'എല്ലാ മനുഷ്യരും തുല്യർ: ട്രാൻസ്ജെൻഡർ സൈനികരെ ഒഴിവാക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് കോടതി
ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും കോടതിയില്‍ നിന്നും തിരിച്ചടി. ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ സൈന്യത്തിൽ നിന്ന് വിലക്കിയ ട്രംപിന്റെ നടപടിയാണ് ഇത്തവണ കോടതി തടഞ്ഞിരിക്കുന്നത്. യുഎസ് ഫെഡറൽ കോടതി ട്രംപ് സർക്കാരിന്റെ ഉത്തരവ് സസ്പെൻഡ് ചെയ്തതിനോടൊപ്പം തന്നെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷണത്തോടെയാണ് ട്രംപിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിരിക്കുന്നത്.
നിരോധനം ട്രാൻസ്‌ജെൻഡർ സൈനികരുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും വിധി പുറപ്പെടുവിച്ച യുഎസ് ജില്ലാ ജഡ്ജി അന സി. റെയ്‌സി വ്യക്തമാക്കി. 'ഇത് വലിയ രീതിയിലുള്ള പൊതു ചർച്ചയ്ക്കും അപ്പീലുകൾക്കും കാരണമാകുമെന്ന് കോടതിക്ക് അറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് ഇത് രണ്ടും നല്ലതാണ്.' കോടതി വ്യക്തമാക്കി.

ജനുവരി അവസാനമാണ് ട്രാൻസ്ജെൻഡർമാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നത് സംബന്ധിച്ച ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത്. ആണും പെണ്ണും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമേയുള്ളുവെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് അദ്ദേഹം അവകാശപ്പെട്ടു. ട്രാൻസ്ജെൻഡർ സൈനികരെ ജോലിയിൽനിന്ന് പിരിച്ച് വിടാനുള്ള നീക്കവും അമേരിക്ക ആരംഭിച്ചിരുന്നു. ഉത്തരവ് പൂർണ്ണമായി നടപ്പാക്കുകയാണെങ്കില്‍ 15000 ട്രാൻസ്ജെൻഡർ സൈനികർ പുറത്താക്കപ്പെടുമെന്നാണ് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
സൈന്യത്തിലെ ട്രാന്‍സ്ജന്‍ഡറുകളെ തിരിച്ചറിയാന്‍ 30 ദിവസത്തിനുള്ളിൽ നടപടിക്രമം ഉണ്ടാക്കുമെന്നും ഉടന്‍ തന്നെ ഇവരെ പിരിച്ചു വിട്ടേക്കുമെന്ന അഭ്യൂഹവും ഉത്തരവ് പിന്നാലെ ശക്തമായിരുന്നു. എന്നാല്‍ മികച്ച യുദ്ധശേഷിയുള്ളവരെ സർക്കാറിന് താല്‍പര്യമുണ്ടെങ്കില്‍ സേനയില്‍ നിലനിർത്താമെന്ന ഇളവ് പിന്നീട് അനുവദിക്കപ്പെട്ടു. പിരിച്ചു വിടപ്പെടാതിരിക്കാന്‍ തുടർച്ചയായി 3 വർഷം ലിംഗപരമായ സ്ഥിരത പുലർത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ട്രാന്‍സ്ജെന്‍ഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള വിലക്ക് 2016 ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് നീക്കുന്നത്. ഇതോടെ സൈന്യത്തിലേക്ക് ട്രാന്‍സ്ജന്‍ഡർ വിഭാഗത്തില്‍ നിന്നും വലിയ തോതില്‍ നിയമനങ്ങള്‍ നടന്നു. എന്നാല്‍ 2019 ല്‍ ആദ്യമായി അധികാരത്തില്‍ വന്ന ട്രംപ് ഭരണകൂടം ഇതില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അന്ന് തന്നെ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 021 ല്‍ ജോ ബൈഡന്‍ ഈ നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയും യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications