സ്റ്റുഡന്റ് വിസയില്‍ യുഎസിലേക്കു പോയത്. വാഷിങ്ടണ്‍ ഡിസിയിലുള്ള ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലീം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആണ് ഇദ്ദേഹം.












Click it and Unblock the Notifications