ട്രംപിനെതിരെ പോരാട്ടത്തിന് മുന്‍ വൈസ് പ്രസിഡന്റ്, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മത്സരിക്കും. യുഎസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വമ്പന്‍ മത്സരമാണ് നടക്കുന്നത്. ആരാകും പ്രൈമറിയില്‍ കൂടുതല്‍ വോട്ട് നേടി പ്രധാന സ്ഥാനാര്‍ത്ഥിയാവുകയെന്ന് ഇനി അങ്ങോട്ടുള്ള പ്രചാരണങ്ങളില്‍ നിന്നറിയാം.
പെന്‍സ്, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള മത്സരമാണ് ആരംഭിച്ചിരിക്കുന്നത്. ഇനി പ്രചാരണത്തിന്റെ സമയം കൂടിയാണ്. ഒരു വീഡിയോയാണ് പെന്‍സ് ആദ്യം പുറത്തിറക്കുക. പ്രസംഗവും, ടൗണ്‍ ഹാളിലെ പരിപാടിയും ഇതോടൊപ്പമുണ്ടാവും.

അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇതിനോടകം നിരവധി പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കഴിഞ്ഞതാണ്. ബുധനാഴ്ച്ചയാണ് 63കാരനായ മൈക്ക് പെന്‍സിന്റെ പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് നേരത്തെ നടക്കുന്ന അയോവയിലെ ഒരു പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.
ഇവിടത്തെ പ്രസംഗത്തിലൂടെ അദ്ദേഹം മത്സര രംഗത്ത് സജീവമാകുകയും ചെയ്യും. എന്നാല്‍ നിലവില്‍ ട്രംപ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വളരെ മുന്നിലാണ്. മറ്റുള്ളവരൊക്കെ പ്രൈമറിയില്‍ അദ്ദേഹത്തിനൊപ്പമെത്തുമോ എന്നും സംശയമാണ്. പെന്‍സ് മൂന്നാം സ്ഥാനത്താണ് ഉള്ളത്. എന്നാല്‍ പിന്തുണ വളരെ കുറവാണ്.
2017-21 കാലയളവില്‍ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് പെന്‍സ് വൈസ് പ്രസിഡന്റായത്. ഇനി പിന്തുണ വര്‍ധിപ്പിക്കുകയാണ് പെന്‍സിന് മുന്നിലുള്ള ഏക വഴി. ട്രംപ് ഭരണകൂടത്തിന്റെ അതേ അജണ്ട തന്നെയായിരിക്കും പെന്‍സും പ്രചാരണത്തില്‍ മുന്നില്‍ വെക്കുകയെന്നാണ് കരുതുന്നത്.
ട്രംപുമായി വളരെ അടുത്ത ബന്ധവും, അദ്ദേഹത്തിന്റെ വിശ്വസ്തനുമായിരുന്നു ഭരണകാലയളവില്‍ പെന്‍സ്. എന്നാല്‍ യുഎസ് ക്യാപിറ്റല്‍ ആക്രമണത്തോടെ ട്രംപുമായി അദ്ദേഹം അകലുകയും ചെയ്തു. ജോ ബൈഡന്റെ ജയത്തെ അസാധുവാക്കണമെന്ന് നേരത്തെ പെന്‍സിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വിജയത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നല്‍കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ പെന്‍സ് ഇത് നിരസിക്കുകയായിരുന്നു. മൈക്ക് പെന്‍സിന് ധൈര്യമില്ലെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.
കലാപ സമയത്ത് ട്രംപ് അനുകൂലികള്‍ മൈക്ക് പെന്‍സിനെ തൂക്കിലേറ്റണമെന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. നിരവധി ട്രംപ് അനുകൂലികള്‍ പെന്‍സിനെ ചതിയനും, ഒറ്റുകാരനുമായിട്ടാണ് കാണുന്നത്. ട്രംപ് കലാപകാരികളെ പ്രോത്സാഹിപ്പിച്ചത്, തന്റെ കുടുംബത്തെയും, ക്യാപിറ്റലില്‍ ആ ദിവസമുണ്ടായിരുന്ന എല്ലാവരെയും അപകടത്തിലാക്കുന്ന നടപടിയായിരുന്നുവെന്ന് പെന്‍സ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളെല്ലാം ഇനി പ്രചാരണത്തിലും,ടിവി ചര്‍ച്ചകളിലും പങ്കെടുക്കും. അടുത്ത ഫെബ്രുവരിയിലാണ് പ്രൈമറികള്‍ ആരംഭിക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ളവര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവും. ഇവരാണ് ജോ ബൈഡനെ നേരിടുക.












Click it and Unblock the Notifications