പുടിന്‍, നിങ്ങള്‍ക്ക് ആ കുഞ്ഞുങ്ങളുടെ ചിരി തിരിച്ചുകൊടുക്കാന്‍ കഴിയും; ഹൃദയംതൊടുന്ന കത്തുമായി യുഎസ് പ്രഥമ വനിത
വാഷിങ്ടണ്‍: യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന കൊടിയ ദുരിതത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്, യുഎസ് പ്രഥമ വനിതയുടെ കത്ത്. ഹൃദയം തൊടുന്ന വരികളാണ് മെലാനിയ ട്രംപ് പുടിന് നല്‍കിയ കത്തില്‍ കുറിച്ചിരിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് തന്റെ ഭാര്യ മെലാനിയയുടെ കത്ത് പുടിന് കൈമാറിയത്.
യുക്രൈന്റെ പേര് പരാമര്‍ശിക്കാതെയാണ് മെലാനിയ കത്തെഴുതിയിരിക്കുന്നത്. യുദ്ധത്തിനിടയില്‍ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കാന്‍ പുടിനെ പ്രേരിപ്പിക്കുന്നതാണ് കത്ത്. സമാധാനം പുനസ്ഥാപിച്ച് ആ കുഞ്ഞുങ്ങളുടെ ചിരി വീണ്ടെടുക്കാനും മെലാനിയ ആഹ്വാനം ചെയ്യുന്നു.

കത്തിലെ വരികള്‍ ഇങ്ങനെയാണ്: എല്ലാ കുഞ്ഞുങ്ങളും, അവര്‍ ഗ്രാമത്തില്‍ ജനിച്ചാലും നഗരത്തില്‍ ജനിച്ചാലും ഒരു പോലെയാണ്. അവര്‍ നല്ല സ്വപ്നങ്ങള്‍ കാണുന്നു. സ്‌നേഹവും സംരക്ഷണവും ആഗ്രഹിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അടുത്ത തലമുറയുടെ പ്രതീക്ഷ വളര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.
നേതാക്കളെന്ന നിലയില്‍ നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകം നിര്‍മ്മിച്ചെടുക്കാന്‍ നാം പരിശ്രമിക്കണം. അങ്ങനെ ഓരോ ജീവനും സമാധാനത്തിലേക്ക് ഉണരും. അവരുടെ ഭാവി തന്നെ പൂര്‍ണമായി സംരക്ഷിക്കപ്പെടും. ഓരോ തലമുറയുടെയും പിന്‍ഗാമികളായ കുഞ്ഞുങ്ങള്‍ ജീവിതം ആരംഭിക്കുന്നത് വിശുദ്ധിയോടെയാണ്. പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമാണ് കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത.
ഇന്നത്തെ ലോകത്ത്, ചില കുട്ടികള്‍ നിശബ്ദമായി ചിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവരുടെ ചുറ്റും ഇരുട്ടാണെങ്കിലും. പുടിന്‍, നിങ്ങള്‍ക്ക് ആ കുഞ്ഞുങ്ങളുടെ മനോഹരമായ ചിരി പുനസ്ഥാപിക്കാന്‍ കഴിയും. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത സംരക്ഷിക്കുന്നതിലൂടെ മനുഷ്യത്വത്തെയാണ് നിങ്ങള്‍ സേവിക്കുന്നത്' -മെലാനിയ കത്തില്‍ പറയുന്നു.
അമേരിക്കന്‍, റഷ്യന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ പുടിന്‍ കത്ത് വായിച്ചു. കത്തിന്റെ പകര്‍പ്പ് ആദ്യം ഫോക്‌സ് ന്യൂസിനാണ് ലഭിച്ചത്. പിന്നീട് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ഉള്‍പ്പെടെയുള്ള ട്രംപ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ കത്ത് വ്യാപകമായി പ്രചരിപ്പിച്ചു. മെലാനിയയുടെ കത്തിന് വ്യാപകമായ പിന്തുണയാണ് ലഭിക്കുന്നത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യ യുക്രൈനിലെ കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടു പോയതായി ആരോപണം ഉയര്‍ന്നിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ പതിനായിരക്കണക്കിന് കുട്ടികളെയാണ് റഷ്യയിലേക്കും റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലേക്കും റഷ്യന്‍ ഭരണകൂടം ബലമായി കൊണ്ടുപോയത്. ഇത് യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ഈ കുട്ടികളുടെ ഭാവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് മെലാനിയയുടെ കത്ത് പ്രസക്തമാകുന്നത്. അതേസമയം, ഈ കത്തിനോട് റഷ്യന്‍ അധികാരികള്‍ പ്രതികരിച്ചിട്ടില്ല.
യുദ്ധമേഖലയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിച്ചത് അവരെ സംരക്ഷിക്കാനാണെന്നാണ് റഷ്യന്‍ ഭരണകൂടത്തിന്റെ വാദം. 2022 ഫെബ്രുവരിയിലാണ് യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചത്. യുദ്ധത്തില്‍ ദശലക്ഷക്കണക്കിന് കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്. പലര്‍ക്കും നല്ലൊരു ബാല്യം പോലും നഷ്ടപ്പെട്ടു. കുട്ടികളുടെ അവകാശങ്ങളും ലംഘിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറയുന്നു.












Click it and Unblock the Notifications