ഇറാനെതിരെ വീണ്ടും വ്യോമാക്രമണം; കടുത്ത തീരുമാനങ്ങളുമായി ഡൊണാൾഡ് ട്രംപ്!
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻപ് അമേരിക്ക നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന്റെ തുടർച്ചയായി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണ പദ്ധതികളാണ് പെന്റഗൺ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലാക്കിയ ഹോർമുസ് കടൽപ്പാതയിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും തുടർന്ന് നടന്ന സംഘർഷങ്ങളിലുമാണ് ഇറാൻ ഈ കടൽപ്പാത ഉപരോധിച്ചത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന ഈ പാത അടഞ്ഞുകിടക്കുന്നത് അന്താരാഷ്ട്ര തലത്തിൽ കടുത്ത ഇന്ധന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായിരുന്നു. തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ചർച്ചകൾ മുന്നോട്ട് പോകുന്നത്.

ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കിയത്. ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈന, ഇറാനിലേക്ക് യാതൊരുവിധ സൈനിക സഹായങ്ങളും നൽകില്ലെന്ന് ട്രംപിന് ഉറപ്പുനൽകിയെന്നാണ് അമേരിക്ക പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ സൈനികമായി നേരിടാൻ അമേരിക്ക ഒരുങ്ങുന്നത്.
ഇറാന്റെ അവശേഷിക്കുന്ന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് ഓഫീസുകൾ, പ്രതിരോധ വ്യവസായ ശാലകൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പദ്ധതികൾ പെന്റഗൺ തയാറാക്കിയിരിക്കുന്നത്. നിലവിൽ അമേരിക്കൻ നാവികസേന ഇറാനെ കടലിലൂടെ ഉപരോധിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഈ ഉപരോധം ശക്തമാക്കാനാണ് യുഎസ് തീരുമാനം.
ഇസ്രയേൽ ലെബനനിൽ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിലും, അമേരിക്കൻ ഉപരോധവും കാരണം ഹോർമുസ് കടലിടുക്ക് തുറക്കാൻ തങ്ങൾ തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ ഭരണകൂടം ഇപ്പോഴുമുള്ളത്. എന്നാൽ നയതന്ത്ര ചർച്ചകൾക്ക് താൻ അധികം സമയം നൽകില്ലെന്നും, സമാധാനം പുനഃസ്ഥാപിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്നുമാണ് ഡൊണാൾഡ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. അമേരിക്ക വീണ്ടുമൊരു വ്യോമാക്രമണത്തിന് മുതിർന്നാൽ അത് പശ്ചിമേഷ്യയെ കടുത്ത യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.












Click it and Unblock the Notifications