വോട്ട് പാഴാക്കില്ല: യുഎസ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശ നിലയത്തില്‍ നിന്നും വോട്ട് ചെയ്യാന്‍ സുനിതയും വില്‍മോറും
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് തന്നെ വോട്ട് ചെയ്യും. പേടകത്തിന്റെ തകരാർ കാരണം നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടിങ്ങിയ ഇരുവരുടേയും മടങ്ങി വരവ് അടുത്ത വർഷം ഫെബ്രുവരിയോടെ മാത്രമേ ഉണ്ടാകൂ എന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നവംബറില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഇരുവർക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നത്.
എട്ട് ദിവസത്തെ ദൗത്യനായിരുന്നു ഇരുവരം ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ക്യാപ്‌സ്യൂളിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അവരുടെ താമസം ഫെബ്രുവരി 2025 വരെ നീട്ടി. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികളും ഗവേഷണ പ്രവർത്തനങ്ങളും തുടരുകയുമാണ്.

നാസയിലെ മുതിർന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) അതായത് ഭൂമിയിൽ നിന്ന് 250 മൈൽ ഉയരത്തിലാണെങ്കിലും വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാസ തന്നെ മുന്‍കൈ എടുക്കുകയായിരുന്നു. ബഹിരാകാശയാത്രികരെ സംബന്ധിച്ച് ഇത് ഒരു അപൂർവ പദവിയാണ്.
വോട്ടിങ് എങ്ങനെ നടക്കുമെന്ന് വില്‍മോർ വ്യക്തമാക്കിയിട്ടുണ്ട്. "ഞാൻ ഇന്ന് ഒരു ബാലറ്റിനുള്ള എൻ്റെ അഭ്യർത്ഥന അയച്ചു, വാസ്തവത്തിൽ, അവർ അത് രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് എത്തിക്കും. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടത് പൗരന്മാർ എന്ന നിലയിൽ നാമെല്ലാവരും വഹിക്കേണ്ട് വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ്. ഇത്തരം ഒരു അവസരം ലഭിച്ചതില്‍ ഞങ്ങള്‍ വളരെ സന്തോഷവാന്മാരാണ്" അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വോട്ടിങ്. 1997-ൽ ബഹിരാകാശ സഞ്ചാരി ഡേവിഡ് വുൾഫ് മിർ ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയതോടെ ബഹിരാകാശത്ത് നിന്നുള്ള വോട്ട് ആദ്യമായി യാഥാർത്ഥ്യമായി. അടുത്തിടെ, 2020-ൽ, നാസയുടെ ബഹിരാകാശ സഞ്ചാരി കേറ്റ് റൂബിൻസും തൻ്റെ ദൗത്യത്തിനിടെ ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തിരുന്നു.
അതേസമയം, സഞ്ചാരികളെ കൂട്ടാതെ ബോയിംഗിൻ്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും കഴിഞ്ഞയാഴ്ച ഭൂമിയിലേക്ക് മടങ്ങിയിരുന്നു. വർഷങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും ശേഷം ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പേടകം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ ദൗത്യം രണ്ട് മാസത്തോളമായി തടസ്സപ്പെടുകയായിരുന്നു.












Click it and Unblock the Notifications