യുഎസ് തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്..നെഞ്ചിടിപ്പേറ്റി 7 സംസ്ഥാനങ്ങൾ..പോസ്റ്റൽ വോട്ടുകൾ നിർണായകം
വാഷിങ്ടൺ; അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനും റിപബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.ഇലക്ടറൽ വോട്ടുകളിൽ ബൈഡനാണ് മുന്നിൽ. 227 വോട്ടുകളാണ് ബൈഡന് ലഭിച്ചത്. അതേസമയം ട്രംപിനാകട്ടെ 213 വോട്ടുകളാണ് കിട്ടിയത്. പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് കടന്നതോടെ ഇനി പോസ്റ്റൽ വോട്ടുകളിലേക്കാണ് ഉറ്റുനോക്കപ്പെടുന്നത്.

കുതിച്ച് ട്രംപ്
പ്രീപോൾ സർവ്വേ പ്രവചങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള ഫലങ്ങളാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ പുറത്തുവരുന്നത്. മിക്ക സംസ്ഥാനങ്ങളിലും തുടക്കത്തിൽ ജോ ബൈഡൻ ലീഡ് നേടിയിരുന്നുവെങ്കിലും സ്വിങ്ങ് സ്റ്റേറ്റുകൾ എന്നറിയിപ്പെടുന്ന സംസ്ഥാനങ്ങളായ ഫ്ലോറിഡ, ടെക്സാസ് എന്നിവിടങ്ങളിൽ ഉൾപ്പെടെ അന്തിമ ഘട്ടത്തിൽ ഞെട്ടിക്കുന്ന വിജയമാണ് ട്രംപ് നേടിയത്.

ഏഴ് സംസ്ഥാനങ്ങളിൽ
ഇനി ബാക്കി വരാനുള്ളത് എട്ടിടത്തെ ഫലങ്ങളാണ്.18 സംസ്ഥാനങ്ങളില്‍ ജോ ബൈഡനും 25 സംസ്ഥാനങ്ങളില്‍ ട്രംപും വിജയം നേടി.എന്നാൽ ട്രംപ് വിജയം ഉറപ്പിച്ച മിക്ക സംസ്ഥാനങ്ങളിലും നേരിയ മുൻതൂക്കം മാത്രമാണ് നേടിയത് എന്നത് കൊണ്ട് തന്നെ വരാനിരിക്കുന്ന ഫലങ്ങളിൽ തപാൽ വോട്ടുകൾ ഏറെ നിർണായകമാകും.

ഗതി മാറിയേക്കും
നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോളിന, ജോര്‍ജ്ജിയ, അലാസ്‌ക എന്നിവിടങ്ങളിലാണ് ഇനി ഫലം വരാനുള്ളത്. നിലവിൽ ഈ സംസ്ഥാനങ്ങളിൽ പലയിടത്തും ട്രംപ് ലീഡ് നേടുന്നുണ്ടെങ്കിലും പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞാൽ ഫലത്തിന്റെ ഗതി മാറിയേക്കും.

നേരിയ മുൻതൂക്കം
പെൻസിൽവാനിയയിലും അരിസോണയിലും ജോർജ്ജിയയും താൻ വിജയിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇവിടങ്ങളിൾ ഇതുവരെയുള്ള കണക്കുകൾ ട്രംപിന് ആശ്വാസകരമല്ല. പെൻസിൽവാനിയയിൽ ട്രംപിന് 14.4ശതമാനം മാത്രമാണ് ലീഡ് ഉള്ളത്.ജോർജിയയിൽ 2.5 ഉം അിസോണയിൽ വെറും 6 ശതമാനവും.
മറ്റ് സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല.

സമയം എടുക്കും
ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരും പോസ്റ്റൽ വോട്ടിനെയാണ് ആശ്രയിച്ചത്. പോസ്റ്റൽ വോട്ട് ചെയ്തവരിൽ കൂടുതൽ ഡെമോക്രാറ്റുകളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കണക്കുകളെ ആശ്രയിച്ച് പ്രസിഡന്റിനെ പ്രഖ്യാപിക്കുക സാധ്യമല്ല.മാത്രമല്ല പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിയാൻ ഇനിയും സമയം എടുക്കുമെന്നതിനാൽ ഫല പ്രഖ്യാപനം നീണ്ട് പോയേക്കും.

സുപ്രീം കോടതിയിലേക്ക്
അതേസമയം താനാണ് ജയിച്ചതെന്നും ഡെമോക്രാറ്റുകൾ തിരിമറി നടത്തിയെന്നുമാണ് ട്രംപിന്റെ ആരോപണം. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടുകൾ എണ്ണുന്നത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.












Click it and Unblock the Notifications