ട്രംപ് സ്വീകരിച്ച കോവിഡിന്റെ രണ്ടാം മരുന്നിന് യുഎസ് അനുമതി
വാഷ്ങ്ടണ്‍: കോവിഡ് ബാധിച്ചവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നല്‍കാനുള്ള രണ്ടാമത്തെ മരുന്നിന് യുഎസിന്റെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത് ഈ ആന്റി ബോഡി മരുന്നായിരുന്നു. റീജണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മരുന്ന് വികസിപ്പിച്ചത്.
കോവിഡ് ചെറിയ തോതില്‍ തൊട്ട് മിതമായി വരെ ബാധിച്ചവര്‍ക്കാണ് ആശുപത്രിവാസം ഒഴിവാക്കാനും സ്ഥിതി മോശമാകാതിരിക്കാനും ഈ മരുന്നു നല്‍കുന്നത്. ഒരു തവണയാണ് നല്‍കുക. മുതിര്‍ന്നവരിലും 12 വയസിനുമുകളിലുള്ള കുട്ടികള്‍കളിലും ഇവ ഉപയോഗിക്കുന്നതിനാണ് അനുമതി. കുറഞ്ഞത് 40 കിലോയില്‍ അധികം ഭാരമുള്ളവര്‍ ആയിരിക്കണം.
അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയെങ്കിലും മരുന്നിന്റെ സുരക്ഷയേക്കുറിച്ചും ഫലത്തേക്കുറിച്ചും പരിശോധനകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ് . ഒരു കോടിക്കു മുകളില്‍ ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും കൂടുതല്‍ പേര് കോവിഡ് ബാധിച്ച് മരിച്ചതും അമേരിക്കയിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലെ ട്രംപ് ഭരണ കൂടം പരാജയപ്പെടുകയായിരുന്നു.
ഇന്ത്യയില്‍ മൂന്ന് മാസത്തിനകം കോവിഡ് വാക്സിന് എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയോടെ ഇന്ത്യയില്‍ കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.