യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി എംബസി; സ്ഥിരമായ വിലക്ക് നേരിട്ടേക്കാം
വാഷിങ്ടണ്‍: യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി. വിദേശ കുടിയേറ്റങ്ങള്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന മുന്നറിയിപ്പ് എംബസി പുറപ്പെടുവിച്ചത്.
അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി അറിയിക്കാതെ ക്ലാസുകള്‍ മുടക്കിയാല്‍ ഗുരുതരമായ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പിലുള്ളത്. സ്‌കൂള്‍ അധികൃതരെ അറിയിക്കാതെ തുടര്‍ച്ചയായി ക്ലാസുകള്‍ മുടക്കുകയോ പഠനം ഉപേക്ഷിക്കുകയോ ചെയ്താല്‍ ഭാവിയില്‍ യുഎസ് വിസകള്‍ക്കുള്ള യോഗ്യത വരെ നഷ്ടപ്പെടും എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

സമൂഹ മാധ്യമമായ എക്‌സിലുടെയാണ് ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചത്. വിസയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ എല്ലായ്‌പ്പോഴും പാലിക്കാനും വിദ്യാര്‍ത്ഥി എന്ന പദവി നിലനിര്‍ത്താന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിനെ അറിയിക്കാതെ പഠനം ഉപേക്ഷിക്കുകയോ ക്ലാസ്സുകള്‍ ഒഴിവാക്കിയോ ചെയ്താല്‍ ഭാവിയില്‍ യുഎസിലേക്കുള്ള പ്രവേശനത്തിന് പോലും വിലക്ക് നേരിട്ടേക്കാം.
അനുവദിച്ചിട്ടുള്ള വിസാ കാലാവധി കഴിഞ്ഞും വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തുടര്‍ന്നാല്‍ നാടുകടത്താനും ഭാവിയില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്കും നേരിടേണ്ടി വന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഇതു ബാധകമാണ്.
വിസ നിയമങ്ങള്‍ ലംഘിച്ചതിന് ഇതിനകം നിരവധി അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് നാടുകടത്തല്‍ നേരിടുന്നത്. വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. വിസ ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞിരുന്നു കേസ് അവസാനിക്കുന്നത് വരെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് യുഎസ് ജില്ലാ ജഡ്ജി ഉത്തരവിട്ടിരുന്നു.
നാടുകടത്താനുള്ള തീരുമാനം കോടതിയുടെ പരിഗണനയിലാണെങ്കിലും കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായാലോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാലോ അവരുടെ വിദ്യാര്‍ത്ഥി എന്നുള്ള നിയമപരമായ പദവി റദ്ദാക്കപ്പെട്ടേക്കാം. ഭാവിയില്‍ അമേരിക്കയിലേക്ക് ഒരിക്കലും പ്രവേശിക്കാനും കഴിയില്ല.
വിദേശ പൗരന്മാര്‍ക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് ഭരണകൂടം 4700 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പഠനാനുമതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ അറിയിപ്പോ വിശദീകരണമോ നല്‍കിയിട്ടില്ല.


Click it and Unblock the Notifications