അടങ്ങാതെ ഇസ്രായേല്‍; സഹികെട്ട് അമേരിക്കയും: മുന്നറിയിപ്പുമായി ജെ ഡി വാൻസ്
ഗാസ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേൽ സ്വന്തം സുഹൃത്തും സഖ്യകക്ഷിയുമായ അമേരിക്കയുടെയും ക്ഷമ പരീക്ഷിച്ച് തുടങ്ങിയോ? ഹമാസിന്റെ നിരായുധീകരണത്തിനായി അമേരിക്കയുടെ മേൽ സമ്മർദം തുടരുന്ന ഇസ്രായേൽ ഇതുവരെ റഫാ അതിർത്തി തുറന്നിട്ടില്ല. ഗാസ ആക്രമണം തുടരുന്നുമുണ്ട്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം പാലസ്തീനികൾ കൊല്ലപ്പെട്ടു. ഇതും പോരാഞ്ഞ് ഒലീവ് കർഷകർക്ക് നേരെ കുടിയേറ്റക്കാരും ആക്രമണം നടത്തുന്നു. രണ്ടാംഘട്ട ചർച്ചകളുമായി അമേരിക്കയുടെ പ്രതിനിധി സംഘം ഇസ്രായേലിൽ തുടരുമ്പോഴും ഇസ്രായേൽ ആക്രമണം തുടർന്നു. മാത്രമല്ല ഗാസയിൽ 153 ടൺ ബോംബ് വർഷിച്ചെന്ന് പാർലമെന്റിൽ തന്നെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുകയും ചെയ്തു.
ഇതിനിടയിലാണ് വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ബിൽ ഇസ്രായേൽ പാർലമെന്റ് പാസാക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ പരമാധികാരം ഏർപെടുത്താനുള്ള ബിൽ ആണ് പാസാക്കിയിരിക്കുന്നത്.24ന് എതിരെ 25 വോട്ടിനാണ് പാസാകൽ. ഇനി അത് പാർലമെന്റിന്റെ വിദേശകാര്യ പ്രതിരോധ സമിതി ചർച്ച ചെയ്യണം. ഈ നടപടിയാണ് ഇതുവരെ കണ്ണും പൂട്ടി ഇസ്രായേലിനെ പിന്തുണച്ച് വന്ന അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാറിനെ ദുർബലപ്പെടുത്തുന്നതാണ് നടപടിയെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു കഴിഞ്ഞു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് മടങ്ങിയതിന് പിന്നാലെ ഇസ്രായേലിലെത്തിയതായിരുന്നു റൂബിയോ.

അപമാനകരമായ നടപടിയെന്ന് രൂക്ഷമായാണ് വാൻസ് ഇസ്രായേൽ നടപടിയെ വിമർശിച്ചത്. ഇസ്രായേൽ സന്ദർശം പൂർത്തിയാക്കി മടങ്ങവെ ടെൽ അവീവ് വിമാനത്താവളത്തിൽ വെച്ചാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്. നെസെറ്റ് ഉദ്ദേശിച്ചത് രാഷ്ട്രീയ തന്ത്രമാണെങ്കിൽ അത് വലിയ വിഡ്ഢിത്തരമായ രാഷ്ട്രീയ തന്ത്രമാണെന്ന് വാൻസ് തുറന്നടിച്ചു. സമാധാന കരാറിന്റെ കാര്യത്തിലും വെസ്റ്റ് ബാങ്കിന്റെ കാര്യത്തിലും അമേരിക്കൻ നിലപാട് സുവ്യക്തമാണെന്നും പറഞ്ഞ വാൻസ് വെസ്റ്റ് ബാങ്ക് ഇസ്രായേൽ കൂട്ടിച്ചേർക്കില്ല എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടെന്നും വിശദീകരിച്ചു. എന്നിട്ടും ഇസ്രായേൽ പാർലമെന്റ് ബിൽ പാസാക്കിയതിൽ വ്യക്തിപരമായി വലിയ അപമാനം തോന്നുന്നു എന്നു കൂടി വാൻസ് പറഞ്ഞു വെച്ചു.
അങ്ങനെ എന്തെങ്കിലും ചെയ്താൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ ഇസ്രായേലിനുള്ള എല്ലാ പിന്തുണയും അമേരിക്ക അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15ന് ടൈംസ് മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്. ഇന്നാണ് അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുക എന്ന കാര്യം സംഭവിക്കാൻ പാടില്ല, അറബ് രാജ്യങ്ങൾക്ക് വാക്ക് നൽകിയതാണ്, സമാധാനത്തിനായി നന്നായി സഹകരിക്കുന്ന അറബ് രാജ്യങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം, ഇസ്രായേൽ അത്തരം നടപടികളിലേക്ക് കടന്നാൽ പിന്നെ അമേരിക്കൻ പിന്തുണയില്ല.ഇതാണ് ട്രംപിന്റെ നിലപാട്.
ഇപ്പോൾ തന്നെ സമാധാകരാറിന്റെ ഭാവി തുലാസിലാണ്. വെടിനിർത്തൽ കരാർ തുടരുമെന്ന് പറയുന്നതിനിടയിലും ആക്രമണം തുടരുന്ന ഇസ്രായേൽ ഇനി പുതിയ എന്തെങ്കിലും നടപടികളിലേക്ക് കടക്കുമോ എന്ന് ആശങ്ക ഉയർത്തുന്നതാണ് പുതിയ നടപടികൾ. ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടു നൽകുന്ന കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സമയമെടുക്കലും അമേരിക്ക തന്നെയും സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആ പേര് പറഞ്ഞാണ് കരാർ പ്രകാരം ചെയ്യേണ്ടിയിരുന്നിട്ടും ഇസ്രായേൽ ഗാസയിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നത്. ഗാസയിലുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ് കൂടി നിർദേശിച്ചിട്ടുണ്ട്. വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇസ്രായേൽ കേട്ട മട്ടില്ല. ഇതിനിടയിലാണ് പാർലമെന്റിലെ പ്രമേയം
ഗാസ വെടിനിർത്തൽ കരാർ സാധ്യമാക്കിയതിലൂടെ പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം നിർവഹിച്ചു എന്നും ആഗോളതലത്തിൽ സംഘർഷങ്ങളും യുദ്ധങ്ങളും ഒഴിവാക്കുന്ന നേതാവായെന്നും സ്വയം വിശേഷിപ്പിച്ചിരുന്ന നേതാവാണ് ട്രംപ്. കരാർ പൂർണമായോ ഭാഗികമായോ പരാജയപ്പെടുകയാണെങ്കിൽ, അത് ട്രംപിന്റെ പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയാകും. ഇസ്രായേലുമായുള്ള സൗഹൃദം മാറ്റിവെച്ച് ട്രംപ് കടുത്ത നിലപാട് എടുക്കുമോ എന്ന് കാത്തിരുന്ന് കാണണം.












Click it and Unblock the Notifications