ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ?
ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനികശേഖരത്തെയും ആഗോള പ്രതിരോധ സന്നദ്ധതയെയും സാരമായി ബാധിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ അത്യാധുനിക മിസൈലുകൾ വൻതോതിൽ ഉപയോഗിക്കുന്നത് യുഎസിന്റെ ആയുധപ്പുരകളിൽ വലിയ കുറവുണ്ടാക്കുന്നതായാണ് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പ്രത്യേകിച്ച് ടോമാഹോക്ക് (Tomahawk) ക്രൂയിസ് മിസൈലുകൾ, പാട്രിയറ്റ് (Patriot) ഇന്റർസെപ്റ്ററുകൾ എന്നിവയുടെ സ്റ്റോക്ക് അതിവേഗം തീരുന്നതായാണ് സൂചന.
പ്രതിരോധത്തിന്റെ ഭീമമായ ചിലവ്
യുദ്ധം ആരംഭിച്ചത് മുതൽ ഇറാൻ ഏകദേശം 1,200 ബാലിസ്റ്റിക് മിസൈലുകളും 4,000-ലധികം ഡ്രോണുകളും തൊടുത്തുവിട്ടതായാണ് കണക്കുകൾ. ഇവയെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും അത്യാധുനിക പ്രതിരോധ മിസൈലുകൾ വൻതോതിൽ ഉപയോഗിക്കേണ്ടി വരുന്നു. സാധാരണയായി ഒരു മിസൈലിനെ തകർക്കാൻ രണ്ട് ഇന്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിക്കുന്ന 'ഷൂട്ട്-ഷൂട്ട്-ലുക്ക്' (shoot-shoot-look) എന്ന രീതിയാണ് സൈന്യം പിന്തുടരുന്നത്. ഇതുവഴി പാട്രിയറ്റ് PAC-3, ജി.ഇ.എം-ടി (GEM-T) തുടങ്ങിയ മിസൈലുകളുടെ ശേഖരം പകുതിയിലധികം കുറഞ്ഞതായി കരുതപ്പെടുന്നു. ഒരു പാട്രിയറ്റ് മിസൈലിന് ഏകദേശം 4 ദശലക്ഷം ഡോളറാണ് വില വരുന്നത് എന്നത് സാമ്പത്തികമായും വലിയ ആഘാതമാണ്.

ഉൽപ്പാദന പരിമിതിയും ആഗോള വെല്ലുവിളികളും
ഓരോ ടോമാഹോക്ക് മിസൈലിനും ഏകദേശം 2 ദശലക്ഷം ഡോളറാണ് ചിലവ്. യുദ്ധത്തിന്റെ ആദ്യ 48 മണിക്കൂറിൽ മാത്രം അമേരിക്ക 5.6 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ ഉപയോഗിച്ചതായാണ് കണക്കാക്കപ്പെടുന്നത്. പ്രതിവർഷം വെറും 100 ടോമാഹോക്ക് മിസൈലുകൾ മാത്രമാണ് നിർമ്മാണ കമ്പനികൾക്ക് പുറത്തിറക്കാൻ സാധിക്കുന്നത്. എന്നാൽ നൂറുകണക്കിന് മിസൈലുകൾ ദിവസങ്ങൾക്കുള്ളിൽ ഉപയോഗിച്ചു തീർക്കുന്നത് ആയുധ വിതരണ ശൃംഖലയെ കനത്ത സമ്മർദ്ദത്തിലാക്കുന്നു. ഈ കുറവ് നികത്താൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ സാഹചര്യം ചൈനയുൾപ്പെടെയുള്ള മറ്റ് ആഗോള ഭീഷണികളെ നേരിടാനുള്ള അമേരിക്കയുടെ കഴിവിനെ ബാധിക്കുമോ എന്ന ആശങ്ക പെന്റഗണിനുണ്ട്. പസഫിക് മേഖലയിൽ ചൈനയുമായി ഒരു സംഘർഷമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകില്ല എന്ന ഭീതി ശക്തമാണ്. ഉക്രെയ്നിലേക്ക് അയക്കേണ്ടിയിരുന്ന ആയുധങ്ങൾ പശ്ചിമേഷ്യയിലേക്ക് വകമാറ്റുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ തങ്ങളുടെ ആയുധപ്പുരകൾ മലനിരകൾക്കുള്ളിലെ ഭൂഗർഭ കേന്ദ്രങ്ങളിൽ അതീവ സുരക്ഷിതമാക്കിയിരിക്കുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇത്തരം ലക്ഷ്യങ്ങളെ തകർക്കാൻ കൂടുതൽ ശക്തിയേറിയ മിസൈലുകൾ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ആയുധ ശേഖരം കുറയുന്നത് യുഎസിന്റെ സൈനിക നയങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതമാക്കിയേക്കാം.












Click it and Unblock the Notifications