അമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി രാജകുമാരന്‍; പ്രശ്‌നമുണ്ടാക്കരുത്!! അപകടം പിടിച്ച സ്ഥലമാകും

  • Written By:
Subscribe to Oneindia Malayalam

റിയാദ്: അമേരിക്കയുടെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് സൗദി രാജകുമാരന്‍. മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് രാജകുമാരന്‍ അമേരിക്കയെ ഓര്‍മിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ മേഖല കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് രാജകുടുംബത്തില്‍ നിന്ന് തന്നെ അമേരിക്കക്കെതിരായ സ്വരമുണ്ടായിരിക്കുന്നത്. സൗദിയും അമേരിക്കയും അടുത്ത ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ്. അമേരിക്കയും ഇസ്രായേലും തമ്മിലും മികച്ച ബന്ധമാണ്. ഈ ബന്ധങ്ങളിലുള്ള പ്രശ്‌നങ്ങരും വൈരുധ്യങ്ങളും തുറന്നുപറയുകയാണ് സൗദി രാജകുമാരന്‍. അമേരിക്കന്‍ നേതൃത്വങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്ന പ്രതികരണമാണിത്. രാജകുമാരന്റെ വാക്കുകള്‍ ഇങ്ങനെ.....

രൂക്ഷവിമര്‍ശനം

രൂക്ഷവിമര്‍ശനം

അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങള്‍ക്കെതിരെയാണ് സൗദി രാജകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ ചില ഇടപെടലുകള്‍ മേഖലയെ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചാടിക്കുമെന്ന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. രാജകുടുംബത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണിദ്ദേഹം. നേരത്തെ സൗദി രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായിരുന്നു.

സാഹചര്യം ഇതാണ്

സാഹചര്യം ഇതാണ്

അമേരിക്ക ഇസ്രായേലുമായുണ്ടാക്കുന്ന അടുപ്പത്തെ സൂചിപ്പിച്ചാണ് ഫൈസല്‍ രാജകുമാരന്‍ വിമര്‍ശിച്ചത്. തെല്‍ അവീവിലെ അമേരിക്കന്‍ എംബസി ഓഫീസ് ജറുസലേമിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇതിന്റെ ഔദ്യോഗിക പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഉചിതമായ നീക്കമല്ലെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

ഇങ്ങനെ ഒന്ന് ആദ്യം

ഇങ്ങനെ ഒന്ന് ആദ്യം

അമേരിക്കന്‍ പ്രസിഡന്റിന്റെ ജറുസലേം നീക്കത്തിനെതിരെ സൗദി രാജകുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്രയും കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനം നേരിടുന്നത്. അമേരിക്കയുടെ എംബസി മാറ്റാനുള്ള തീരുമാനം പശ്ചിമേഷ്യയെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്ന് രാജകുമാരന്‍ പറഞ്ഞു. അല്‍ ഖാഇദ അമേരിക്കക്കെതിരെ ആക്രമണം ശക്തമാക്കാന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

കരാറുകള്‍ മാനിക്കണം

കരാറുകള്‍ മാനിക്കണം

സിഎന്‍ബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫൈസല്‍ രാജകുമാരന്‍ അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ചത്. അമേരിക്ക നിയമത്തിനൊപ്പം നിലനില്‍ക്കണം. നീതിക്ക് വേണ്ടി നിലകൊള്ളണം. അന്താരാഷ്ട്ര കരാറുകളെ മാനിക്കണമെന്നും ഫൈസല്‍ രാജകുമാരന്‍ തുറന്നടിച്ചു.

നയങ്ങള്‍ മാറി

നയങ്ങള്‍ മാറി

അമേരിക്ക പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. നേരത്തെ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും അമേരിക്കയായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കന്‍ വിദേശനയത്തില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്.

ഉപകാരം ഇതുമാത്രം

ഉപകാരം ഇതുമാത്രം

തെല്‍അവീവില്‍ നിന്ന് അമേരിക്കയുടെ എംബസി ജറുസലേമിലേക്ക് മാറ്റുന്ന നടപടി മേഖലയില്‍ ഒരു സമാധാനവും കൊണ്ടുവരില്ലെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മേഖല കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങുകയായിരിക്കും ഫലം. പശ്ചിമേഷ്യയെ അപക പ്രദേശമാക്കാന്‍ മാത്രമേ ഇതുകൊണ്ട് ഉപകരിക്കൂവെന്നും ഫൈസല്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ടു.

മകളും മരുമകനും

മകളും മരുമകനും

തിങ്കളാഴ്ചയാണ് എംബസി മാറ്റുന്നത്. ട്രംപ് ജറുസലേമിലെ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. പകരം മകളെയും മരുമകനെയുമാണ് അയച്ചിട്ടുള്ളത്. ഇവാങ്ക ട്രംപും ജറേദ് കുഷ്‌നറും വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളാണ്. ട്രംപിന്റെ മിക്ക പശ്ചിമേഷ്യന്‍ നയങ്ങളും തീരുമാനിക്കുന്നതും മകളും ഭര്‍ത്താവുമാണ്.

എല്ലാ മുസ്ലിംരാജ്യങ്ങളിലും

എല്ലാ മുസ്ലിംരാജ്യങ്ങളിലും

കഴിഞ്ഞ ഡിസംബറിലാണ് എംബസി മാറ്റത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. മുസ്ലിം ലോകത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു ഈ പ്രഖ്യാപനം. അമേരിക്കയുടെ തീരുമാനം ഫലസ്തീനില്‍ മാത്രമല്ല, എല്ലാ മുസ്ലിം രാജ്യങ്ങളിലും യുഎസ് വിരുദ്ധ വികാരം വളര്‍ത്താന്‍ കാരണമാകുമെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. 2005-07 കാലത്ത് സൗദിയുടെ അമേരിക്കന്‍ അംബാസഡറായിരുന്നു ഫൈസല്‍ രാജകുമാരന്‍.

മുസ്ലിംകള്‍ക്കെതിര്

മുസ്ലിംകള്‍ക്കെതിര്

അമേരിക്ക മുസ്ലിംകള്‍ക്കെതിരാണ് എന്നാണ് തീവ്രവാദ സംഘടനകളുടെ പ്രചാരണം. ഈ പ്രചാരണത്തിന് ബലം കിട്ടുന്നതാണ് എംബസി മാറ്റം. ഇറാന്റെ വാദങ്ങള്‍ക്ക് പശ്ചിമേഷ്യയില്‍ മേല്‍ക്കൈ കിട്ടുകയാണ് ഇതിന്റെ ഫലം. അമേരിക്ക ഇസ്രായേലിനോട് പ്രത്യക്ഷത്തില്‍ അടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഇറാന്‍ വളരുമെന്നും ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

സല്‍മാന്‍ രാജാവ് പറഞ്ഞത്

സല്‍മാന്‍ രാജാവ് പറഞ്ഞത്

അടുത്തടെ സൗദി രാജാവും ഇക്കാര്യത്തില്‍ അമേരിക്കെതിരെ രംഗത്തുവന്നിരുന്നു. അറബ് ലീഗ് ഉച്ചകോടിയിലായിരുന്നു അദ്ദേഹം അമേരിക്കയുടെ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. സൗദിയിലെ ദമ്മാമിലാണ് അറബ് ലീഗ് ഉച്ചകോടി ഇത്തവണ നടന്നത്. 22 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

ഫലസ്തീനൊപ്പം

ഫലസ്തീനൊപ്പം

മുസ്ലിം രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. ഇതിനിടെയാണ് രാജാവ് കടുത്ത ഭാഷയില്‍ അമേരിക്കക്കെതിരെ സംസാരിച്ചത്. ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് സൗദി അറേബ്യ. ഈ നിലപാടില്‍ ഒരുമാറ്റവും ഉണ്ടാകില്ല. അറബ് ലോകത്തിന്റെ ഏക ആശങ്ക ഫലസ്തീന്‍കാരുടെ കാര്യത്തിലാണെന്നും സല്‍മാന്‍ രാജാവ് ഊന്നിപ്പറഞ്ഞു.

വിവാദ നടപടി

വിവാദ നടപടി

നിലവില്‍ അമേരിക്കയുടെ ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്നത് തെല്‍ അവീവിലാണ്. ഇസ്രായേലിലെ പ്രധാന നഗരമാണ് തെല്‍ അവീവ്. ഇവിടെയാണ് ഇസ്രായേലിന്റെ വിമാനത്താവളമുള്ളത്. മറ്റു നിരവധി രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും ഇവിടെ തന്നെ. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

എല്ലാം അവഗണിച്ചു

എല്ലാം അവഗണിച്ചു

ട്രംപ് തിരഞ്ഞെടുപ്പ് വേളയില്‍ ഇസ്രായേലിനും അമേരിക്കയിലെ ജൂത സമൂഹത്തിനും നല്‍കിയ ഉറപ്പായിരുന്നു എംബസി മാറ്റം. എന്നാല്‍ ഫലസ്തീന്‍ പ്രദേശമായ ജറുസലേമിലേക്ക് എംബസി മാറ്റുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകരാജ്യങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ട്രംപിന്റെ നീക്കം.

അഭിവാജ്യ ഘടകം

അഭിവാജ്യ ഘടകം

അമേരിക്കയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് തങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നുവെന്ന് സൗദി രാജാവ് അറബ് ലീഗ് യോഗത്തില്‍ വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം ഫലസ്തീന്‍ അഭിവാജ്യ ഘടകമാണ്. ഈ സ്ഥലത്തേക്ക് അമേരിക്കയുടെ ഇസ്രായേല്‍ എംബസിമാറ്റുന്നത് അംഗീകരിക്കില്ല. പശ്ചിമേഷ്യയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതാണ് അമേരിക്കന്‍ നീക്കമെന്നും സൗദി രാജാവ് അഭിപ്രായപ്പെട്ടു.

സുരക്ഷയ്ക്ക് പണം

സുരക്ഷയ്ക്ക് പണം

കിഴക്കന്‍ ജറുസലേമിലെ ഇസ്ലാമിക പൈതൃകങ്ങളുടെ സുരക്ഷയ്ക്കും അറ്റക്കുറ്റ പണികള്‍ക്കുമായി പ്രത്യേക ഫണ്ടും സൗദി രാജാവ് പ്രഖ്യാപിച്ചിരുന്നു. 15 കോടി ഡോളര്‍ ഫലസ്തീന്‍ ഭരണകൂടത്തിന് നല്‍കുമെന്ന് രാജാവ് പറഞ്ഞു. ഇസ്ലാമിക പൈതൃകങ്ങള്‍ നശിപ്പിക്കാന്‍ മേഖലയില്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് സൗദിയുടെ ഫണ്ട്.

പുണ്യ കേന്ദ്രം

പുണ്യ കേന്ദ്രം

മുസ്ലിംകള്‍ക്ക് മൂന്ന് പുണ്യ ആരാധനാലയങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ജറുസലേമിലെ അഖ്‌സ പള്ളി. മക്കയിലെയും മദീനയിലേയും പള്ളികള്‍ കഴിഞ്ഞാല്‍ അഖ്‌സ പള്ളിക്കാണ് മുസ്ലിം ലോകം പ്രാധാന്യം കല്‍പ്പിക്കുന്നത്. മക്കയിലെ കഅ്ബയും മദീനയിലെ പ്രവാചകന്റെ പള്ളിയും പോലെ മുസ്ലിംകള്‍ പവിത്രമായി കരുതുന്നതാണ് ജറുസലേമിലെ പള്ളി. അഖ്‌സയുടെ പള്ളിയുടെ ചുമതല ജോര്‍ദാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനാണ്.

മൂന്ന് മതങ്ങളുടെ കേന്ദ്രം

മൂന്ന് മതങ്ങളുടെ കേന്ദ്രം

ജറുസലേം മുസ്ലിംകള്‍ക്ക് മാത്രമല്ല പ്രധാന ഭൂമിയാകുന്നത്. ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും പുണ്യഭൂമിയാണ് ജറുസലേം. ഈ പ്രദേശത്തിന്റെ അവകാശത്തര്‍ക്കമാണ് പശ്ചിമേഷ്യയിലെ വിവാദം. നേരത്തെ ഇത് ഫലസ്തീന്‍കാരുടെ കൈവശമായിരുന്നു. 1967ലെ അറബ്-ജൂത യുദ്ധത്തിലാണ് ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യത്തിന് ലഭിച്ചത്. ജറുസലേമിന്റെ പൂര്‍ണ അധികാരം ഫലസ്തീന്‍കാര്‍ക്ക് നല്‍കണമെന്നാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
US embassy in Jerusalem will increase Middle East instability, warns Saudi Arabian prince

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X