കോടതിയും കൈവിട്ടു; പലസ്തീന്‍ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലിനെ അമേരിക്കയില്‍ നിന്ന് നാടുകടത്താന്‍ അനുമതി
വാഷിങ്ടണ്‍: യുഎസ് ഫെഡറല്‍ കോടതിയും കൈവിട്ടതോടെ വിദേശ വിദ്യാര്‍ത്ഥിയും പലസ്തീന്‍ ആക്ടിവിസ്റ്റുമായ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഉറപ്പായി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കഴിഞ്ഞ മാസമാണ് കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ മഹ്‌മൂദിനെ അറസ്റ്റ് ചെയ്തത്. യുവാവിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് യുഎസ് ഇമിഗ്രേഷന്‍ കോടതി ശരിവെച്ചു. യുഎസ് ഇമിഗ്രേഷന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണിത്.
ലൂസിയാനയിലെ കുടിയേറ്റക്കാര്‍ക്കായുള്ള ജയിലാണ് മഹ്‌മൂദ് ഖലീലിനെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കി മഹ്‌മൂദിനെ നാടുകടത്താമെന്ന് ലൂസിയാനയിലെ ഇമിഗ്രേഷന്‍ ജഡ്ജി ഉത്തരവിട്ടു. ഖലീലിന്റെ നാടുകടത്തല്‍ വിധി വൈകിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

യുഎസിലെ ഖലീലിന്റെ സാന്നിധ്യം അമേരിക്കന്‍ വിദേശനയ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അതേസമയം, യുഎസില്‍ സ്ഥിര താമസത്തിനുള്ള അംഗീകാരം ലഭിച്ച ഖലീലിനെതിരെ മറ്റൊരു കുറ്റവും ചുമത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ നാടുകടത്തല്‍ തീരുമാനത്തിനെതിരേ വിമര്‍ശനം ശക്തമാണ്.
പലസ്തീന്‍ അവകാശങ്ങള്‍ക്കായി സംസാരിച്ചതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് തന്റെ അറസ്റ്റ് എന്ന് യുവാവ് വാദിക്കുന്നു. കോടതിയില്‍ 90 മിനിറ്റോളം നീണ്ടുനിന്ന വാദപ്രതിവാദത്തിനൊടുവിലായിരുന്നു ജഡ്ജിയുടെ തീരുമാനം.
കോടതിയുടെ ഈ ഉത്തരവിനെ തങ്ങളുടെ വലിയ നേട്ടമായിട്ടാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. കാരണം അമേരിക്കയിലുള്ള നിരവധി വിദേശ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ക്ക് ഈ വിധി ഊര്‍ജം പകരും. ഖലീലിനെപ്പോലെ നിയമപരമായി അമേരിക്കയില്‍ താമസിക്കുന്ന ഒരു കുറ്റവും ചുമത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികളെ, പലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ നാടുകടത്താന്‍ ഈ വിധിയിലൂടെ കഴിയും.
ഇമിഗ്രേഷന്‍ കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ഖലീലിന് ഏപ്രില്‍ 23 വരെ സമയമുണ്ട്. മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ന്യൂയോര്‍ക്ക് സിറ്റി കാമ്പസിനെ ഇളക്കിമറിച്ച പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഖലീലുമുണ്ടായിരുന്നു. സിറിയയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് വിദ്യാര്‍ത്ഥി ജനിച്ചത്. ആദ്യം അള്‍ജീരിയന്‍ പൗരത്വം നേടി, കഴിഞ്ഞ വര്‍ഷം യുഎസില്‍ നിയമപരമായി സ്ഥിര താമസത്തിനുള്ള അനുമതി ലഭിച്ചു. ഖലീലിന്റെ ഭാര്യ അമേരിക്കന്‍ പൗരയായ ഡോ നൂര്‍ എട്ടു മാസം ഗര്‍ഭിണിയാണ്.












Click it and Unblock the Notifications