പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ തന്നെ; നേരിയ ഭൂരിപക്ഷം മാത്രമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നിലനിര്‍ത്തുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. 435 അംഗ പ്രതിനിധി സഭയില്‍ 218 സീറ്റുകള്‍ ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായി. ഇത് മറികടക്ക് ഡെമോക്രാറ്റുകള്‍ എത്തുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വലിയ ഭൂരിപക്ഷമുണ്ടാകില്ല. നാലോ അഞ്ചോ സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് സാധ്യത എന്ന് ഫോക്‌സ് ന്യൂസും എന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രചാരണ ഘട്ടത്തിലെല്ലാം ഡൊണാള്‍ഡ് ട്രംപിനെയും റിപബ്ലിക്കന്‍ പാര്‍ട്ടിയെയും പിന്തുണച്ചിരുന്ന മാധ്യമമാണ് ഫോസ്‌ക് ന്യൂസ്. അവരുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിനിധി സഭ തിരിച്ചുപിടിക്കാനാകില്ലെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും കരുതുന്നു. ഡെമോക്രാറ്റുകള്‍ ഏതാനും സീറ്റുകള്‍ക്ക് മുന്നിലെത്തുമെന്നാണ് സ്പീക്കര്‍ നാന്‍സി പെലോസി സൂചിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടാല്‍ അദ്ദേഹം നടപ്പാക്കിയ പല പദ്ധതികളും ഉത്തരവുകളും റദ്ദാക്കുമെന്ന് പെലോസി നേരത്തെ സൂചിപ്പിച്ചുരുന്നു.
പ്രസിഡന്റ് മാറുകയും സഭയിലും സെനറ്റിലും ഭരണം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ട്രംപിന്റെ മുന്‍ ഉത്തരവുകള്‍ വേഗത്തില്‍ മാറ്റാന്‍ സാധിക്കൂ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നത്. ട്രംപ് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വളരെ പിന്നിലായിരുന്നു എങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കവെ അദ്ദേഹം മുന്നേറിയതാണ് കാഴ്ച. മാത്രമല്ല, സെനറ്റില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ് എന്നാണ് ഇതുവരെയുള്ള വിവരം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫല പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. വെള്ളിയാഴ്ച വരെ സമ്പൂര്‍ണ ഫല പ്രഖ്യാപനം സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍സില്‍വാനിയ സ്റ്റേറ്റിലെ വോട്ടുകള്‍ എണ്ണി തീരാനാണ് കൂടുതല്‍ സമയം പിടിക്കുക. റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിക്കുന്നുണ്ട്. അവര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അന്തിമ ഫല പ്രഖ്യാപനം വീണ്ടും വൈകാനാണ് സാധ്യത.












Click it and Unblock the Notifications