ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തി പ്രസവിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി എംബസി
വാഷിങ്ടണ്‍: ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തി അവിടെ വച്ച് പ്രസവിച്ച് കുഞ്ഞിന് യുഎസ് പൗരത്വം സ്വന്തമാക്കാമെന്ന് വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി ട്രംപ് ഭരണകൂടം. യുഎസ് പൗരത്വം നേടാനുള്ള കുറുക്കുവഴിയായി ടൂറിസ്റ്റ് വിസയില്‍ യുഎസിലെത്തി പ്രസവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സര്‍ക്കാരിന്റെ കടുത്ത നടപടി. പ്രസവം എന്ന ലക്ഷ്യത്തോടെയാണ് യാത്രയെങ്കില്‍ ടൂറിസ്റ്റ് വിസ അപേക്ഷകള്‍ ഇനി മുതല്‍ നിരസിക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കി.
ഇന്ത്യയിലെ യുഎസ് എംബസി എക്സില്‍ പങ്കുവെച്ച പോസ്റ്റലാണ് ഈ നയം വ്യക്തമാക്കിയത്. 'കുട്ടിക്ക് യുഎസ് പൗരത്വം നേടാന്‍ വിദേശത്തു നിന്നും അമേരിക്കയിലെത്തി പ്രസവിക്കുക എന്നതാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യം എന്ന് യുഎസ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയാല്‍ ടൂറിസ്റ്റ് വിസ അപേക്ഷകള്‍ നിരസിക്കും. ഇത് അനുവദനീയമല്ല' - എന്നാണ് എംബസി കുറിച്ചത്. ഇവര്‍ക്ക് ഭാവിയില്‍ വിസ ലഭിക്കുന്നതിനും അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്ക് നേരിട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.

അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ ഈ വര്‍ഷം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ഇനി മുതല്‍ അമേരിക്കന്‍ സംവിധാനങ്ങളെ കബളിപ്പിച്ച് യുഎസില്‍ പ്രസവിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിക്കുന്ന ടൂറിസ്റ്റ് വിസ അപേക്ഷകള്‍ തള്ളിക്കളയും. ജന്മാവകാശ പൗരത്വം നേടാന്‍ സന്ദര്‍ശക വിസ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള യുഎസ് ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നിയമം.
ട്രംപ് ഭരണകൂടം എല്ലാ എച്ച്-1ബി, എച്ച്-4 അപേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ മുന്നറിയിപ്പ് വരുന്നത്. ഇത് ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications