ബൈഡന്റെ വീട്ടില്‍ എഫ്ബി ഐ റെയ്ഡ്; ആറ് രഹസ്യരേഖകള്‍ കൂടി കണ്ടെടുത്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വസതിയില്‍ എഫ് ബി ഐ നടത്തിയ റെയ്ഡില്‍ ആറ് രഹസ്യ രേഖകള്‍ കൂടി കണ്ടെത്തി. ക്ലാസിഫൈഡ് അടയാളങ്ങളുള്ള രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്. ജോ ബൈഡന്റെ ഡെലവെയറിലെ വില്‍മിംഗ്ടണിലുള്ള കുടുംബ വീട്ടില്‍ ആയിരുന്നു 13 മണിക്കൂര്‍ നീണ്ട റെയ്ഡ് എഫ് ബി ഐ നടത്തിയത്.
പ്രസിഡന്റിന്റെ ചില കുറിപ്പുകളും എഫ് ബി ഐ പിടിച്ചെടുത്തതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. രഹസ്യ രേഖകള്‍ ബൈഡന്‍ സെനറ്റ് അംഗവും വൈസ് പ്രസിഡന്റും ആയിരുന്ന കാലത്തേതാണ്. കുറിപ്പുകള്‍ വൈസ് പ്രസിഡന്റ് ആയ സമയത്തേതുമാണ് എന്ന് അഭിഭാഷകന്‍ ബോബ് ബോവര്‍ പറഞ്ഞു.
നേരത്തെ വാഷിംഗ്ടണ്‍ ഡി സിയിലെ പെന്‍ ബൈഡന്‍ സെന്ററില്‍ നിന്നും കഴിഞ്ഞ നവംബര്‍ രണ്ടിന് ചില രഹസ്യ രേഖകള്‍ കണ്ടെടുത്തിരുന്നു. അധികാരമൊഴിഞ്ഞാലുടന്‍ ഔദ്യോഗിക രേഖകളെല്ലാം തിരിച്ചേല്‍പിക്കണം എന്നാണ് യു എസ് നിയമം പറയുന്നത്.
മുന്‍പ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക രേഖകള്‍ ഫ്‌ളോറിഡയിലെ മറലാഗോ വസതിയില്‍ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തിരുന്നു. ഇതിന് ശക്തമായ പ്രതിഷേധമായിരുന്നു അന്ന് ജോ ബൈഡന്‍ ഉയര്‍ത്തിയിരുന്നത്. അതേസമയം അന്വേഷണവുമായി സഹകരിക്കും എന്നാണ് ജോ ബൈഡന്റെ അഭിഭാഷകന്‍ പറയുന്നത്.
രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഇത് വേഗത്തില്‍ പരിഹരിക്കാന്‍ കാത്തിരിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ തിരച്ചില്‍ നടത്തുമ്പോള്‍ പ്രസിഡന്റും പങ്കാളി ജില്‍ ബൈഡനും ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ വീട്ടില്‍ വാരാന്ത്യം ചെലവഴിക്കുകയായിരുന്നു.
അതിനിടെ തിരച്ചില്‍ കഴിയുന്നത് വരെ വൈറ്റ് ഹൗസ് സംഭവത്തില്‍ പ്രതികരിക്കരുത് എന്ന് എഫ് ബി ഐ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. രഹസ്യ രേഖകള്‍ വിവാദമായതോടെ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ജോ ബൈഡന് തിരിച്ചടിയാണ്.
അതേസമയം സംഭവം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് ഹൗസും ഗൗരവമായാണ് കാണുന്നത്. യു എസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കണം എന്ന് സ്പെഷല്‍ കൗണ്‍സില്‍ റിച്ചാര്‍ഡ് എറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 27 വരെയാണ് പരിശോധനക്കായി സമയം അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications