അങ്ങനെ ഒറ്റക്ക് തീരുമാനിക്കാനാകില്ല; താരിഫ് നയങ്ങളില്‍ ട്രംപിനെ പിടിച്ചുകെട്ടി യുഎസ് കോടതി
വാഷിങ്ടണ്‍: ലോക സാമ്പത്തിക വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കിയ പുതിയ താരിഫ് നയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ട്രംപിന്റെ താരിഫ് നയങ്ങളെ ചോദ്യം ചെയ്ത അമേരിക്കന്‍ ഫെഡറല്‍ കോടതി താരിഫ് നയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫുമായി ബന്ധപ്പെട്ട നയങ്ങള്‍ സ്വന്തമായി മാറ്റാന്‍ പ്രസിഡന്റിന് നിയമപരമായ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രസിഡന്റാണെങ്കില്‍ പോലും ജനപ്രതിനിധി സഭയായ യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ നികുതി ചുമത്താന്‍ അവകാശമില്ലെന്നും യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ ഭരണഘടനാവിരുദ്ധമാണെന്ന് മാൻഹട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോടതി ചൂണ്ടിക്കാട്ടിയതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഏപ്രിൽ 2-ന് ട്രംപ് "ലിബറേഷൻ ഡേ" എന്ന പേര് നൽകി യുഎസിലേക്കുള്ള ഭൂരിഭാഗം ഇറക്കുമതികൾക്കും 10% താരിഫ് ഏർപ്പെടുത്തിയിരുന്നു. ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഉയർന്ന നിരക്കിൽ താരിഫുകൾ ഏർപ്പെടുത്തുകയും ചെയ്തു. വ്യാപാര രംഗത്ത് അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന അവകാശവാദത്തോട് കൂടിയായിരുന്നു ട്രംപ് ഇത്തരമൊരു നയം സ്വീകരിച്ചത് . എന്നാൽ രാജ്യത്തെ നിയമം രാഷ്ട്രപതിക്ക് ഇത്തരത്തിൽ അൺലിമിറ്റഡ് താരിഫ് ഏർപ്പെടുത്താനുള്ള അധികാരം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
യുഎസ് ഭരണഘടന പ്രകാരം അന്താരാഷ്ട്ര വാണിജ്യം നിയന്ത്രിക്കാനുള്ള അധികാരം കോൺഗ്രസിനാണ്.അസാധാരണവും അടിയന്തരവുമായ ഭീഷണികളെ നേരിടാൻ മാത്രമാണ് പ്രസിഡന്റിന്റ് അധികാരം നൽകുന്നത്. എന്നാൽ, യുഎസിന്റെ വ്യാപാര കമ്മി (trade deficit) ഒരു അടിയന്തര ഭീഷണിയായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 49 വർഷമായി യുഎസ് മറ്റ് രാജ്യങ്ങളുമായി വ്യാപാര കമ്മി നേരിടുന്നുണ്ട്. ഇത് അസാധാരണമല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതി വിധിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. വിധിക്കെതിരെ ട്രംപ് ഭരണകൂടം ഇതിനോടകം അപ്പീൽ നൽകിയതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. "തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർ" പ്രസിഡന്റിന്റെ തീരുമാനങ്ങളിൽ ഇടപെടുന്നത് ശരിയല്ലെന്ന വിമർശനമാണ് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നിയമപരമായ മാർഗങ്ങളും ഉപയോഗിക്കുമെന്നും ട്രംപ് ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു.
ഒറിഗൺ, അരിസോണ എന്നിവയുൾപ്പെടെ 12 യുഎസ് സംസ്ഥാനങ്ങളാണ് ട്രംപിന്റെ താരിഫുകൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നത്. ഈ താരിഫുകൾ സാമ്പത്തികമായി വിനാശകരമാണെന്നും നിയമവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾ വാദിച്ചു. " രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. വ്യാപാര തീരുമാനങ്ങൾ പ്രസിഡന്റിന് സ്വന്തം ഇഷ്ടപ്രകാരം എടുക്കാൻ സാധിക്കില്ല" ഒറിഗൺ അറ്റോർണി ജനറൽ ഡാൻ റേയ്ഫീൽഡ് അഭിപ്രായപ്പെട്ടു.
അതേസമയം, 1962-ലെ ട്രേഡ് എക്സ്പാൻഷൻ ആക്ടിന്റെ സെക്ഷൻ 232 പ്രകാരം ഏർപ്പെടുത്തിയ സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള താരിഫുകൾ ഈ വിധിയുടെ പരിധിയിൽ വരുന്നില്ല. ഈ താരിഫുകൾ തുടരുമെന്നാണ് സൂചന. അമേരിക്കയുടെ താല്‍പര്യം സംരിക്കാനെന്ന വാദമാണ് ട്രംപ് ഉയർത്തിയെങ്കിലും താരിഫ് നയങ്ങള്‍ രാജ്യത്ത് തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് ഓഹരികളുടെയും ബോണ്ടുകളുടെയും മൂല്യത്തിൽ വൻ ഇടിവുണ്ടായി. ഡോവ് ജോൺസ് ഇൻഡസ്ട്രിയൽ ഏവറേജ് ഫ്യൂച്ചറുകൾ 520 പോയിന്റ് (1.2%) ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications